24 January 2026, Saturday

ശതകോടീശ്വരൻ ലക്ഷ്മി മിത്തൽ നാടുവിട്ടു

Janayugom Webdesk
ലണ്ടന്‍
November 24, 2025 6:42 pm

ബ്രിട്ടണ്‍ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ വ്യവസായി ലക്ഷ്മി മിത്തൽ നാടുവിട്ടു. യുകെ ലേബര്‍ സർക്കാർ പുതിയ നികുതി അവതരിപ്പിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ നാടുവിടല്‍. മിത്തല്‍ ഇനിമുതല്‍ ദുബൈയില്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ യുഎഇയിലെ നഇയ ദ്വീപിനടുത്ത് അദ്ദേഹം ഭൂമി വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വർഷത്തെ സണ്ടെ ടൈംസ് പത്രത്തി​ന്റെ സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെട്ട മിത്തൽ 15.4 ബില്ല്യൻ പൗണ്ട് ആസ്തിയുമായി ബ്രിട്ടനിൽ എട്ടാം സ്ഥാനത്താണ്. ലോകത്തെ ഏറ്റവും വലിയ ഉരുക്കുനിർമ്മാണ കമ്പനിയായ ആർസലർ മിത്തൽ സ്ഥാപനകനാണ് ലക്ഷ്മി മിത്തൽ. 

ബ്രിട്ടീഷ് സർക്കാർ നേരിടുന്ന 20 ബില്ല്യൻ പൗണ്ടിന്റെ ധനക്കമ്മി പരിഹരിക്കുകയെന്ന ലക്ഷ്യമിട്ടാണ് സമ്പന്നർക്ക് മേൽ നികുതി ചുമത്താനുള്ള നീക്കം. ലേബർ പാർട്ടി കഴിഞ്ഞ വർഷം അധികാരത്തിൽ വന്ന ശേഷം ആദ്യമായി അവതരിപ്പിച്ച ബജറ്റിൽ ഓഹരി അടക്കമുള്ള മൂലധന നേട്ടങ്ങൾക്ക് നികുതി വർധിപ്പിച്ചിരുന്നു. സംരഭം വിൽക്കുന്നവർക്ക് നൽകിയിരുന്ന നികുതിയിളവ് കുറച്ചു. കുടുംബ ബിസിനസ് ഏറ്റെടുക്കുന്നവർക്കുമേൽ കൂടുതൽ അനന്തരാവകാശ നികുതിയും ചുമത്തി. 40% വരെ അനന്തരാവകാശ നികുതിയാണ് യുകെ ചുമത്തുന്നത്. 

പുതിയ ബജറ്റിൽ യുകെ വിടുന്നവർക്കുമേൽ 20% എക്സിറ്റ് ടാക്സ് ചുമത്താൻ അടക്കം പദ്ധതിയുണ്ടെന്ന അഭ്യൂഹം സമ്പന്നർക്കിടയിൽ ആശങ്കക്കിടയാക്കിയിരുന്നു. പ്രശ്നം അനന്തരാവകാശ നികുതിയാണെന്ന് മിത്തലിന്റെ സഹായി ​പറഞ്ഞു. വരുമാനത്തിനുമേലോ മൂലധന നേട്ടത്തിനുമേലോ അല്ല അനന്തരാവകാശ നികുതി ചുമത്തുന്നത്. ലോകമെമ്പാടുമുള്ള മുഴുവൻ ആസ്തികൾക്കും യുകെയിൽ അനന്തരാവകാശ നികുതി നൽകേണ്ടി വരുന്നതിന്റെ കാരണം പല സമ്പന്നർക്കും മനസ്സിലാകുന്നില്ല. അതുകൊണ്ട് നാടുവിടുകയല്ലാതെ മറ്റു മാർഗമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.