ബില്‍ക്കീസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സര്‍ക്കാരിനെതിരെ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി.
ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്പ് വിട്ടയച്ചത് ചോദ്യം ചെയ്തുള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന നിരവധി പരാമര്‍ശങ്ങള്‍ കോടതി നടത്തി. കോടതി പരാമര്‍ശങ്ങള്‍ ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹര്‍ജിയുമായാണ് ഗുജറാത്ത് സര്‍ക്കാര്‍ പരമോന്നത കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്വല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഹര്‍ജികള്‍ നിരാകരിച്ചു. കേസിലെ പ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികളും കോടതി തള്ളി.
ഗോധ്ര കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിന് ഇരയാവുകയും കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിലെ ഇരയായ ബില്‍ക്കീസ് ബാനുവിന്റെ കേസ് രാജ്യം ശ്രദ്ധിച്ച നിയമപോരാട്ടങ്ങളിലൊന്നാണ്. കേസിലെ 11 പ്രതികള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകും മുന്നേ ശിക്ഷയില്‍ ഇളവ് അനുവദിച്ച് തീരുമാനമെടുത്തു. ജീവപര്യന്തം ശിക്ഷ ലഭിച്ചവര്‍ക്കാണ് സര്‍ക്കാര്‍ ശിക്ഷാ ഇളവ് അനുവദിച്ചത്. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സര്‍ക്കാര്‍ അനുവദിച്ച ശിക്ഷാ ഇളവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവില്‍ കുറ്റവാളികള്‍ക്കുവേണ്ടി ഗുജറാത്ത് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു എന്നതടക്കമുള്ള കോടതി പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരുന്നത്.
അതേസമയം ഗോധ്ര ട്രെയിന്‍ കത്തിക്കലുമായി ബന്ധപ്പെട്ട അപ്പീല്‍ ഹര്‍ജികളില്‍ അടുത്ത ജനുവരി മൂന്നാം വാരം സുപ്രീം കോടതി അന്തിമവാദം കേള്‍ക്കും. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, രാജേഷ് ബിണ്ടാല്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് ജനുവരിയിലേക്ക് മാറ്റിയത്. 2018 മുതല്‍ അപ്പീല്‍ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹര്‍ജികള്‍ ഇനി മാറ്റിവയ്ക്കില്ലെന്നും ഇന്നലെ ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ച് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.