25 January 2026, Sunday

ബിന്‍ ലാദന്‍ സ്ത്രീവേഷത്തില്‍ രക്ഷപ്പെട്ടു; വെളിപ്പെടുത്തലുമായി സിഐഐ മുന്‍ ഉദ്യോഗസ്ഥന്‍

Janayugom Webdesk
ന്യൂയോര്‍ക്ക്
October 25, 2025 9:21 pm

അമേരിക്കയെ നിശ്ചലമാക്കിയ 9/11 ആക്രമണത്തിന് ശേഷം അല്‍ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദനെ കീഴടക്കിയതിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി സിഐഐ മുന്‍ ഉദ്യോഗസ്ഥന്‍ ജോണ്‍ കിരിയാക്കോ. യു എസ് ആക്രമണത്തിനിടെ കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ടോറ ബോറ കുന്നുകളില്‍ നിന്നും പാകിസ്ഥാനിലേക്ക് രക്ഷപ്പെടാനായി ബിന്‍ ലാദന്‍ സ്ത്രീ വേഷം ധരിച്ചുവെന്ന് ജോണ്‍ കിരിയാക്കോ എഎന്‍ഐയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. അല്‍ഖ്വയ്ദ അംഗമായിരുന്നൊരു തീവ്രവാദി സെന്‍ട്രല്‍ കമാന്‍ഡില്‍ നുഴഞ്ഞുകയറിയതിനെ കുറിച്ചും കിരിയാക്കോ വെളിപ്പെടുത്തി. പാകിസ്ഥാനിലെയും അഫ്ഗാനിലെയും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്ന യു എസ് സെന്‍ട്രല്‍ കമാന്റിലെ കമാന്‍ഡറുടെ വിവര്‍ത്തകനായി നിയോഗിക്കപ്പെട്ടയാള്‍ യഥാര്‍ത്ഥത്തില്‍ ഒരു അല്‍ഖ്വയ്ദ അംഗമായിരുന്നു. അക്കാര്യം തിരിച്ചറിഞ്ഞില്ലെന്നും അതാണ് ബിന്‍ ലാദന്‍ കടന്നുകളയാന്‍ ഇടയാക്കിയതെന്നും കിരിയാക്കോ പറഞ്ഞു. 

2001 സെപ്റ്റംബറില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ആക്രമണത്തിന് ശേഷം അല്‍ഖ്വയ്ദയ്‌ക്കെതിരെ ഒരു മാസത്തോളം യുഎസ് നടപടികളുണ്ടായില്ല. ഇത് മനപൂര്‍വമായിരുന്നെന്നും അവസരത്തിനായി കാത്തിരിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നീട് ഒക്ടോബറില്‍ പ്രമുഖമായ അല്‍ഖ്വയ്ദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. ഒസാമ ബിന്‍ലാദനും മറ്റ് അല്‍ഖ്വയ്ദ നേതാക്കളും അഫ്ഗാനിലെ ടോറ ബോറയിലുണ്ടെന്ന് വ്യക്തമായതോടെ അവിടം വളഞ്ഞു. അന്ന് സെന്‍ട്രല്‍ കമാന്‍ഡിനൊപ്പമുണ്ടായിരുന്ന വിവര്‍ത്തകന്‍ വഴി ബിന്‍ ലാദന്‍ വിവരമറിഞ്ഞു. ടോറ ബോറ മലയില്‍ നിന്നും ഇറങ്ങാന്‍ യുഎസ് കമാന്‍ഡര്‍ ആവശ്യപ്പെട്ടപ്പോള്‍ സ്ത്രീകളേയും കുട്ടികളേയും ഒഴിപ്പിക്കാന്‍ സാവകാശം ചോദിച്ചു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഈ സമയം ബിന്‍ ലാദന്‍ സ്ത്രീ വേഷം ധരിച്ച് ഇരുട്ടിന്റെ മറവില്‍ ട്രക്കില്‍ കയറി പാകിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. പാകിസ്ഥാനിലേക്ക് അല്‍ഖ്വയിദ തീവ്രവാദികള്‍ കടന്നതോടെ യുദ്ധം അവിടേക്ക് മാറ്റേണ്ടി വന്നെന്നും കിരിയാക്കോ പറഞ്ഞു. 15 വര്‍ഷത്തോളം സിഐഎയില്‍ സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കിരിയാക്കോ. പാകിസ്ഥാനിലെ സിഐഎയുടെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തലവനുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.