7 July 2024, Sunday
KSFE Galaxy Chits

Related news

July 3, 2024
July 3, 2024
July 2, 2024
July 1, 2024
June 18, 2024
June 10, 2024
June 10, 2024
May 31, 2024
May 27, 2024
May 16, 2024

ബിനോയ് വിശ്വം രാജ്യസഭാംഗത്വം ഒഴിഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
July 1, 2024 10:04 pm

സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവും സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം കാലാവധി പൂര്‍ത്തിയാക്കി രാജ്യസഭാംഗത്വം ഒഴിഞ്ഞു. രണ്ട് തവണ നിയമസഭാംഗവും 2006ലെ എല്‍ഡിഎഫ് സര്‍ക്കാരില്‍ വനം — ഭവന വകുപ്പ് മന്ത്രിയുമായി മികച്ച പാര്‍ലമെന്റേറിയനെന്ന് അടയാളപ്പെടുത്തിയ ബിനോയ് വിശ്വം ആറുവര്‍ഷ രാജ്യസഭാംഗത്വ കാലയളവിലും ആ മികവ് ആവര്‍ത്തിച്ചു.

തൊഴിലാളികള്‍, കര്‍ഷകര്‍, വനിതകള്‍, വിദ്യാര്‍ത്ഥി — യുവജനങ്ങള്‍, പാര്‍ശ്വല്‍കൃത സമൂഹങ്ങള്‍ എന്നിങ്ങനെ എല്ലാ ജനവിഭാഗങ്ങളുടെയും വിഷയങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന അദ്ദേഹം 450ഓളം ചോദ്യങ്ങളാണ് ഉന്നയിച്ചത്. ഇത് ദേശീയ‑സംസ്ഥാന ശരാശരിക്ക് മുകളിലാണ്. സമാനമായി സഭയില്‍ ഹാജരായതിന്റെ കണക്കിലും അദ്ദേഹം മുന്നില്‍തന്നെ. 320 തവണ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു. 

തൊഴില്‍ സുരക്ഷ, സാമൂഹ്യ സുരക്ഷ, ഗിഗ് തൊഴിലാളികളുടെ അവകാശങ്ങള്‍, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തല്‍ എന്നിങ്ങനെ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വനവാസികളുടെ അവകാശങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി നിയമങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍, ആദിവാസി — ദളിത്- ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്കോളര്‍ ഷിപ്പുകള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ അദ്ദേഹം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്ന യുഎപിഎ, എന്‍ഐഎ, വിവരാവകാശ നിയമ ഭേദഗതികള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത ബിനോയ് വിശ്വം ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്ന കേന്ദ്ര നിലപാടുകളെയും തുറന്നെതിര്‍ത്തു. മിനിമം കൂലി നിയമം, ഭഗത് സിങ്ങിന്റെ പേരില്‍ നഗര തൊഴിലുറപ്പ് പദ്ധതി എന്നിവയ്ക്കായുള്ള സ്വകാര്യ ബില്ലുകളും അദ്ദേഹം അവതരിപ്പിച്ചു. 

ഉത്സവ വേളകളില്‍ കേരളത്തിന് കൂടുതല്‍ തീവണ്ടികള്‍, ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷയ്ക്കായി നിയമനിര്‍മ്മാണം, കേരളത്തിന് കൂടുതല്‍ ഭക്ഷ്യധാന്യ വിഹിതം അനുവദിക്കുക, കേന്ദ്ര സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച് സ്വതന്ത്ര ഓഡിറ്റ് തുടങ്ങി 12 പ്രശ്നങ്ങള്‍ പ്രത്യേക പരാമര്‍ശത്തിലൂടെയും സഭയുടെ മുന്നിലെത്തിച്ചു. എംപിമാര്‍ക്കുള്ള പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കുന്നതിലും അദ്ദേഹം മുന്നിട്ടുനിന്നു. 

ENGLISH SUMMARY ;Binoy Viswam resigns from Rajya Sabha
YOU MAY ALSO LIKE THIS VIDEO 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.