24 January 2026, Saturday

ആഞ്ഞടിച്ച് ബിപോര്‍ജോയ്; ഗുജറാത്ത് തീരംതൊട്ടു

Janayugom Webdesk
അഹമ്മദാബാദ്
June 15, 2023 11:05 pm

അതിതീവ്ര ചുഴലിക്കാറ്റായ ബിപോര്‍ജോയ് ഗുജറാത്ത് തീരംതൊട്ടു. സൗരാഷ്ട്ര‑കച്ച് തീരങ്ങളിലും മാണ്ഡവി-കറാച്ചി പ്രദേശത്തിനിടയിലുള്ള പാകിസ്ഥാന്‍ തീരത്തുമാണ് ബിപോര്‍ജോയ് ആദ്യം എത്തിയത്. കരയിലേക്ക് അടുത്തപ്പോള്‍ ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറിൽ 120 കിലോമീറ്ററിൽനിന്ന് 100ലെത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ തീരദേശ ജില്ലകളിൽ ശക്തമായ കാറ്റും മഴയും റിപ്പോര്‍ട്ട് ചെയ്തു.

ഗുജറാത്തിന്റെ തീര മേഖലയിലുള്ള എട്ട് ജില്ലകളിലെ 120 ​ഗ്രാമങ്ങളിൽ കാറ്റ് കനത്ത നാശമുണ്ടാക്കി. മൂന്ന് സൈനിക വിഭാ​ഗങ്ങളും സർവസജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. തീരത്ത് ശക്തമായ കാറ്റും കടല്‍ക്ഷോഭവുമായിരുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പലയിടങ്ങളിലും വൈദ്യുതി ബന്ധം തടസപ്പെട്ടു. 76 ട്രെയിന്‍ സര്‍വീസുകൾ പൂര്‍ണമായും 67 എണ്ണം ഭാഗികമായും റദ്ദാക്കി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തീരദേശ ജില്ലകളിൽനിന്ന് ഒരു ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.

ദേശീയ ദുരന്ത നിവാരണ സേനയുടെ 18, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെ വീതം സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് 15 കപ്പലുകളും ഏഴ് വിമാനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കി നിര്‍ത്തി. ഗുജറാത്ത് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തുറമുഖങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. മുംബൈയില്‍ കനത്ത മഴയും ഉയര്‍ന്ന തിരമാലകളുമുണ്ടായി.

Eng­lish Sum­ma­ry: bipar­joy cyclone touches-gujarat
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.