22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 3, 2024
November 30, 2024
November 23, 2024
November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024
November 17, 2024

മണിപ്പൂരില്‍ വീണ്ടും വിഭാഗീയ നീക്കവുമായി ബിജെപി

Janayugom Webdesk
ഇംഫാല്‍
May 14, 2024 5:29 pm

മണിപ്പൂരില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താനുള്ള നടപടികള്‍ക്ക് പകരം ഗോത്രവിഭാഗങ്ങളെ കൂടുതല്‍ അകറ്റി സ്ഥിതിഗതികള്‍ വീണ്ടും വഷളാക്കാന്‍ ബിജെപി സര്‍ക്കാരിന്റെ നീക്കം. മ്യാന്മര്‍ അതിര്‍ത്തി കടന്നുവരുന്ന അനധികൃത കുടിയേറ്റക്കാരെ നിയമപരമായി നാടുകടത്തുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് പറഞ്ഞത് ഇതിന്റെ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു. കുക്കി ഗോത്രവിഭാഗക്കാര്‍ കുടിയേറ്റക്കാരെ സംരക്ഷിക്കുന്നെന്നും ഇവരെ നാടുകടത്തണെന്നുമുള്ള മെയ്തി വിഭാഗക്കാരുടെ ആവശ്യം ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. അനധികൃത കുടിയേറ്റം പരിശോധിക്കുന്നതിനായി മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്ന ഉഖ്രുള്‍, കാംജോങ്, ടെങോപാല്‍, ചന്ദേല്‍, ചുരാചന്ദ്പൂര്‍ എന്നീ ജില്ലകളില്‍ സര്‍ക്കാര്‍ നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചു. കലാപത്തിന് ശേഷം രൂപപ്പെട്ട താമസസ്ഥലങ്ങളിലും സംശയമുള്ള മേഖലകളിലും നോഡല്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. അനധികൃത കുടിയേറ്റക്കാരുടെ വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കും. ഇവയും ഫോട്ടോകളും വീഡിയോകളും വിദേശകാര്യമന്ത്രാലയത്തിന് കീഴിലുള്ള തിരിച്ചറിയല്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യും. ഇതിനൊപ്പം ആഴ്ചതോറുമുള്ള റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കുമെന്ന് മേയ് 11ന് മണിപ്പൂര്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 

ഉദ്യോഗസ്ഥരുടെയും മറ്റ് സേവനങ്ങളുടെയും ആവശ്യം വേണ്ടഘട്ടത്തില്‍ നല്‍കണമെന്ന് അഞ്ച് ജില്ലകളിലെ കളക്ടര്‍മാര്‍ക്കും എസ്‌പിമാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കാംജോങ് ജില്ലയില്‍ നിന്ന് 5,801 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയെന്നും അതില്‍ 359 പേരെ അതിര്‍ത്തി കടത്തിയെന്നും മുഖ്യമന്ത്രി പറയുന്നു. ബാക്കിയുള്ളവരെ എട്ട് ഗ്രാമങ്ങളിലുള്ള പ്രത്യേക ഷെല്‍ട്ടറുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഇതില്‍ 5,173 പേരെ നാട് കടത്തുന്നതിനായി ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അനധികൃത കുടിയേറ്റം കാരണം 996 ഗ്രാമങ്ങള്‍ രൂപപ്പെട്ടെന്നും ഇതിന്റെ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടെങ്കിലും അനധികൃതമായി രാജ്യത്തേക്ക് എത്തിയവരെയെല്ലാം നിയമപരമായി പുറത്താക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയും മ്യാന്മറും തമ്മില്‍ 398 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ടെങ്കിലും 10 കിലോമീറ്ററില്‍ മാത്രമാണ് അതിര്‍ത്തി വേര്‍തിരിച്ചിട്ടുള്ളത്. ചിന്‍-കുക്കി വിഭാഗത്തില്‍പ്പെട്ടവരുടെ നിയമവിരുദ്ധമായ കുടിയേറ്റം തങ്ങളുടെ അസ്തിത്വത്തിന് ഭീഷണിയാണെന്ന് മെയ്തി വിഭാഗക്കാരുടെ സംഘടന അവകാശപ്പെടുന്നു. കുക്കി-സോ വിഭാഗവും മ്യാന്മറിലെ ചൈന്‍സ് വിഭാഗവുമായി വംശീയ ബന്ധമുണ്ട്. ഇതാണ് മെയ്തി വിഭാഗക്കാരെ ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ മേയില്‍ സംസ്ഥാനത്ത് ആരംഭിച്ച വംശീയ കലാപത്തില്‍ അനധികൃത കുടിയേറ്റക്കാരുമുണ്ടെന്ന് അവര്‍ ആരോപിക്കുന്നു. 

മുഖ്യമന്ത്രി ബിരേന്‍ സിങ് മെയ്തി വിഭാഗക്കാരനായതുകൊണ്ടാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്ന ആക്ഷേപവുമുണ്ട്. കുക്കി സോ വിഭാഗങ്ങളെ ലക്ഷ്യം വച്ച് മെയ്തി വിഭാഗം പടച്ചുവിടുന്ന വ്യാജ പ്രചരണമാണ് അനധികൃത കുടിയേറ്റമെന്ന് കുക്കി സംഘടനകള്‍ ആരോപിക്കുന്നു. കലാപം അടങ്ങിയിട്ടും ഇരു വിഭാഗങ്ങളും തമ്മിലുള്ള അടി ഇതുവരെ അവസാനിച്ചിട്ടില്ലെന്നാണ് ഇവരുടെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്. രണ്ടുകൂട്ടരെയും ഒരു പോലെ മുന്നോട്ട് കൊണ്ടുപോകേണ്ട ബിജെപി സര്‍ക്കാരാകട്ടെ മെയ്തി വിഭാഗത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. 

Eng­lish Sum­ma­ry: BJP again with sec­tar­i­an move­ment in Manipur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.