19 December 2024, Thursday
KSFE Galaxy Chits Banner 2

നാണം കെടുത്തരുത് രാജ്യത്തെ

Janayugom Webdesk
October 21, 2022 5:00 am

2014ൽ നരേന്ദ്ര മോഡി അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള പീഡനങ്ങളും വിദ്വേഷ പ്രചരണങ്ങളും വർധിക്കുകയും മനുഷ്യാവകാശം ലംഘിക്കപ്പെടുകയുമാണെന്നത് രാജ്യത്തിനകത്തും പുറത്തും തുടര്‍ചര്‍ച്ചയാണ്. ഇതുസംബന്ധിച്ച ആഭ്യന്തര-അന്താരാഷ്ട്ര ഏജന്‍സികളുടെ ഒട്ടേറെ റിപ്പോര്‍ട്ടുകളും തുടര്‍ച്ചയായി പുറത്തുവരുന്നു. എന്നാല്‍ അതെല്ലാം അശാസ്ത്രീയമെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് മോഡി ഭരണകൂടം. രാജ്യത്ത് വര്‍ധിക്കുന്ന പട്ടിണി, തൊഴിലില്ലായ്മ, അടിച്ചമര്‍ത്തപ്പെടുന്ന പൗര സ്വാതന്ത്ര്യം എന്നിവയെ കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടുകളെ പോലും വ്യാജകണക്കുകളിലൂടെ തമസ്കരിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. കോവിഡ് മരണം പോലും മറച്ചുവയ്ക്കാന്‍ ശ്രമിച്ചതിന് ലോകാരോഗ്യ സംഘടനയുടെ വിമര്‍ശനം ഏറ്റുവാങ്ങി ഇന്ത്യയെ ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ മോഡിഭരണകൂടം നാണംകെടുത്തി. ഒടുവിലിതാ സ്വന്തം തട്ടകത്തിലെത്തി ‘നിങ്ങള്‍ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കുകയും രാജ്യത്തിന്റെ വെെവിധ്യം അംഗീകരിക്കുകയും ചെയ്യണ’മെന്ന് കേന്ദ്ര ഭരണകൂടത്തോട് മുഖത്ത് നോക്കി പറഞ്ഞിരിക്കുകയാണ് ഐക്യരാഷ്ട്ര സഭാ മേധാവി അന്റോണിയോ ഗുട്ടറസ്.


ഇതുകൂടി വായിക്കു; പട്ടിണി രാജ്യമാകുന്ന ഇന്ത്യ | Janayugom Editorial


രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഐക്യരാഷ്ട്ര സഭാ മേധാവി, മുംബെെയില്‍ ഐഐടി വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടെയാണ് കേന്ദ്ര ഭരണത്തെ നിശിതമായി വിമര്‍ശിച്ചത്. ‘മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള പീഡനങ്ങള്‍ വർധിച്ചതും വിമർശകരെയും മാധ്യമപ്രവർത്തകരെയും പീഡിപ്പിക്കുന്നതും അവസാനിപ്പിക്കണം. വൈവിധ്യമാണ് രാജ്യത്തിന്റെ സമ്പത്ത്. അത് പരിപോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും പുതുക്കുകയും വേണം. മാധ്യമ പ്രവർത്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും അക്കാദമിക് വിദഗ്ധരുടെയും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കപ്പെടുന്നതോടൊപ്പം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഉറപ്പാക്കണം’ എന്നാണ് യുഎന്‍ മേധാവി ഓര്‍മ്മിപ്പിച്ചത്. ആഗോളതലത്തിൽ ഇന്ത്യയുടെ വാക്കുകള്‍ക്ക് വിശ്വാസ്യത നേടാനാകുന്നത് സ്വദേശത്തെ മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണെന്നും ഗുട്ടറസ് ഓര്‍മ്മിപ്പിച്ചു. യുഎന്‍ മേധാവിയുടെ വിമര്‍ശനം കേന്ദ്രഭരണകൂടം ഏറ്റുവാങ്ങുന്ന ദിവസം തന്നെയാണ് കശ്മീരില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തക സന ഇർഷാദ് മട്ടൂവിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ വാര്‍ത്ത പുറത്തു വന്നത്. പുലിറ്റ്സര്‍ ജേതാവായ സന പുരസ്കാരം ഏറ്റുവാങ്ങാൻ പോകുന്നതിനിടെ ന്യൂഡൽഹി വിമാനത്താവളത്തില്‍ തടയുകയായിരുന്നു. ഇതും അന്താരാഷ്ട്രതലത്തില്‍ ഇന്ത്യക്കെതിരെ ശക്തമായ വികാരമാണുണ്ടാക്കിയിരിക്കുന്നത്. സംഭവം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. ‘മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഉൾപ്പെടെ ജനാധിപത്യ മൂല്യങ്ങളോടുള്ള ഇടപെടല്‍ യുഎസ്-ഇന്ത്യ ബന്ധത്തിന്റെ അടിത്തറയാണ്, എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ‘കശ്മീരിലെ സ്ഥിതിഗതികൾ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് നേരെയുള്ള എല്ലാത്തരം അക്രമവും ഭീഷണിയും ഇന്ത്യൻ ഭരണകൂടം അവസാനിപ്പിക്കണം’ എന്നാണ് മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള സമിതിയായ കമ്മിറ്റി ടു പ്രൊട്ടക്ടീവ് ജേര്‍ണലിസ്റ്റ്സിന്റെ ഏഷ്യാ പ്രോഗ്രാം കോർഡിനേറ്റർ ബെഹ് ലിഹ്‍യി ആവശ്യപ്പെട്ടത്.


ഇതുകൂടി വായിക്കു; സംഘ്കാലത്തെ നീതിപീഠങ്ങള്‍ | JANAYUGOM EDITORIAL


 

ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങള്‍ ചിത്രീകരിച്ചതിന് ഫീച്ചർ ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്‌സർ സമ്മാനം നേടിയ റോയിട്ടേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു സന ഇർഷാദ് മട്ടൂ. കോവിഡ് കാലത്തെ തെറ്റായ നയങ്ങളും തീരുമാനങ്ങളും മൂലം ജനങ്ങള്‍ക്കുണ്ടായ ദുരിതവും രാജ്യത്തെ കോവിഡ് മരണനിരക്കും മറച്ചുവയ്ക്കാനുള്ള കേന്ദ്രഭരണകൂടത്തിന്റെ ശ്രമങ്ങള്‍ പലതവണ പ്രതിപക്ഷവും മാധ്യമങ്ങളും തുറന്നുകാട്ടിയിരുന്നതാണ്. ഇവിടെ കോവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം 49 ലക്ഷത്തോളം വരുമെന്ന് വാഷിങ്ടൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്മെന്റ് നടത്തിയ പഠനം വെളിപ്പെടുത്തിയിരുന്നു. 2020 ജനുവരി മുതൽ 2021 ഡിസംബർ വരെ ഇന്ത്യയിൽ 47 ലക്ഷം പേർ കോവിഡിനിരയായെന്നാണ് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയത്. വിവരങ്ങൾ പൂർണമായും കൈമാറാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെന്നും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാലയളവിൽ കോവിഡ് മരണം 4.81 ലക്ഷം മാത്രമാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം.

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പാകിസ്ഥാനും പിന്നിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. 121 രാജ്യങ്ങളിൽ 107-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 101-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പട്ടിണി സൂചിക തയാറാക്കുന്ന രീതി അശാസ്ത്രീയമെന്ന് പറഞ്ഞ് പതിവുപോലെ റിപ്പോർട്ടിനെ കുറ്റപ്പെടുത്തുകയായിരുന്നു കേന്ദ്രസർക്കാർ. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ പൗരന്മാർക്ക് സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങൾ നൽകുന്നതിൽ ഇന്ത്യയുടെ പ്രകടനം ശരാശരിയേക്കാൾ താഴെയാണെന്ന് ജൂണില്‍ ആഗോള സംഘടനയായ ഹ്യൂമൻ റൈറ്റ്സ് മെഷർമെന്റ് ഇനിഷ്യേറ്റീവ് ചൂണ്ടിക്കാട്ടിയിരുന്നു. 2022‑ൽ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പ്രസിദ്ധീകരിച്ച പ്രസ് ഫ്രീഡം ഇൻഡക്‌സിൽ 180 രാജ്യങ്ങളിൽ 150-ാം സ്ഥാനത്താണ് ഇന്ത്യ.
ഈ സാഹചര്യങ്ങളില്‍ വേണം ‘ജാഗരൂകരായിരിക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്ന, ബഹുസ്വരതയുള്ള, വൈവിധ്യമാർന്ന സമൂഹമെന്ന നിലയിലേക്കുള്ള കരുതല്‍ വർധിപ്പിക്കാനു‘മുള്ള ഗുട്ടറസിന്റെ അഭ്യർത്ഥനയെ കാണാന്‍. ആഗോളതലത്തില്‍ നമ്മുടെ ശബ്ദത്തിന് വിശ്വാസ്യത നേടാനാകുന്നത് സ്വദേശത്തെ മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന ഓര്‍മ്മപ്പെടുത്തല്‍ പുറമേനിന്നു കേള്‍ക്കേണ്ടി വരുന്നത് രാജ്യത്തിന് നാണക്കേടാണ്, ഭരണകൂടത്തിന്റെ കൊള്ളരുതായ്മയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.