14 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 13, 2025
March 12, 2025
March 11, 2025
March 10, 2025
March 6, 2025
March 5, 2025
March 4, 2025
March 4, 2025
March 3, 2025
March 2, 2025

തെരഞ്ഞെടുപ്പ് കാലത്തെ കേന്ദ്ര റിപ്പോര്‍ട്ടുകള്‍

Janayugom Webdesk
November 14, 2023 5:00 am

ഇന്ത്യയുടെ സ്ഥാനം എല്ലാ മേഖലകളിലും പിറകോട്ടാണെന്ന് ആഗോളതലത്തില്‍ പുറത്തുവരുന്ന സൂചികകള്‍ അടിവരയിടുന്ന ഘട്ടത്തിലാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി പുതിയ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ വലിയ മുന്നേറ്റത്തിലാണ് എന്ന് സ്ഥാപിക്കുന്ന കണക്കുകളും റിപ്പോര്‍ട്ടുകളും ആവര്‍ത്തിച്ച് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വസ്തുതാപരമായി കാര്യങ്ങളും കണക്കുകളും അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവയ്ക്കുകയോ പുറത്തുവിടുന്നത് തടയുകയോ ചെയ്തവരാണ് കേന്ദ്ര സര്‍ക്കാര്‍. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയിലെ തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുന്നു എന്ന സാമ്പിള്‍ സര്‍വേ ഓഫിസി (എസ്എസ്ഒ) ന്റെ റിപ്പോര്‍ട്ട് പൂഴ്ത്തുന്നതിന് നിര്‍ബന്ധിച്ചതും അതേത്തുടര്‍ന്ന് പ്രമുഖരായ രണ്ട് ഉദ്യോഗസ്ഥര്‍ സ്ഥാനമുപേക്ഷിച്ചതും വലിയ വാര്‍ത്തയായിരുന്നു. അതിന്റെ ഫലമായി കേന്ദ്ര സര്‍ക്കാരിന്റെ ആധികാരിക സ്ഥിതി വിവരക്കണക്കുകള്‍ പിന്നീട് പുറത്തുവരാതായി. ഈ സാഹചര്യത്തില്‍ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) തുടങ്ങിയ സ്വതന്ത്ര സര്‍ക്കാരിതര ഏജന്‍സികളുടെ കണക്കുകളാണ് ആശ്രയമായിട്ടുള്ളത്. എന്നുമാത്രമല്ല സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിടുന്നുമില്ല. സിഎംഐഇ പോലുള്ള സംഘടനകളുടെ കണക്കുകള്‍ തങ്ങള്‍ക്കെതിരാണെങ്കില്‍ അത് വസ്തുതാപരമല്ലെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമല്ലെന്നും സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കാറുള്ളത്. അതേസമയം തങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ മൗനം പാലിക്കുകയും ആവശ്യമായ ഘട്ടത്തില്‍ അവ ഉദ്ധരിക്കുന്നതിന് മടി കാട്ടാറുമില്ല.

അതേ സര്‍ക്കാരാണ് ഇപ്പോള്‍ വളര്‍ച്ച നേടിയെന്ന അവകാശവാദം സ്ഥാപിക്കുന്നതിനുള്ള റിപ്പോര്‍ട്ടുകള്‍ ധൃതിപിടിച്ച് വിവിധ മന്ത്രാലയങ്ങളെക്കൊണ്ട് പടച്ചുവിടുന്നത്. എല്ലാ രംഗത്തും മുന്നേറ്റമാണ് നേടിയതെന്നാണ് അത്തരം റിപ്പോര്‍ട്ടുകളുടെയെല്ലാം കാതലെങ്കിലും ആഴത്തില്‍ പരിശോധിച്ചാല്‍ അത് വാസ്തവ വിരുദ്ധമാണെന്ന് തെളിയിക്കുവാനുള്ള വകകള്‍ അതിലെല്ലാം ഉള്‍ക്കൊള്ളുന്നുണ്ട്. അതിലൊന്നാണ് കേന്ദ്ര ധനവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ട്. അതനുസരിച്ച് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര വളര്‍ച്ച 6.5 ശതമാനമാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. അതിന് ഉപോല്‍ബലകമാകുന്ന ചില കണക്കുകളും ഉദ്ധരിച്ചിട്ടുണ്ട്. ഇതിന് പ്രധാനമായി ആശ്രയിക്കുന്ന എല്ലാ കണക്കുകളും ഇടത്തരവും അതിന് മുകളിലുമുള്ള തട്ടുകളിലെ — അതിസമ്പന്നരുടെ — സാമ്പത്തിക സ്ഥിതിയും വളര്‍ച്ചയും പരിഗണിച്ചാണെന്ന് യഥാര്‍ത്ഥ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്. ചരക്കു സേവന നികുതി വരുമാനത്തില്‍ വലിയ വര്‍ധനയാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട നികുതി വിഹിതം വെട്ടിക്കുറച്ചും തോതില്‍ കുറവ് വരുത്തിയുമാണ് ഈ നേട്ടം കൈവരിച്ചതെന്ന വസ്തുത പക്ഷേ മറച്ചുവയ്ക്കുന്നു. മറ്റൊന്ന് കാര്‍, വാഹന വില്പനയിലുണ്ടായ വര്‍ധനയാണ്. ഈ മാനദണ്ഡങ്ങളാണ് രാജ്യത്തിന്റെ വളര്‍ച്ചാക്കണക്ക് സ്ഥാപിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ വലിയ വിടവാണ് ജനസംഖ്യയിലെ വലിയ ശതമാനവും ചുരുങ്ങിയ ശതമാനം വരുന്ന സമ്പന്ന വിഭാഗവും തമ്മില്‍ നിലനില്‍ക്കുന്നത് എന്ന് ഒട്ടുമിക്ക സാമ്പത്തിക വിദഗ്ധരും സമ്മതിക്കുന്ന കാര്യമാണ്.


ഇതുകൂടി വായിക്കൂ: ആഗോള വിശപ്പ് സൂചിക തുറന്നുകാട്ടുന്നത് വികൃതമുഖം


ഇന്ത്യയുടെ ജിഡിപി നന്നായി വളരുകയാണ്, പക്ഷേ അതെല്ലാം മുകളിലേക്കാണ് പോകുന്നത്, ഇത് തിരുത്തണമെന്ന് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു പറയുന്നത് അതുകൊണ്ടാണ്. ലോകത്തിൽ വിലയിരുത്തലിന് വിധേയമാകുന്ന വരുമാനത്തിലും സമ്പത്തിലും അസമത്വത്തിലും ഏറ്റവും തീവ്രമായ വർധനയാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണം 2026 ഓടെ ഇരട്ടിയായി ഉയരുമെന്നതാണ് വളർച്ചയുടെ തെളിവായി എടുത്തുകാട്ടുന്നത് എന്നതുതന്നെ അസമത്വത്തെ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന ഉദാഹരണമാണ്. ഗ്രാമീണ വിപണികളിലെ വേതനവും ഉപഭോഗവും നിശ്ചലമായതിനാൽ അടിസ്ഥാന ജനവിഭാഗങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത് എന്ന യാഥാര്‍ത്ഥ്യം മറച്ചുപിടിച്ചാണ് ഈ വളര്‍ച്ചാക്കണക്കുകള്‍ അവതരിപ്പിക്കുന്നത്. അതുപോലെ തന്നെയാണ് രാജ്യത്തെ തൊഴിലില്ലായ്‌മയുടെയും കാര്യം. വിവിധ കണക്കുകള്‍ പൊലിപ്പിച്ചുപറഞ്ഞ് കേന്ദ്രം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത് തൊഴിലില്ലായ്മാ നിരക്ക് കുറയുന്നുവെന്നാണ്. പ്രധാനമന്ത്രി നേരിട്ട് നടത്തുന്ന റോസ്ഗാര്‍ മേളകള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍, ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ എന്നിവയുടെ എണ്ണം ഉയര്‍ത്തിക്കാട്ടിയാണ് പുതിയ തൊഴില്‍ലഭ്യതയുടെയും തൊഴിലില്ലായ്മ കുറഞ്ഞതിന്റെയും കണക്കുകള്‍ അവതരിപ്പിക്കാറുള്ളത്. എന്നാല്‍ സിഎംഐഇയുടെ 2023 ഒക്ടോബറിലെ റിപ്പോര്‍ട്ട് പ്രകാരം തൊഴിലില്ലായ്മാ നിരക്ക് 10.05 ശതമാനമാണ്. ഗ്രാമങ്ങളില്‍ 10.82, നഗരങ്ങളില്‍ 8.44 ശതമാനവുമാണ് തൊഴിലില്ലായ്മാ നിരക്ക്. ഈ അവസ്ഥയുള്ളപ്പോഴാണ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പുതിയ സ്ഥിതി വിവരക്കണക്കുകളുമായി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തുന്നത്.

TOP NEWS

March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.