20 January 2026, Tuesday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

സമത്വത്തെയും ഭയക്കുന്ന ബിജെപി

Janayugom Webdesk
April 26, 2024 5:00 am

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം പിന്നിടുമ്പോഴും വല്ലാതെ പരിഭ്രമിക്കുന്ന മോഡിയെയാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. പരസ്പരവിരുദ്ധമായ കാര്യങ്ങളും വാസ്തവവിരുദ്ധമായ പ്രസ്താവനകളും ശരീരഭാഷയുമെല്ലാം പരിഭ്രമം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം നേരത്തെ നടത്തിയതിൽ നിന്ന് വ്യത്യസ്തമായ വിദ്വേഷം പ്രചരിപ്പിക്കുവാൻ ശ്രമിക്കുന്നതും കുപ്രചരണങ്ങൾ നടത്തുന്നതും. മുസ്ലിം സമുദായത്തെയാകെ നുഴഞ്ഞു കയറ്റക്കാരും കൂടുതൽ പ്രസവിക്കുന്നവരുമായി ചിത്രീകരിച്ചതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നിട്ടും മോഡി അവസാനിപ്പിക്കുന്നില്ല. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പ്രസംഗം രാജ്യത്ത് സമത്വമുണ്ടാക്കുകയെന്നത് അപകടകരമായ കളിയാണെന്നും അദ്ദേഹം പറഞ്ഞുവച്ചിരിക്കുന്നു. പ്രതിപക്ഷ പാർട്ടികൾ തങ്ങളുടെ പ്രകടന പത്രികയിൽ അവസര സമത്വത്തെ കുറിച്ച് വാഗ്ദാനം നൽകിയതിനെ പരാമർശിച്ചാണ് അദ്ദേഹം സമത്വവാദമെന്നത് അപകടകരമായ കളിയാണെന്ന് പറഞ്ഞിരിക്കുന്നത്. മോഡിയുടെ സവർണാഭിമുഖ്യവും കോർപറേറ്റ് ദാസ്യ മനോഭാവവും ഒരിക്കൽകൂടി വെളിപ്പെടുകയാണ് ഇവിടെ. ജാതി സെൻസസ് നടത്തി, സമൂഹത്തിൽ നിലനിൽക്കുന്ന സാമ്പത്തികമായ അന്തരങ്ങൾ ഇല്ലാതാക്കി സമത്വം സൃഷ്ടിക്കുമെന്നാണ് പ്രതിപക്ഷ പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ളത്. ഭരണഘടനാ നിർമ്മാതാക്കൾ മുതൽ പിന്നീട് രാജ്യം ഭരിച്ചവരും അല്ലാത്തവരുമെല്ലാം സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വത്തിന്റെ മൂലകാരണം ജാതീയമായ വേർതിരിവുകളാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സാമൂഹ്യനീതി നടപ്പിലാക്കപ്പെടണമെങ്കിൽ സമ്പത്തിന്റെയും അവസരങ്ങളുടെയും തുല്യമായ വിഭജനം നടപ്പിലാക്കപ്പെടുകയും വേണം. അതിന്റെ ഫലമായാണ് രാജ്യത്ത് സംവരണതത്വം നടപ്പിലാക്കിയത്. സാമ്പത്തികവും സാമൂഹ്യവുമായ അവസര സമത്വമാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. 


ഇതുകൂടി വായിക്കൂ: ചരിത്രത്തെ തമസ്കരിക്കുന്ന പാഠപുസ്തക തിരുത്തല്‍


ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ സ്വാതന്ത്ര്യസമരത്തോടൊപ്പം തന്നെ പ്രക്ഷോഭങ്ങൾ ഉയർന്നുവന്നത് രാജ്യത്ത് നിലവിലുള്ള അസമത്വം അവസാനിപ്പിക്കണമെന്നുള്ളതുകൊ­ണ്ടുകൂടിയായിരുന്നു. അത്തരം പ്രക്ഷോഭങ്ങളാണ് അടിസ്ഥാന ജനവിഭാഗങ്ങൾക്ക് സാമൂഹ്യമായും എന്തിന് ആചാരപരമായ സമത്വത്തിന് പോലും അവസരം നൽകിയത്. ഒരിക്കലും ഇത്തരം പ്രസ്ഥാനങ്ങളുടെ കൂടെ നിൽക്കാതെ സവർണമനോഭാവവും മനുസ്മൃതി പോലുള്ള സംഹിതകളും മുറുകെപിടിക്കുന്ന ആർഎസ്എസിനും ബിജെപിക്കും അതുകൊണ്ടുതന്നെ സാധാരണക്കാരുടെ ഉന്നതി ഭയപ്പാടുണ്ടാക്കുന്നു. അതുകൊണ്ടാണ് വീണ്ടും വീണ്ടും സമത്വത്തെ സംബന്ധിച്ച തങ്ങളുടെ ഭയപ്പാട് മോഡിയും കൂട്ടരും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഛത്തീസ്ഗഢിലെയും മധ്യപ്രദേശിലെയും തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് സമത്വമുണ്ടാകുന്നത് തങ്ങളുടെ നിലനില്പിനെ ഇല്ലാതാക്കുമെന്ന ഭയപ്പാടിൽ പ്രധാനമന്ത്രി സാമൂഹ്യക്ഷേമത്തിനും അസമത്വം കുറയ്ക്കുന്നതിനുമുള്ള പ്രതിപക്ഷ പദ്ധതി സമ്പത്ത് പുനർവിതരണത്തിന്റെയും ജനങ്ങളുടെ അവകാശങ്ങളും സ്വത്തുക്കളും തട്ടിയെടുക്കുന്നതിനുമുള്ള അപകടകരമായ കളിയാണെന്ന് ആവർത്തിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ സാഗറിലും ബേട്ടൂളിലും ഇതേകാര്യങ്ങൾ അദ്ദേഹം ആവർത്തിച്ചു. പച്ചയായ നുണകളും തന്റെ പരിഭ്രാന്തിയിൽ അദ്ദേഹം തട്ടിവിടുന്നു. 


ഇതുകൂടി വായിക്കൂ:കള്ളം പറഞ്ഞ് വോട്ട് തേടുന്നവര്‍ 


അവസര സമത്വത്തിനുള്ള പദ്ധതി നടപ്പിലാക്കിയാൽ, മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കിയാൽ; എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്കുള്ള നിലവിലെ സംവരണം കുറയുമെന്ന നുണയും അദ്ദേഹം തട്ടിവിട്ടു. യഥാർത്ഥത്തിൽ തങ്ങളുടെ കാലിനടിയിലെ മണ്ണ് ചോർന്നുപോകുന്നുവെന്ന ഭയപ്പാടിൽ നിന്ന് ഉണ്ടാകുന്ന പരിഭ്രമത്തിനപ്പുറം തങ്ങളുടെ സാമ്പത്തിക താല്പര്യങ്ങളും ഇതിലൂടെ പുറത്തുവരുന്നുണ്ടെന്ന് വ്യക്തമാകുന്നുണ്ട്. അതിന് മോഡിയുടെ പത്ത് വർഷങ്ങൾ പരിശോധിച്ചാൽ മതി. മോഡിയുടെ ഇക്കാല ഭരണത്തിനിടയിൽ ഏറ്റവുമധികം നേട്ടങ്ങൾ ഉണ്ടായത് രാജ്യത്തെ അതിസമ്പന്ന വിഭാഗത്തിനായിരുന്നു എന്ന യാഥാർത്ഥ്യം നാമിവിടെ ഓർക്കണം. ഗൗതം അഡാനിയെന്ന ചെറുമുതലാളി മോഡിയുടെ അധികാരപ്രവേശനത്തിന് ശേഷം വാണിജ്യ — വ്യവസായ ഭൂപടത്തിൽ മുൻനിരയിലെത്തുകയും ഇപ്പോൾ ലോകത്തുതന്നെ അതിസമ്പന്നരുടെ പട്ടികയിലെ‍ മുൻനിരയിലാവുകയും ചെയ്തത് അതിന്റെ ഒന്നാമത്തെ ഉദാഹരണമാണ്. മാർച്ചിൽ പുറത്തുവന്ന വേൾഡ് ഇനിക്വാളിറ്റി ലാബ് പഠനത്തിൽ രാജ്യത്തിന്റെ വരുമാനത്തിന്റെ ഏറിയ പങ്കും കൈവശപ്പെടുത്തിയിരിക്കുന്നത് ജനസംഖ്യയിലെ ഒരു ശതമാനമാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 2014–23 കാലത്താണ് അസമത്വം വർധിച്ചതും കുറച്ചുപേരിൽ മാത്രമായി ധനം ചുരുങ്ങിയതുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. ദേശീയവരുമാനത്തിന്റെ 22.6 ശതമാനവും ധനത്തിന്റെ 40.1 ശതമാനവും ഒരു ശതമാനത്തിന്റെ കൈകളിൽ മാത്രം എത്തുന്നത് 2022–23ലാണ്. ഫോബ്സ് കോടീശ്വരന്മാരുടെ പട്ടിക പുറത്തിറക്കിയപ്പോൾ 100 കോടി വരുമാനമുള്ള ഇന്ത്യക്കാരുടെ എണ്ണം 1991ൽ ഒന്നായിരുന്നത് 2022ൽ 162ആയി ഉയർന്നു. ഇലക്ടറൽ ബോണ്ടുകൾ വഴി അതിസമ്പന്നരിൽ നിന്നും മോഡിയുടെ പാർട്ടിക്ക് ലഭിച്ച അവിഹിത ധനത്തിന്റെ കണക്കുകൾ പരിശോധിച്ചാലും തങ്ങളുടെ അക്ഷയഖനിയായ കോർപറേറ്റുകൾ തളർന്നുപോകുമോയെന്ന ആശങ്കയാണ് സമത്വത്തെ എതിർക്കുവാൻ അവരെ പ്രേരിപ്പിക്കുന്നതെന്ന് ബോധ്യമാകും. 

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.