മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചതിനെത്തുടർന്ന് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരിക്കുന്നു. രണ്ട് വർഷത്തോളമായി തുടരുന്ന വംശഹത്യയുടെ ഉത്തരവാദിത്തമേറ്റ് അദ്ദേഹം രാജിവയ്ക്കണമെന്നും അല്ലെങ്കിൽ പുറത്താക്കണമെന്നുമുള്ള ആവശ്യം കലാപം ആരംഭിച്ച 2023 മേയ് മാസം മുതൽ തന്നെ ഉയർന്നതാണ്. പ്രതിപക്ഷത്തിൽ നിന്നുമാത്രമല്ല ബിജെപിക്കകത്തുനിന്നുതന്നെ ഈ ആവശ്യം ഉണ്ടായി. എന്നാൽ അവസാന നിമിഷം വരെ പിടിച്ചുനിൽക്കാൻ അദ്ദേഹം ശ്രമിക്കുകയായിരുന്നു. പക്ഷേ ഫെബ്രുവരി 10 മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷമായ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് തീരുമാനിച്ചതോടെ ബിരേൻ സിങ്ങിന്റെ നിലനില്പ് പ്രതിസന്ധിയിലായി. നിലവിലെ സാഹചര്യത്തിൽ അംഗബലത്തിൽ ബിജെപിക്ക് ഭീഷണിയില്ലെങ്കിലും അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് വേണ്ടിവന്നാൽ ബിജെപി അംഗങ്ങൾതന്നെ എതിർത്തേക്കുമെന്ന സാഹചര്യമാണ് ഉടൻ രാജിക്കുള്ള ഒരു കാരണമായത്. കലാപത്തിൽ മെയ്തി വിഭാഗത്തെ സഹായിക്കുന്ന സമീപനം ബിരേൻ സിങ് സ്വീകരിക്കുന്നുവെന്ന് തുടക്കം മുതൽ വെളിപ്പെട്ടതാണ്. അതിന്റെ തെളിവായി പുറത്തുവന്ന അദ്ദേഹത്തിന്റെ ശബ്ദസന്ദേശത്തിൽ അന്വേഷണം നടത്തുന്നതിന് പരമോന്നത കോടതി അടുത്തിടെ തീരുമാനിച്ചതും ബിജെപിയെ ഭീതിയിലാക്കി. ശബ്ദസന്ദേശം സംബന്ധിച്ച പരിശോധന നടത്തിയ സ്വകാര്യ ഏജൻസി 93 ശതമാനവും ബിരേൻ സിങ്ങിന്റെ ശബ്ദമാണെന്നാണ് കണ്ടെത്തിയത്. കോടതിയുടെ തുടർനടപടികളിൽ മുഖ്യമന്ത്രി പ്രതിക്കൂട്ടിലായേക്കുമെന്ന സാഹചര്യവും രാജിക്ക് കാരണമായി.
മുഖ്യമന്ത്രിപദത്തിൽ നിന്ന് ബിരേൻ സിങ് രാജിവച്ചത് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നതിനായിരുന്നില്ല. പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്ന് ബിജെപി നേതാക്കൾതന്നെ വ്യക്തമാക്കിയതുമാണ്. പലരെയും പരിഗണിക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾ നീണ്ട ചർച്ചകൾക്കുശേഷവും സമവായത്തിലെത്താൻ സാധിക്കാതെ വന്നപ്പോഴാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. പ്രസ്തുത നടപടി ജനാധിപത്യത്തോടും ഭരണഘടനാ മൂല്യങ്ങളോടുമുള്ള വെല്ലുവളിയാണെന്നത് വസ്തുതയാണ്. ഭരണഘടനാ ബാധ്യതയായ ബജറ്റ് അവതരണമുൾപ്പെടെ നടത്തേണ്ട ഘട്ടത്തിലാണ് മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിൽ ബിജെപി ഭരണവും ചൊൽപ്പടിക്കുനിൽക്കുന്ന രാഷ്ട്രപതിയുമുള്ളപ്പോൾ ബിജെപിക്ക് തന്നെ സംസ്ഥാനത്ത് ഭരണം നടത്തുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കപ്പെടുന്നത്. അതുതന്നെയാണ് മുഖ്യമന്ത്രിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ബിജെപി ആഗ്രഹിക്കുന്നതും. മണിപ്പൂരിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ ജനവിധി തേടുകയാണ് യഥാർത്ഥ പോംവഴി. പക്ഷേ ഏത് വിധേനയും അധികാരം കയ്യിലുണ്ടാകണമെന്ന ദുഷ്ടലാക്കോടെയാണ് രാഷ്ട്രപതി ഭരണത്തിന് തീരുമാനിച്ചത്.
ഒറ്റക്കൽ വിഗ്രഹമെന്ന ബിജെപിയുടെ അവകാശവാദത്തെ പുതിയ സംഭവത്തിലൂടെ മണിപ്പൂർ തകർത്തെറിഞ്ഞിരിക്കുകയാണ്. ബിജെപിയിലെ തന്ത്രജ്ഞനെന്ന് വലതുപക്ഷ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന അമിത് ഷാ ഇടപെട്ടിട്ടും മണിപ്പൂരിന്റെ കാര്യത്തിൽ തീരുമാനമായില്ല. ബിജെപി നേതൃത്വത്തിൽ ഭരണം നടക്കുന്ന അര ഡസൻ സംസ്ഥാനങ്ങളിലെങ്കിലും സമാന സാഹചര്യമാണ് നിലനിൽക്കുന്നത്. ഫെബ്രുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടന്ന് എട്ടിന് ഫലപ്രഖ്യാപനമുണ്ടായ ഡൽഹിയിൽ ഒരാഴ്ച പിന്നിട്ടിട്ടും പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപിക്കായിട്ടില്ല. പലതരത്തിലുള്ള കൂടിയാലോചനകൾ നടന്നുവെങ്കിലും സമവായത്തിലെത്താൻ സാധിക്കുന്നില്ലെന്നതാണ് സ്ഥിതി. ഒടുവിൽ വിദേശ സന്ദർശനത്തിനുപോയ പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരിച്ചെത്തട്ടെ എന്ന ധാരണയില്‍ എത്തിയിരിക്കുകയാണെന്നാണ് വാർത്തകൾ.
ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ രാജസ്ഥാനിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പലവഴിക്കാണ് സഞ്ചാരം. ഫോൺ ചോർത്തുന്നുവെന്ന് ആരോപണമുന്നയിച്ച് മുഖ്യമന്ത്രിക്കെതിരെ ബിജെപി മന്ത്രി തന്നെ ഇവിടെ രംഗത്തെത്തി. മുതിർന്ന നേതാവും മന്ത്രിയുമായ കിരോഡി ലാൽ മീണയാണ് തന്റെ ഫോൺ ചോർത്തിയെന്ന് ആദ്യം പരാതി ഉന്നയിച്ചത്. യഥാർത്ഥത്തിൽ ഇത് മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയ്ക്കെതിരായ ആരോപണമായിരുന്നു. തുടർന്ന് മറ്റ് ചില മന്ത്രിമാരും ഇതേ പരാതി ഉന്നയിച്ചു. പിന്നീടാണ് വിഷയം പ്രതിപക്ഷം ഏറ്റെടുത്തത്. മന്ത്രിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് കോൺഗ്രസ് എംഎൽഎമാർ നിയമസഭയിൽ പ്രതിഷേധിക്കുകയും നടപടികൾ തടസപ്പെടുത്തുകയും ചെയ്തു. വിഷയം അവിടെയും അവസാനിക്കാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രിക്കെതിരെ പരസ്യമായി ആരോപണമുന്നയിച്ചതിന് കിരോഡി ലാൽ മീണയ്ക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് ബിജെപി നേതൃത്വം. ഫെബ്രുവരി ഏഴിനായിരുന്നു മീണയുടെ പരാതി പുറത്തുവന്നത്. ഒരാഴ്ചയിലധികമായിട്ടും പ്രശ്നം പരിഹരിക്കുന്നതിനോ സമവായത്തിലെത്തുന്നതിനോ സാധിക്കാതെ പ്രതിസന്ധിയിൽ തുടരുകയാണ് രാജസ്ഥാനിലെ ബിജെപിയും സർക്കാരും.
ഹരിയാനയിലും മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരസ്യമാണ്. മന്ത്രിമാരും മുഖ്യമന്ത്രിയും തമ്മിലും ബിജെപി നേതാക്കൾ പരസ്പരവുമുള്ള പോര് മറനീക്കുകയും വിശദീകരണവും പരസ്യമായ വിഴുപ്പലക്കലും പതിവായിരിക്കുകയുമാണ്. എതിരാളികൾപോലും പറയാൻ മടിക്കുന്ന വിമർശനങ്ങളാണ് നേതാക്കൾ പരസ്പരം നടത്തുന്നത്. തന്റെ ഉത്തരവുകൾ ഉദ്യോഗസ്ഥർ പാലിക്കാത്തതിനാൽ മുഖ്യമന്ത്രി വിളിച്ച പരാതിപരിഹാര സമിതി യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞ് മുതിർന്ന നേതാവും മന്ത്രിയുമായ അനിൽ വിജാണ് അതൃപ്തി ആദ്യം പരസ്യമാക്കിയത്. മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നിയുടെ നിർദേശങ്ങൾ മാത്രം നടപ്പിലാക്കിയാൽ മതിയെന്ന നിർദേശമുള്ളതുപോലെയാണ് ഉദ്യോഗസ്ഥരുടെ സമീപനമെന്നും വിജ് കുറ്റപ്പെടുത്തുകയുണ്ടായി. ഇതിനെതിരെ മുഖ്യമന്ത്രി സെയ്‌നിയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും രംഗത്തെത്തുകയും ചെയ്തു.
എല്ലാ തിങ്കളാഴ്ചയും അംബാല കന്റോൺമെന്റിൽ ജനതാ ദർബാർ നടത്താറുണ്ടെന്നും അത് സംഘടിപ്പിക്കുന്നത് നിർത്തിയെന്നും അറിയിച്ച വിജ് ഉത്തരവുകൾ ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നില്ലെന്നാണ് കാരണമായി പറഞ്ഞത്. ഹിമാചൽ പ്രദേശ് പൊലീസ് അന്വേഷിക്കുന്ന ബലാത്സംഗക്കേസിൽ നിന്ന് കുറ്റവിമുക്തനാകുന്നതുവരെ ബിജെപി സംസ്ഥാന പ്രസിഡന്റ് മോഹൻ ലാൽ ബദോളി സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്ന് വിജ് ആവശ്യപ്പെട്ടതും വലിയ വിവാദത്തിന് കാരണമായതാണ്. തന്റെ കയ്യിലുള്ള ആഭ്യന്തര വകുപ്പ് ഉപയോഗിച്ച് മറ്റ് മന്ത്രിമാരെ നിരീക്ഷിക്കുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിക്കുകയുണ്ടായി. വിഷയം ശ്രദ്ധയിൽപ്പെട്ട കേന്ദ്ര നേതാക്കൾ സമവായത്തിന് ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. അതുകൊണ്ടുതന്നെ വിജിനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകുകയാണ് ബിജെപി സംസ്ഥാന നേതൃത്വം ചെയ്തത്. ഈ വിവരം ചില നേതാക്കൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നുള്ള ആരോപണവുമായി വിജ് വീണ്ടും രംഗത്തെത്തിയതും സ്ഥിതി വഷളാക്കിയിരിക്കുകയാണ്. നേരത്തെ മനോഹർ ലാൽ ഖട്ടാർ മുഖ്യമന്ത്രിയായിരിക്കെയും സംസ്ഥാന ബിജെപിയിൽ വിഭാഗീയതയും പരസ്പര ആക്ഷേപങ്ങളും പതിവായിരുന്നു.
ബിജെപി മുന്നണിയായി ഭരിക്കുന്ന മഹാരാഷ്ട്രയിലും മഹായുതി സഖ്യത്തിൽ ഭിന്നത രൂക്ഷമാണെന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ശിവസേനയിലെ ഏക്‌നാഥ് ഷിൻഡെ, എൻസിപിയിലെ അജിത് പവാർ എന്നിവർ പരസ്പര പോരിലാണെന്നും യോഗങ്ങളിൽ പങ്കെടുക്കാതെ മാറിനിൽക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ തനിച്ചും സഖ്യവുമായി ഭരിക്കുന്ന പ്രധാന സംസ്ഥാനങ്ങളിലെല്ലാം ബിജെപി വിഭാഗീയതയും അന്തഃഛിദ്രങ്ങളും നേരിടുകയാണ്. ഏകശിലാ സംവിധാനമുള്ള പാർട്ടിയെന്ന് മേനി നടിക്കുന്ന ബിജെപിക്കകത്താണ് ഇതെന്നത് കൗതുകകരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.