പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നലെ മുതല്‍ ഗുജറാത്തിലാണ്. നാലുമാസത്തിനിടെ അഞ്ചാമത്തെ സന്ദര്‍ശനമാണിത്. മൂന്നുദിവസത്തെ പരിപാടികളാണ് ഇത്തവണ നിര്‍വഹിക്കുവാനുള്ളത്. സ്വന്തം സംസ്ഥാനമെന്ന നിലയില്‍ അദ്ദേഹം ഗുജറാത്തിലെത്തുന്നത് പുതുമയല്ല. പക്ഷേ ഡിസംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് ഇടയ്ക്കിടെയെത്തി വന്‍കിട പദ്ധതികളുടെ ശിലാസ്ഥാപന — ഉദ്ഘാടന മഹാമഹങ്ങള്‍ നടത്തുന്നുവെന്നതാണ് മോഡിയുടെ സന്ദര്‍ശനത്തെ ശ്രദ്ധേയമാക്കുന്നത്. 24 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. മോഡിയുടെ മാത്രമല്ല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും തട്ടകമാണത്. 2017ലെ ഗുജറാത്ത് തെരഞ്ഞെടുപ്പ് നടന്നത് ഡിസംബര്‍ ഒമ്പത്, 14 തീയതികളിലായിരുന്നു. ആ വര്‍ഷം ഒക്ടോബര്‍ 25ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ (സിഇസി) തീയതി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ ഒക്ടോബര്‍ അവസാനിക്കുമ്പോഴും ഇത്തവണത്തെ തീയതി പ്രഖ്യാപിച്ചിട്ടില്ല. മോഡിക്കും കൂട്ടര്‍ക്കും പദ്ധതി പ്രഖ്യാപനങ്ങള്‍ക്കും ശിലാസ്ഥാപന — ഉദ്ഘാടനങ്ങള്‍ക്കും അവസരം നല്കുന്നതിനു വേണ്ടിയാണിതെന്ന ആരോപണം സിഇസിക്കെതിരെ ഇതിനകം തന്നെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റുകളുടെ നിര്‍മ്മാണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനമാണ് ഇന്നലെ മോഡി നിര്‍വഹിച്ചത്. വഡോദരയില്‍ സ്ഥാപിക്കുന്ന 22,000 കോടി രൂപയുടെ സംരംഭമാണിത്. മുക്കാല്‍ ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഈ സംരംഭം നേരത്തെ മഹാരാഷ്ട്രയില്‍ സ്ഥാപിക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്. നാഗ്പൂരിനടുത്ത് സ്ഥാപനം ആരംഭിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചിരുന്നതുമാണ്. എന്നാല്‍ ധൃതിപിടിച്ച് ഈ സംരംഭം ഗുജറാത്തിലേക്ക് മാറ്റുകയായിരുന്നു. ഇതിന്റെ പേരില്‍ മഹാരാഷ്ട്രയിലെ ഭരണമുന്നണിക്കകത്തുള്ള അഭിപ്രായ ഭിന്നത പുറത്തുവരികയുമുണ്ടായി. മഹാരാഷ്ട്രയില്‍ സ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഒന്നര ലക്ഷം കോടി രൂപയുടെ മറ്റൊരു പദ്ധതി കഴിഞ്ഞ മാസമാണ് ഗുജറാത്തിലേക്ക് കൊണ്ടുപോയത്. ഇന്ന് മോഡി ഗാന്ധി നഗറിലും ബനസ്കന്ദയിലും മറ്റുമായി പല പദ്ധതികളുടെയും ശിലാസ്ഥാപനം നടത്തുകയും അഹമ്മദാബാദില്‍ വന്‍കിട റയില്‍ വികസന പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. നാളെ ബന്‍സ്‌വാരയിലും പഞ്ചമഹലിലും വിവിധ പദ്ധതികളുടെ തുടക്കം കുറിക്കും.
പുതിയ പദ്ധതികള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കല്‍ മാത്രമല്ല തെരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തിനുമാത്രമായി വാഗ്ദാനപ്പെരുമഴയും ചൊരിയുന്നുണ്ട്. അടുത്ത ഒരുവര്‍ഷത്തിനിടെ ഗുജറാത്തില്‍ 35,000 പേര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശനം നല്കുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ വാഗ്ദാനങ്ങളില്‍ ഒന്ന്. സംസ്ഥാനത്തെ കുടുംബങ്ങള്‍ക്ക് ഒരു വർഷം രണ്ട് പാചകവാതക സിലിണ്ടറുകൾ വീതം സൗജന്യമായി നല്കുമെന്ന പ്രഖ്യാപനമുണ്ടായത് കഴിഞ്ഞയാഴ്ചയായിരുന്നു. സിഎൻജി, പിഎൻജി എന്നിവയ്ക്കുള്ള 10 ശതമാനം മൂല്യ വര്‍ധിത നികുതി ഒഴിവാക്കിയെന്ന വാഗ്ദാനവും നല്കുി. ഇതിനെല്ലാം പുറമെ സാമുദായിക ധ്രുവീകരണത്തിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും ബിജെപി നടത്തിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കുന്നതിന് സമിതി രൂപീകരണ പ്രഖ്യാപനം അതിന്റെ ഭാഗമായിട്ടായിരുന്നു. കൂടാതെ സംഘര്‍ഷങ്ങളുണ്ടാക്കി ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും വ്യാപകമാണ്. വഡോദരയിലെ പാനിഗേറ്റിൽ ദീപാവലിക്ക് പടക്കം പൊട്ടിച്ചതിന്റെ പേരിൽ സാമുദായിക കലാപം സൃഷ്ടിക്കപ്പെട്ടു. സാല്‍വി നഗരത്തിലെ പച്ചക്കറി മാര്‍ക്കറ്റില്‍ സംഘര്‍ഷം സൃഷ്ടിക്കപ്പെട്ടത് ഈ മാസം ആദ്യ ആഴ്ചയിലായിരുന്നു. അതേ ദിവസങ്ങളില്‍ ഖേഡ ജില്ലയിലെ ഗര്‍ബയിലും കലാപമുണ്ടായി. ഏപ്രില്‍ മാസത്തില്‍ കംഭട്ടിലും ഹിമത് നഗറിലും സംഘര്‍ഷങ്ങളുണ്ടാകുകയും കംഭട്ടില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആറുമാസത്തിനിടെ ചെറുതും വലുതുമായ ഒരു ഡസനിലധികം വര്‍ഗീയ സംഘര്‍ഷങ്ങള്‍ സംസ്ഥാനത്തുണ്ടായത് ന്യൂനപക്ഷ വിഭാഗങ്ങളെ ഭീതി പരത്തി അകറ്റുകയും സാമുദായിക ധ്രുവീകരണമുണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
നേട്ടങ്ങളെന്ന നിലയില്‍ സാധാരണക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുവാനൊന്നുമില്ലാത്തതിനാലും ഭരണ വിരുദ്ധ വികാരം ഭയന്നും ഒരുവര്‍ഷം മുമ്പാണ് മുഖ്യമന്ത്രിയെ മാറ്റി പ്രതിഷ്ഠിച്ചത്. കാല്‍ നൂറ്റാണ്ടോളമായി ഭരിക്കുകയും ഇന്ത്യക്കാകെ മാതൃകയായ സംസ്ഥാനമായെന്ന് ബിജെപി പ്രചരിപ്പിക്കുകയും ചെയ്യുന്നതാണ് ഗുജറാത്ത്. ആ സംസ്ഥാനത്തെ മാതൃകയാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. എന്നിട്ടും തെരഞ്ഞെടുപ്പ് അടുത്തെത്തുന്ന ഗുജറാത്തിനെ ബിജെപി എന്തുകൊണ്ട് ഇത്രയധികം ഭയക്കുന്നുവെന്ന ചോദ്യം പ്രസക്തമാണ്. വിലക്കയറ്റം, ഭാരമേറുന്ന സാധാരണക്കാരന്റെ ജീവിത ദുരിതങ്ങള്‍, തകര്‍ന്ന സമ്പദ് വ്യവസ്ഥ എന്നിങ്ങനെയുള്ള പ്രതിഭാസങ്ങളില്‍ തട്ടി ബിജെപി പരാജയം മണക്കുന്നുവെന്നു തന്നെയാണ് ഉത്തരം.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.