23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 11, 2024
November 11, 2024
November 11, 2024
November 9, 2024
November 8, 2024
November 6, 2024
November 3, 2024
November 3, 2024
November 3, 2024

ബിജെപി നേതൃത്വവും ‌സുരേഷ് ഗോപിയും കടുത്ത ഭിന്നതയില്‍

കെ കെ ജയേഷ്
കോഴിക്കോട്
October 30, 2024 5:47 pm

നേതൃത്വത്തെ അവഗണിച്ചും പൊതുസമൂഹത്തിൽ ധിക്കാരപൂർവം പെരുമാറിയും മുന്നോട്ട് പോകുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടുകൾ ബിജെപി സംസ്ഥാന നേതൃത്വത്തിന് തലവേദനയാകുന്നു. സംസ്ഥാന പ്രസിഡന്റിനെ പോലും നിരന്തരം അവഗണിച്ചും അപഹാസ്യനാക്കിയുമാണ് സുരേഷ് ഗോപി മുന്നോട്ട് പോകുന്നതെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ ശക്തമായിട്ടുണ്ട്. തൃശൂര്‍ പൂരം വിവാദവുമായി ബന്ധപ്പെട്ട് തിരുവമ്പാടി ദേവസ്വത്തിന്റെ ഓഫിസിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപി എത്തിയെന്നതിനെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം ചേലക്കരയിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ പ്രസംഗിച്ചതിന് പിന്നാലെ ആ വാദം തള്ളിക്കൊണ്ടായിരുന്നു കേന്ദ്രമന്ത്രി സംസാരിച്ചത്. സുരേന്ദ്രൻ വിശ്വസിക്കുന്നതുപോലെ ആംബുലൻസില്‍ താനവിടെ പോയിട്ടില്ലെന്ന സുരേഷ് ഗോപിയുടെ വാദം പൊതുവേദിയിൽ പാര്‍ട്ടി അധ്യക്ഷനെ അപമാനിക്കുന്നതായിരുന്നു. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പോലും കേന്ദ്രമന്ത്രി കള്ളം പറയുന്നത് പൊതുസമൂഹത്തിലും പാർട്ടി പ്രവർത്തകർക്കിടയിലും എതിർപ്പിന് കാരണമാകുമെന്ന് നേതൃത്വം ഭയക്കുന്നുമുണ്ട്.
ഇതിനുമുമ്പും സമാനമായ അനുഭവം കെ സുരേന്ദ്രനുണ്ടായിട്ടുണ്ട്. 

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് സുരേഷ് ഗോപി സ്വീകരിച്ച നിലപാടിനെ സുരേന്ദ്രന് പരസ്യമായി തള്ളിപ്പറയേണ്ട സാഹചര്യമുണ്ടായി. കേന്ദ്രമന്ത്രിയും സിനിമാ നടനുമെന്ന നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബിജെപിയുടെ നിലപാട് പ്രസിഡന്റ് പറയുമെന്നുമായിരുന്നു സുരേന്ദ്രൻ അന്ന് രോഷത്തോടെ പ്രതികരിച്ചത്. പാർട്ടി നേതൃനിരയിൽ പി കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, എം ടി രമേശ് എന്നിവരോട് മാത്രമേ സുരേഷ് ഗോപി കുറച്ചെങ്കിലും അടുപ്പം പുലർത്തുന്നുള്ളു എന്നതും കെ സുരേന്ദ്രൻ അനുകൂലികൾക്കിടയിൽ കടുത്ത എതിർപ്പിന് കാരണമായിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിയെ കൂടുതൽ പരിപാടിയിൽ പങ്കെടുപ്പിക്കാതിരിക്കാനുള്ള നീക്കത്തിലേക്കാണ് നേതൃത്വം പോകുന്നതെന്നാണ് അറിയുന്നത്. ഇത്തരത്തിൽ അവഗണിച്ച് മുന്നോട്ട് പോയാലും താഴെത്തട്ടിലുള്ള നേതാക്കളോടും പ്രവർത്തകരോടുമുള്ള പ്രതികരണങ്ങളെ എങ്ങനെ നേരിടുമെന്ന് നേതൃത്വത്തിന് നിശ്ചയമില്ല. വിവിധ ജില്ലകളിൽ പരിപാടികൾക്കെത്തുമ്പോൾ അവിടെയുള്ള നേതാക്കളെ സുരേഷ് ഗോപി ബന്ധപ്പെടുന്നില്ല. പാർട്ടി പരിപാടികളിൽ അദ്ദേഹം താല്പര്യം കാണിക്കുന്നില്ലെന്നും പാർട്ടി ഗ്രൂപ്പുകളിൽ ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ചങ്ങനാശേരിയിൽ നടന്ന പാർട്ടി പരിപാടിയിൽ സുരേഷ് ഗോപി അപമാനിച്ചെന്ന് ബിജെപി പ്രാദേശിക നേതാവ് പരാതി ഉന്നയിച്ചിരുന്നു. നിവേദനം നൽകാൻ എത്തിയവരെ നിങ്ങളുടെ എംപി അല്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നായിരുന്നു ആരോപണം. അതേസമയം ഇന്ദിരാഗാന്ധിയെയും കെ കരുണാകരനെയുമെല്ലാം വാഴ്ത്തിപ്പാടുന്നതും പ്രവർത്തകർക്കിടയിൽ വലിയ എതിർപ്പിന് കാരണമായിട്ടുണ്ട്. 

സുരേഷ് ഗോപി പറയുന്നതും ചെയ്യുന്നതുമെല്ലാം വിവാദമായി മാറുന്നതാണ് പാർട്ടി നേരിടുന്ന വലിയ വെല്ലുവിളി. ഏറ്റവും പ്രധാനം മാധ്യമപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റമാണ്. ഒരു പരിഷ്കൃതസമൂഹത്തിന് ഒട്ടും യോജിക്കാത്ത തരത്തിലാണ് മാധ്യമപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെല്ലാം. കോഴിക്കോട്ടെ ഹോട്ടലിൽ വച്ച് വനിതാ മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ സുരേഷ് ഗോപി, തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആംബുലൻസ് യാത്രാ വിവാദത്തെക്കുറിച്ച് പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് പുറത്തുപോകാൻ ആജ്ഞാപിച്ചത് വലിയ പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയിട്ടുള്ളത്. നേരത്തെ ഹേമ കമ്മിറ്റി വിഷയത്തിൽ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരെ സുരേഷ് ഗോപി തള്ളിമാറ്റുകയും ആക്രോശിക്കുകയും ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.