
തദ്ദേശ തെരഞ്ഞടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തെച്ചൊല്ലി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിനെതിരെ സംസ്ഥാന ഘടകത്തിൽ പടയൊരുക്കം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നേരിട്ടെത്തി നൽകിയ വ്യക്തവും കർശനവുമായ നിർദേശം പോലും ഗൗരവമായെടുത്തില്ലെന്ന് ആരോപിച്ച് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കമാണ് മറുപക്ഷം ശക്തമായിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലാടിസ്ഥാനത്തിലുണ്ടാക്കാൻ കഴിയുന്ന വലിയ മുന്നേറ്റം ഉറപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങൾക്കു വരെ തുടക്കമിട്ട പാർട്ടിക്ക് വലിയ തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലമെന്നാണ് ഒരു വിഭാഗം കണക്കുകൾ നിരത്തി വാദിക്കുന്നത്.
വാർഡുകളുടെ പ്രത്യേകതയ്ക്ക് ആനുപാതികമായി മെച്ചപ്പെട്ട ഫണ്ട് അനുവദിച്ചിട്ടും കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പിൽ നിന്ന് വലിയ നേട്ടമൊന്നുമുണ്ടാക്കാൻ ബിജെപിക്ക് ആയില്ല. അഞ്ച് വർഷത്തിനിപ്പുറവും നഗരസഭകളിൽ കൂടിയത് നാലേ നാല് സീറ്റാണ്. ഗ്രാമ പഞ്ചായത്തുകളിൽ 266 സീറ്റും. ഒരു നിയമസഭാ മണ്ഡലത്തിന് സമാനമായി കണക്കാക്കുന്ന ബ്ലോക്ക് പഞ്ചായത്തുകളിൽ ഒരെണ്ണംപോലും സ്വന്തമാക്കാനായില്ല. കയ്യിലുണ്ടായിരുന്ന പന്തളവും പാലക്കാടുമടക്കം ചില തദ്ദേശ സമിതികൾ നഷ്ടമാവുകയും ചെയ്തു. കഴിഞ്ഞ തവണ രണ്ട് ജില്ലാ പഞ്ചായത്ത് സീറ്റുണ്ടായിരുന്നത് ഒന്നായി മാറി. അമിത് ഷായുടെ നിർദേശത്തിന് വിരുദ്ധമായി സ്ഥാനാർത്ഥികളെ നിർത്താത്ത വാർഡുകളും വളരെയധികമാണ്. കണ്ണൂർ ജില്ലയിൽ മാത്രം 392 വാർഡുകളിൽ എൻഡിഎയ്ക്ക് സ്ഥാനാർത്ഥികളുണ്ടായില്ല. ഗൗരവമായ ഈ സ്ഥിതി ദേശീയ നേതൃത്വത്തിന് മുന്നിലെത്തിക്കാനുള്ള നീക്കമാണ് രാജീവ് വിരുദ്ധചേരി നടത്തുന്നത്.
തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചുവെന്ന് അവകാശപ്പെടുമ്പോൾ ഒപ്പം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോർപറേഷനിൽ കിട്ടിയ വോട്ട് ഇക്കുറി നേടാനായില്ല എന്ന നാണക്കേടുമുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിൽ 2,13, 214 വോട്ട് നേടിയെങ്കിൽ ഇക്കുറി 1,65,891 ആയി കുറഞ്ഞു. ജില്ലയിൽ ഭൂരിപക്ഷം നിലനിർത്താനായത് വട്ടിയൂർക്കാവ് നേമം നിയമസഭാ മണ്ഡലങ്ങളിൽ മാത്രം. അതും കുറഞ്ഞ വോട്ടിന്. തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ഫലം കനത്ത ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിലും എൻഡിഎ ലീഡ് നേടിയെങ്കിൽ ഇക്കുറി ആറിലും അടി തെറ്റി. ഇതോടെ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 11 നിയമസഭാ മണ്ഡലങ്ങളിൽ നേടാനായ മേൽക്കൈ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ രണ്ടിലൊതുങ്ങി.
ജില്ലയിലെ നഗരസഭാ സീറ്റുകൾ 40 ൽ നിന്ന് 36 ആയി കുറഞ്ഞു. വലിയ നേട്ടമുണ്ടാക്കുമെന്ന് വീമ്പിളക്കിയ എംപി സുരേഷ് ഗോപിയുടെ കലുങ്ക് ചർച്ചകളും എസ്ജി കോഫി ടൈമും വെറും പൊറാട്ട് നാടകമാവുകയും ഗുണത്തെക്കാളധികം ദോഷമുണ്ടാക്കുകയും ചെയ്തു. ക്രൈസ്തവ ന്യൂനപക്ഷത്തെ കയ്യിലെടുക്കാൻ കഴിഞ്ഞില്ല എന്ന കുറ്റാരോപണവും ഔദ്യോഗിക നേതൃത്വത്തിനെതിരെയുണ്ട്. ചുരുക്കത്തിൽ, കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായിരുന്ന കാലത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം ഉണ്ടാക്കാനായ മുന്നേറ്റം മെച്ചപ്പെടുത്താനോ നിലനിർത്താനോ പോലും തദ്ദേശ തെരഞ്ഞെടുപ്പിനെ സർവ സന്നാഹങ്ങളോടും കൂടി നേരിട്ടിട്ടും രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിന് കഴിഞ്ഞില്ല എന്ന് ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് കൊണ്ടു പിടിച്ച് നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.