12 February 2026, Thursday

Related news

February 12, 2026
February 11, 2026
February 9, 2026
February 8, 2026
February 8, 2026
February 7, 2026
February 4, 2026
February 4, 2026
February 4, 2026
February 4, 2026

രാഹുലിനെ അയോഗ്യനാക്കാന്‍ ബിജെപി നീക്കം; പ്രമേയത്തിനെതിരെ പ്രതിപക്ഷം

സഭാ നടപടികള്‍ ഇന്നും തടസപ്പെട്ടു 
റെജി കുര്യന്‍
ന്യൂഡല്‍ഹി
February 12, 2026 10:45 pm

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്നും ലോക്‌സഭയില്‍ ബിജെപി പ്രമേയം. പ്രമേയത്തിനെതിരെ ലോക്‌സഭയില്‍ ഭരണ പ്രതിപക്ഷങ്ങള്‍ ഏറ്റുമുട്ടിയതോടെ സഭാ നടപടികള്‍ തടസപ്പെട്ടു.
ബജറ്റ് പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധി സഭയെ തെറ്റിധരിപ്പിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ബിജെപി അംഗം നിഷികാന്ത് ദുബെ ലോക്‌സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ പ്രതിപക്ഷം എതിര്‍ത്തു. രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും അതിലും ഒരു പടികൂടി കടന്ന നീക്കമാണ് ബിജെപി നടത്തിയത്. രാവിലെ സമ്മേളിച്ച ലോക്‌സഭയില്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ ചോദ്യവേള മുന്നോട്ടുകൊണ്ടുപോകാനായില്ല. ആദ്യം 12 വരെ സഭ നിര്‍ത്തിവച്ചു. തുടര്‍ന്ന് ചേര്‍ന്ന സഭയില്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ് ഭേദഗതി നിയമം 2026 അവതരിപ്പിച്ചു. ബില്‍ ചര്‍ച്ചകളാണ് തുടര്‍ന്ന് നടന്നത്. ഒന്നര മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സഭ ശബ്ദവോട്ടോടെ ബില്‍ പാസാക്കി. തുടര്‍ന്ന് ശൂന്യവേളയിലാണ് നിഷികാന്ത് ദുബെ പ്രമേയം കൊണ്ടുവന്നത്. ഇതോടെ സഭയില്‍ ഭരണ പ്രതിപക്ഷ പോരാട്ടം രൂക്ഷമായതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. 

ബജറ്റ് ചര്‍ച്ചകളാണ് രാജ്യസഭയില്‍ പുരോഗമിച്ചത്. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ മറുപടിക്ക് ശേഷം ലോക്‌സഭ പാസാക്കിയ റിലേഷന്‍സ് കോഡ് ചര്‍ച്ചകളാണ് സഭയില്‍ നടന്നത്. കേന്ദ്ര തൊഴില്‍മന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇരുസഭകളിലും ബില്‍ അവതരിപ്പിച്ച് ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കിയത്. ബില്‍ പാസാക്കിയതിന് പിന്നാലെ രാജ്യസഭ പ്രത്യേക പരാമര്‍ശങ്ങളിലേക്ക് കടന്നു. ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെ ഒന്നാം ഘട്ടം ഇന്ന് അവസാനിക്കും. മാര്‍ച്ച് ഒമ്പത് മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് രണ്ടാം ഘട്ടം സമ്മേളിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.