5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 29, 2025
March 28, 2025
March 28, 2025
March 26, 2025
March 23, 2025
March 22, 2025
March 22, 2025
March 19, 2025
March 18, 2025

ഹിമാചല്‍പ്രദേശില്‍ അധികാരത്തിനായി ബിജെപിയില്‍ വടംവലി ;അനുരാഗ് ഠാക്കൂറിനു പിന്നില്‍ നദ്ദ

പുളിക്കല്‍ സനില്‍രാഘവന്‍
April 14, 2022 12:44 pm

ഹിമാചല്‍ പ്രദേശില്‍ അധികാരത്തിനായി ബിജെപിയില്‍ വടംവലി തുടങ്ങി.ഹിമാചല്‍ പ്രദേശില്‍ ആംആദ്മി നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാനായെങ്കിലും ബിജെപിയ്ക്ക് ആശങ്ക. മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറിനെ തന്നെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുഖമാക്കേണ്ടതുണ്ടോ എന്നാണ് ബിജെപി ക്യാംപില്‍ ഉയരുന്ന ചോദ്യം. 

കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് ഹിമാചലില്‍ ബിജെപിയുടെ ചുമതല വഹിക്കുന്നത്. അനുരാഗ് ഠാക്കൂറിനെ ബി ജെപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമോ എന്നാണ് ജയ്‌റാം ഠാക്കൂര്‍ ക്യാംപിന്റെ ആശങ്ക. പഞ്ചാബിലെ വിജയത്തിന് ശേഷം ആം ആദ്മി ഹിമാചലില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ സംസ്ഥാന അധ്യക്ഷനടക്കമുള്ള നേതാക്കളെ ബിജെപി അടര്‍ത്തിയെടുത്തിരുന്നു. ഹിമാചല്‍ പ്രദേശ് ത്രികോണ മത്സരത്തിലേക്ക് നീങ്ങുമ്പോള്‍, ആഭ്യന്തര ഭിന്നതകളും ഭരണവിരുദ്ധതയും നേതൃത്വ പ്രതിസന്ധിയും നേരിടുന്ന ബിജെപി അധികാരത്തില്‍ തിരിച്ചെത്താനുള്ള ശ്രമത്തില്‍ തന്ത്രങ്ങള്‍ വീണ്ടും മെനയുകയാണ്. ഇതിന്റെ ഭാഗമായി, സംസ്ഥാനത്ത് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ ഇതിനകം പാര്‍ട്ടിയുടെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെ സംസ്ഥാനത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് നദ്ദ. സംസ്ഥാനത്തെ ആം ആദ്മി പാര്‍ട്ടിയുടെ ഉന്നതരെ ബിജെപിയിലെത്തിക്കുന്നതില്‍ നദ്ദയ്ക്കൊപ്പം ഠാക്കൂറും പ്രധാന പങ്ക് വഹിച്ചിരുന്നു. ആം ആദ്മിയുടെ ഹിമാചല്‍ പ്രദേശ് മേധാവി അനൂപ് കേസരി, ജനറല്‍ സെക്രട്ടറി (ഓര്‍ഗനൈസേഷന്‍) സതീഷ് ഠാക്കൂര്‍, ഉന പ്രസിഡന്റ് ഇഖ്ബാല്‍ സിംഗ് എന്നിവര്‍ ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന മഹിളാ ഘടകരം അധ്യക്ഷ മംമ്താ ഠാക്കൂറും വനിതാ വിഭാഗത്തിന്റെ ചില ഭാരവാഹികളും ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ ഠാക്കൂറിന്റെ പ്രവര്‍ത്തനങ്ങള്‍ ഉന്നതങ്ങളില്‍ നിന്ന് പ്രശംസ നേടിയിരുന്നു.

യുവജനകാര്യ, കായിക മന്ത്രാലയത്തിനൊപ്പം ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് പോര്‍ട്ട്‌ഫോളിയോ നല്‍കി ഠാക്കൂറിനെ കഴിഞ്ഞ പുനഃസംഘടനയില്‍ ക്യാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നാണം കെട്ട തോല്‍വി നേരിട്ട മലയോര മേഖലയില്‍ കൂടുതല്‍ ആഴത്തിലുള്ള പ്രശ്നങ്ങള്‍ നേരിടാനുണ്ടെന്ന് ബി ജെ പി വൃത്തങ്ങള്‍ സമ്മതിക്കുന്നു. ബി ജെ പിക്ക് ഞെട്ടിക്കുന്ന തോല്‍വി സമ്മാനിച്ച് കോണ്‍ഗ്രസ് ഉപതെരഞ്ഞെടുപ്പ് തൂത്തുവാരിയിരുന്നു. ആര്‍ക്കി, ഫത്തേപൂര്‍, ജുബ്ബല്‍-കോട്ഖായ് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ക്ക് പുറമെ മാണ്ഡി ലോക്‌സഭാ മണ്ഡലത്തിലും കോണ്‍ഗ്രസാണ് വിജയിച്ചത്. പ്രചോദനാത്മകമായ നേതൃത്വം നല്‍കുന്നതില്‍ മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍ പരാജയപ്പെട്ടുവെന്നും ജനപിന്തുണ നേടാനായില്ലെന്നുമാണ് കേന്ദ്രനേതൃത്വത്തിലെ ചിലര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം പാര്‍ട്ടി നേതാക്കളുടെ അഭിപ്രായം.

ബ്യൂറോക്രസിയെ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ചീഫ് സെക്രട്ടറി രാം സുഭാഗ് സിംഗ് ഉള്‍പ്പെടെയുള്ള ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നുവെന്നും വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ജയ് റാം ഠാക്കൂറിനെ മാറ്റാന്‍ പാര്‍ട്ടിക്ക് പദ്ധതിയില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മത്സരിക്കുമെന്നും നദ്ദ പറയുന്നു.ഹിമാചല്‍ ആണ് ജനസംഖ്യയില്‍ പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ ആദ്യത്തെ സംസ്ഥാനം. ഇതോടൊപ്പം പാര്‍ട്ടിക്ക് അതിന്റെ ജാതി സമവാക്യം പുനഃക്രമീകരിക്കേണ്ടി വന്നേക്കാം. ഉയര്‍ന്ന ജാതിക്കാര്‍, പ്രധാനമായും ബ്രാഹ്മണരും രജപുത്രരും, ഹിമാചല്‍ പ്രദേശില്‍ 50 ശതമാനത്തിലധികം വോട്ടുകളുള്ളവരാണ്. 

എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഈ വോട്ടര്‍മാരുടെ മേല്‍ ബി ജെ പിക്ക് കുത്തക അവകാശപ്പെടാന്‍ കഴിയില്ല. സംസ്ഥാനത്ത് 25 ശതമാനത്തിലധികം എസ് സി വോട്ടുകളും 5.7 ശതമാനം എസ് ടി വോട്ടുകളും ഉണ്ട്. പിന്നാക്ക വിഭാഗങ്ങള്‍ 14 ശതമാനത്തോളം വരും. പ്രധാന എതിരാളിയായ കോണ്‍ഗ്രസിന് ഈ സമുദായങ്ങള്‍ക്കിടയില്‍ ഗണ്യമായ പിന്തുണ ലഭിക്കുന്നതിനാല്‍ ബി ജെ പി വിയര്‍ക്കും. സ്ത്രീ വോട്ടര്‍മാരെ തങ്ങളുടെ പക്ഷത്ത് എത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തിക്കണമെന്ന് മോഡിപറഞ്ഞതോടെ, സംസ്ഥാന സര്‍ക്കാര്‍ സ്ത്രീകളെ ലക്ഷ്യമിട്ട് നിരവധി പരിപാടികള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 70 ശതമാനം മണ്ഡലങ്ങളിലും സ്ത്രീകളുടെ പോളിങ് ശതമാനം പുരുഷന്മാരേക്കാള്‍ കൂടുതലാണെന്ന് പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Eng­lish Summary:BJP pulls out of pow­er in Himachal Pradesh: Nad­da behind Anurag Thakur

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.