22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 21, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024

ഹിമാചല്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി; പട്ടികജാതിമോര്‍ച്ചാ നേതാവുള്‍പ്പെടെ ആംആദ്മിയില്‍

പുളിക്കല്‍ സനില്‍രാഘവന്‍
ന്യൂഡല്‍ഹി
April 15, 2022 11:54 am

നിയസഭ തിരഞ്ഞെടുപ്പിന് മുൻപ് ഹിമാചൽ പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി നിരവധി നേതാക്കളും, പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് ആംആദ്മി പാര്‍ട്ടിയില്‍ ചേക്കേറുന്നു. പട്ടികജാതി മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഹർമൻ ധിമാൻ ഉൾപ്പെടെ മൂന്ന് ബി ജെ പി നേതാക്കൾ അവരുടെ അനുയായികൾക്കൊപ്പം എ എ പിയിൽ ചേർന്നു. ഇനിയും ആയിരത്തോളം ബിജെപി നേതാക്കൾ ആം ആദ്നി പാർട്ടിയിൽ ചേരുമെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ വ്യക്തമാക്കി.

നിരവധി നേതാക്കൾ തങ്ങളുമായി ബന്ധം പുലർത്തുകയാണ്. ഹിമാചൽ പ്രദേശിൽ ആം ആദ്മി തന്നെ അധികാരത്തിലേറുമെന്നും സിസോദിയ പറഞ്ഞു. ധിമാൻ ജി മറ്റ് 20 ജില്ലാ തല നേതാക്കൾക്കൊപ്പം ആണ് ബിജെപി വിട്ട് ആം ആദ്മിയിൽ ചേർന്നത്. ഇപ്പോൾ, ബിജെപിയുടെ 1,000 ജില്ലാ-ബ്ലോക്ക് നേതാക്കൾ ആം ആദ്മിയിൽ ചേരാനിരിക്കുകയാണ്. സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി ബി ജെ പി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ അവർക്ക് ഇല്ല, സിസോദിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബി ജെ പിയുടെ പല പ്രമുഖ നേതാക്കളും ഞങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ ബി ജെ പി പൂർണമായും ചിതറിയ നിലയിലാണെന്നും സിസോദിയ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അർപ്പണബോധമുള്ള നേതാക്കളെ ഉൾപ്പെടുത്തി പാർട്ടി പ്രവർത്തക സമിതി പുനഃസംഘടിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സിസോദിയ പറഞ്ഞു. ബി ജെ പിയിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നുമുള്ള നേതാക്കൾ ഹിമാചൽ പ്രദേശിൽ ആം ആദ്മി പാർട്ടിക്ക് കാര്യമായ പിന്തുണ നൽകുന്നുണ്ട്.ആം ആദ്മി പാർട്ടിയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയിൽ ബി ജെ പി വളരെയധികം ആശങ്കയിലാണ്.ജനങ്ങൾ പ്രതീക്ഷയോടെയാണ് എ എ പിയെ ഉറ്റുനോക്കുന്നത്. ഡൽഹിയിലെയും പഞ്ചാബിലെയും എ എ പി സർക്കാരുകൾ നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്.

ഹിമാചൽ പ്രദേശിലും ഞങ്ങൾ അത് ആവർത്തിക്കും, സിസോദിയ അവകാശപ്പെട്ടു.കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ആം ആദ്മിയുടെ സംസ്ഥാനത്തേക്കുള്ള വരവ് ഇരുപാർട്ടികളേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് കോൺഗ്രസും ബി ജെ പിയും വേഗം കൂട്ടിക്കഴിഞ്ഞു.

ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഉൾപ്പെടെ സംസ്ഥാനത്ത് നിരന്തരം സന്ദർശനം നടത്തുന്നുണ്ട്. തന്റെ കോട്ടയായ ഹിമാചലിൽ ഇക്കുറി ഭരണം നഷ്ടപ്പെട്ടാൽ അത് നദ്ദയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാകും.ഏപ്രിൽ 23 ന് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി കൺവീനറുമായ അരവിന്ദ് കെജരിവാൾ ഹിമാചൽ സന്ദർശിക്കും. നേരത്തേ സംസ്ഥാനത്ത് കെജരിവാളിന്റെ നേതൃത്വത്തിൽ പാർട്ടി ശക്തിപ്രകടനം നടത്തിയിരുന്നു. സംസ്ഥാനത്ത് തങ്ങളുടെ കന്നി പോരാട്ടത്തിന് ഒരുങ്ങുകയാണ് ആം ആദ്മി. പഞ്ചാബിലെ അലയൊലികൾ ഹിമാചലിൽ ഉണ്ടാകുമെന്നാണ് നേതൃത്വം പ്രതീക്ഷ പുലർത്തുന്നത്. തിരഞ്ഞെടുപ്പിനായി പ്രത്യേകം തന്ത്രങ്ങളാണ് പാർട്ടി മെനയുന്നത്.ഇക്കുറി ബി ജെ പിയിൽ നിന്നും അധികാരം തിരിച്ച് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ പാർട്ടി ഉന്നയിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ കുൽദീപ് സിങ് റാത്തോഡ് പറഞ്ഞു. ബി.ജെ.പി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ ഹിമാചൽ പ്രദേശിലെ ജനങ്ങൾ മടുത്തു, അതുമൂലം രാജ്യത്ത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും വളരെയധികം വർദ്ധിച്ച് വരികയാണെന്നും കുൽദീപ് കുറ്റപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ചവെയ്ക്കാൻ കോൺഗ്രസിന് സാധിച്ചു. വിലവർധനയ്ക്കും തൊഴിലില്ലായ്മയ്ക്കും എതിരെയാണ് ജനം വോട്ട് ചെയ്തത്. അതുകൊണ്ട് തന്നെ നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ഈ വിഷയങ്ങൾ പ്രചാരണായുധമാക്കുമെന്നും റാത്തോഡ് പറയുന്നു

Eng­lish Summary:BJP suf­fers set­back in Himachal Pradesh; In the Aam Aad­mi Par­ty, includ­ing the leader of the Sched­uled Caste Morcha

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.