17 May 2024, Friday

Related news

May 9, 2024
May 8, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024

നിരത്തുകൾ കീഴടക്കി ഇ‑വാഹനങ്ങൾ

ബേബി ആലുവ
കൊച്ചി
May 2, 2024 10:40 pm

സംസ്ഥാനത്തെ നിരത്തുകൾ കയ്യടക്കി വൈദ്യുത വാഹനങ്ങളുടെ എണ്ണം പെരുകുന്നു. 52,419 വാഹനങ്ങളാണ് 2022–23ൽ രജിസ്റ്റർ ചെയ്തതെങ്കിൽ 23–24ൽ 80,933 ആയാണ് ഉയർന്നിട്ടുള്ളത്. ചാർജിങ് സാമഗ്രികളുടെ ദൗർലഭ്യം മാറിപ്പോവുകയും അവ ക്ഷാമമില്ലാതെ എത്താൻ തുടങ്ങുകയും ചെയ്തതാണ് വൈദ്യുത വാഹനങ്ങളുടെ വില്പന ഉയരാനിടയാക്കിയത്. ഇരുചക്ര വാഹനങ്ങൾക്കാണ് ആവശ്യക്കാർ ഏറെയെങ്കിലും കാർ, ഓട്ടോറിക്ഷ എന്നിവയുടെ വില്പനയും ഇരട്ടിയായി. 65,183 ഇരുചക്ര വാഹനങ്ങളും 10,307 കാറുകളും 5,085 ഓട്ടോറിക്ഷകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുൻ വർഷത്തേതിൽ നിന്ന് 2023–24ൽ 54.4 ശതമാനത്തിന്റേതാണ് വില്പനയിലെ വളർച്ച. വൈദ്യുത വാഹന ഉടമകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഇളവുകളും സബ്സിഡിയുമാണ് കൂടുതൽ പേരെ അവ വാങ്ങുന്നതിന് പ്രധാനമായും പ്രേരിപ്പിക്കുന്നത്. ആദ്യ അഞ്ച് വർഷത്തേക്ക് വൈദ്യുത വാഹനങ്ങൾക്ക് റോഡ് നികുതിയിൽ 50 ശതമാനത്തോളം ഇളവുണ്ട്. ഓട്ടോറിക്ഷകൾക്ക് 10,000 രൂപ മുതൽ 30,000 രൂപ വരെ സബ്സിഡിയായും നൽകുന്നുണ്ട്.
വീടുകളിൽത്തന്നെ ചാർജിങ് സംവിധാനം ഒരുക്കാമെന്നതും ചെലവ് ഗണ്യമായി കുറയുമെന്നതും സവിശേഷതയായി ഉപഭോക്താക്കൾ കാണുന്നു. വൈദ്യുത വാഹനങ്ങൾക്ക് ആവശ്യക്കാർ കൂടിയതോടെ ദ്രവീകൃത പ്രകൃതി വാതകം (സിഎൻജി) ഉപയോഗിച്ചുള്ള വാഹനങ്ങളുടെ വില്പനയിൽ ഇടിവുണ്ടായി.

കഴിഞ്ഞ സാമ്പത്തിക വർഷം 17,015 വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. മുൻ വർഷം 21,765 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു. വൈദ്യുത വാഹനങ്ങളുടെ വില്പന കൂടിയതോടെ മുൻ നിര വാഹന നിർമ്മാതാക്കളെല്ലാം ആ വഴിക്ക് തിരിയുകയാണ്. ഒരു പടികൂടി കടന്ന്, പുണെ ആസ്ഥാനമായ ഒരു കമ്പനി ഈ വർഷം സൗരോർജം ഉപയോഗിച്ച് ഓടിക്കാവുന്ന രാജ്യത്തെ ആദ്യ വാഹനം വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, വൈദ്യുത വാഹനം വാങ്ങാനുള്ള ജനങ്ങളുടെ താല്പര്യത്തിന് കേന്ദ്ര ബജറ്റ് തിരിച്ചടിയായി. കഴിഞ്ഞ സാമ്പത്തിക വർഷം വൈദ്യുത വാഹനങ്ങൾക്കായി 5172 കോടി രൂപയായിരുന്നു ബജറ്റ് എസ്റ്റിമേറ്റ്. പിന്നീട് ഈ തുക 4807 കോടിയായി കുറച്ചു. 2024–25 വർഷത്തേക്ക് ഇത് വീണ്ടും 2671 കോടി രൂപയായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഈ സ്ഥിതി മൂലം വൈദ്യുത വാഹനങ്ങൾ വാങ്ങാൻ ചെലവേറുമെന്ന ആശങ്ക വ്യാപകമാണ്. 

Eng­lish Summary:E‑vehicles con­quer the streets
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.