23 January 2026, Friday

കള്ളപ്പണ ഇടപാട്: കർദിനാൾ ജോ‍ർജ് ആലഞ്ചേരി അടക്കമുളളവരെ ഇഡി ചോദ്യം ചെയ്യും

Janayugom Webdesk
കൊച്ചി
June 25, 2023 8:48 pm

സിറോ മലബാർ സഭാ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസിൽ കർദിനാൾ ജോ‍ർജ് ആലഞ്ചേരി അടക്കമുളളവരെ എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും.
കളളപ്പണ ഇടപാടാണ് കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്. ഇടപാടിന്റെ രേഖകൾ നേരത്തെ തന്നെ അന്വേഷണസംഘം അതിരൂപതയോട് ആവശ്യപ്പെട്ടിരുന്നു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പുറമേ നിലവിലെ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത്, അതിരൂപതയുടെ ചുമതലയുളള ഒരു വൈദികൻ, ചാർട്ടേ‍ഡ് അക്കൗണ്ടന്റ് എന്നിവരിൽ നിന്നും വിവരങ്ങൾ തേടും. 

അതിരൂപതയുടെ 1.60 ഏക്കർ ഭൂമി വിവിധ ആളുകൾക്ക് വിൽപ്പന നടത്തിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിന്മേൽ കേസെടുത്ത് അന്വേഷണം നടക്കുകയാണ്. കർദ്ദിനാൾ അടക്കം മൂന്ന് പേരെ പ്രതിയാക്കി ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഗൂഢാലോചന, വിശ്വാസവഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസുകൾ. കർദ്ദിനാളിന് പുറമെ സിറോ മലബാർ സഭയുടെ മുൻ പ്രോക്യൂറേറ്റർ ജോഷി പുതുവ, ഭൂമി വിൽപ്പനയുടെ ഇടനിലക്കാരൻ സാജു വ‍ർഗീസ് കുന്നേൽ എന്നിവരാണ് കേസിലെ കൂട്ട് പ്രതികൾ. 

അതേ സമയം, സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി കഴിഞ്ഞ ദിവസം അഡ്വക്കറ്റ് ജനറലിന് അപേക്ഷ ലഭിച്ചു. എറണാകുളം കലൂർ സ്വദേശി കെ ഒ ജോണിയാണ് അപേക്ഷ നൽകിയത്. കർദിനാൾ തുടർച്ചയായി കോടതികളെ അവഹേളിക്കുന്ന പ്രസ്താവനകൾ നടത്തുന്നുവെന്നാണ് പരാതി. 

Eng­lish Sum­ma­ry: Black mon­ey deal: ED to inter­ro­gate those includ­ing Car­di­nal George Alencheri

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.