19 December 2024, Thursday
KSFE Galaxy Chits Banner 2

ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം

നിഖിൽ എസ് ബാലകൃഷ്ണൻ
കൊച്ചി
October 27, 2023 11:01 pm

വിലക്ക് മാറി തിരികെ എത്തിയ പരിശീലകൻ ഇവാൻ വുക്കുമനോവിച്ച് ജയത്തോടെ വരവേൽപ്പ് നൽകി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചി കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കൊമ്പൻമാരുടെ ജയം. ഒഡിഷയ്ക്കായി മൗറീഷ്യ (15-ാം മിനിറ്റ്) ആദ്യ ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ ദിമിത്രിയോസ് (66), അഡ്രിയാൻ ലൂണ (84) എന്നിവരുടെ ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയതീരമണഞ്ഞത്. ജയത്തോടെ 10 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നു. പെനാൽറ്റി അടക്കം തടഞ്ഞിടുകയും മിന്നും സേവുകളുമായി കളം നിറയുകയും ചെയ്ത ഗോളി സച്ചിൻ സുരേഷിന്റെ കഠിനധ്വാനവും വിജയത്തിൽ നിർണായകമായി. ഇനി നവംബർ നാലിന് ഈസ്റ്റ് ബംഗാളിനെതിരെ അവരുടെ നാട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ കളി. വിലക്ക് നീങ്ങി എത്തിയ ഇവാൻ വുക്കുമനോവിച്ചിന്റെ ചിത്രം ഉൾപ്പെടുത്തിയ കൂറ്റൻ ടിഫോയുമായാണ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട മൈതാനത്ത് എത്തിയത്. പ്രതീക്ഷിച്ചപോലെ രാജകീയമായി തന്നെ ആരാധകർ ഇവാൻ വുക്കുമനോവിച്ചിനെ വരവേറ്റു. നോർത്ത് ഈസ്റ്റുമായി കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ദിമിത്രിയോസിനെ ബെഞ്ചിലിരുത്തി പകരം കെ പി രാഹുലിന് പരിശീലകൻ ഇവാൻ വുക്കുമനോവിച്ച് അവസരം നൽകി. പെപ്ര‑രാഹുൽ സഖ്യം ആക്രമണം നയിച്ചപ്പോൾ ലൂണ വീണ്ടും മധ്യനിരയിലേക്ക് ഇറങ്ങി. മറുവശത്ത് ലീഗിൽ ഗോളുകൾ അടിച്ചുകൂട്ടുന്ന ജെറി മവിമിങ്താംഗയെ ആക്രമണത്തിന്റെ താക്കോൽ ഏല്പിച്ചാണ് ഒഡിഷ ഇറങ്ങിയത്. അപകടകാരിയായ അഹമ്മദ്ദ് ജാഹുവും ഡിയോഗോ മൗറീഷ്യോയും സെനഗൽ താരം സെർജിന് മൗർടഡഫളും ഒഡിഷക്ക് വേണ്ടി ആദ്യഇലവനിൽ ഇടംപിടിച്ചു. 

ആദ്യ മിനിറ്റുകളിൽ തന്നെ ആക്രമണവുമായി ഒഡിഷയാണ് കളം പിടിച്ചത്. പാസുകൾ നൽകുന്നതിൽ വീഴ്ച്ചവരുത്താൻ ബ്ലാസ്റ്റേഴസ് താരങ്ങൾ മത്സരിച്ചതോടെ ഒഡിഷ ആധിപത്യം സ്ഥാപിച്ചു. 10-ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം പക്ഷെ മുതലാക്കാൻ രാഹുലിന് സാധിച്ചില്ല. ഒഡിഷ ഗോളി അമരീന്ദർ സിങ് മാത്രം മുന്നിൽ നിൽക്കെ കാലിൽ പാകത്തിന് കിട്ടിയ പന്ത് ലക്ഷ്യത്തിലേയ്ക്ക് പായിക്കുന്നതിൽ രാഹുൽ പരാജയപ്പെട്ടു. തൊട്ടുപിന്നാലെ പ്രതീക്ഷിച്ച അപകടം സംഭവിച്ചു. കാലിൽ ലഭിച്ച പന്തുമായി ബോക്സിലേക്ക് കയറിയ ഡിയോഗോ മൗറീഷ്യസ് ഒന്ന് വെട്ടിയൊഴിഞ്ഞ പന്ത് ബ്ലാസ്റ്റേഴ്സ് വലയിലേയ്ക്ക് പായിച്ചു. ഗോൾ വീണതിന്റെ ഞെട്ടലിൽ നിന്ന് ഉണരും മുമ്പ് അടുത്ത തിരിച്ചടി. ഗോൾ പോസ്റ്റിന് മുപ്പത് വാര അകലെ നിന്ന് കിട്ടിയ ഫ്രീകിക്ക് എടുത്ത അഹമ്മദ് ജാഹുവിന്റെ കിക്ക് ബ്ലാസ്റ്റേഴ്സ് പോസ്റ്റിലിടിച്ച് തെറിച്ചു. അപകടം ഒഴിഞ്ഞെന്ന് കരുതിയ ആതിഥേയർക്ക് തെറ്റി. കുത്തിപൊങ്ങിയ പന്ത് കൈകൊണ്ട് തടഞ്ഞ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരതാരം നവോച്ച സിങ്ങിന്റെ പ്രവർത്തിക്ക് റഫറി വിധിച്ചത് പെനാൽറ്റി. മഞ്ഞക്കുപ്പായക്കാർ തലയിൽ കൈവച്ച നിമിഷങ്ങളായിരുന്നു അത്. എന്നാൽ രക്ഷകനായി അവതരിച്ച ഗോളി സച്ചിൻ സുരേഷിന്റെ കൈകൾ മൗറീഷ്യോയുടെ കിക്ക് തടഞ്ഞ് ബ്ലാസ്റ്റേഴ്സിന് പുതുജീവൻ നൽകി. അഹമ്മദ് ജാഹു- മൗറീഷ്യോ കൂട്ടുകെട്ടാണ് ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സിനെ ഏറെ പരീക്ഷിച്ചത്. പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റത്തിലും ഒരുപോലെ ക്യാപ്റ്റൻ ലൂണ നിറഞ്ഞ് കളിച്ചെങ്കിലും പിന്തുണ നൽകാൻ ഒരു താരത്തിന്റെ അഭാവമാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. 

രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ തീവ്രശ്രമങ്ങൾക്കാണ് മൈതാനം സാക്ഷ്യം വഹിച്ചത്. പകരക്കാരനായി ദിമിത്രിയോസ് രണ്ടാം പകുതിയിൽ ഇറങ്ങിയതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾക്ക് ജീവൻവച്ചത്. ഒരുഗോൾ ലീഡിൽ മത്സരം അവസാനിപ്പിക്കാനായുള്ള ഒഡിഷ മോഹങ്ങൾക്ക് 66-ാം മിനിറ്റിൽ ദിമിത്രിയോസിലൂടെ ബ്ലാസ്റ്റേഴ്സ് തിരിച്ചടി നൽകി. ആ ഗോളിന് പിന്നിലും ലൂണയുടെ തന്ത്രങ്ങളായിരുന്നു. തന്നെ ഫൗൾ ചെയ്തതിന് കിട്ടിയ കിക്ക് ഒഡിഷ താരങ്ങൾ ചിന്തിക്കുന്നതിനും മുൻപേ ലൂണ സക്കായിക്ക് നീട്ടി നൽകി. വൺടച്ചിലൂടെ പന്ത് സക്കായി ദിമിത്രിയോസിന് കൈമാറി. പ്രതിരോധനിര അണിനിരക്കും മുമ്പെ തന്നെ ദിമിത്രിയോസ് ഒഡിഷ വല കുലുക്കി. സമനില ഗോൾ കണ്ടെത്തിയതോടെ മഞ്ഞപ്പട ഉണർന്നു. തുടരെ തുടരെയുള്ള ആക്രമണങ്ങൾക്ക് കൂടിയാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒടുവിൽ 85-ാം മിനിറ്റിൽ ജയിപ്പിക്കാനുള്ള നിയോഗം നായകൻ ലൂണയുടെ കാലുകളിലേയ്ക്ക് എത്തി. ഒഡിഷ ഗോളി അമരീന്ദർ തട്ടി അകറ്റാൻ നോക്കിയ പന്ത് പക്ഷെ ലൂണയുടെ കാലുകളിലേയ്ക്കാണ് എത്തിയത്. തിരികെ പോസ്റ്റിലേയ്ക്ക് അമരീന്ദർ വേഗത്തിൽ മടങ്ങിയെങ്കിലും ലൂണയുടെ കാലുകളുടെ വേഗതയെ മറികടക്കാനായില്ല. ടൂർണമെന്റിൽ ബ്ലാസ്റ്റേഴ്സ് നായകൻ ലൂണയുടെ മൂന്നാം ഗോള്‍ കൂടിയാണ് കലൂർ സ്റ്റേഡിയത്തിൽ പിറന്നത്. 

Eng­lish Summary;Blasters have a great win
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.