ലോകമെമ്പാടുമുള്ള രക്തദാതാക്കളോട്, അവരുടെ സന്നദ്ധതയ്ക്കും ത്യാഗ മനഃസ്ഥിതിക്കും നന്ദിയും സന്തോഷവും പ്രകടിപ്പിക്കാനും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമാണ് ഈ ദിനം ആഘോഷിക്കുന്നത്. രക്തദാനത്തിന്റെ ആവശ്യകതയും പ്രാധാന്യവും സമൂഹത്തെ ബോധ്യപ്പെടുത്താനും ബോധവല്ക്കരിക്കാനും കൂടിയാണിത്. ലോകാരോഗ്യ സംഘടനയാണ് ഈ ദിനാഘോഷത്തിന് ആഹ്വാനം ചെയ്യുന്നത്. 2004ൽ ആണ് ലോകരക്തദാതാ ദിനം ആഘോഷിക്കാൻ തുടങ്ങിയത്. ആധുനിക രക്തബാങ്കിങ്ങിന് അടിത്തറയിട്ട കണ്ടുപിടിത്തം നടത്തിയ ഓസ്ട്രിയക്കാരനായ കാൾ ലാൻഡ്സ്റ്റീനറുടെ ജന്മദിനമാണ് ഈ ആഘോഷത്തിന് തിരഞ്ഞെടുത്തത്. എല്ലാവരുടെയും ചോരയുടെ നിറം ഒന്നാണെങ്കിലും വ്യത്യസ്ത ഗ്രൂപ്പുകൾ ഉണ്ടെന്ന് അദ്ദേഹം 1901 ൽ കണ്ടെത്തി. ആ കണ്ടുപിടിത്തത്തിന് ലാൻഡ് സ്റ്റീനർക്ക് നൊബേൽ സമ്മാനം ലഭിച്ചു. “രക്തദാനം മാനവികതയോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനം; മനുഷ്യജീവൻ രക്ഷിക്കാനുള്ള പരിശ്രമങ്ങളിൽ കണ്ണി ചേരുക” എന്നതാണ് ഈ വർഷത്തെ (2022) ദിനാഘോഷത്തിന്റെ സന്ദേശവാക്യം. രക്തദാനം ജീവദാനമാണ്, മഹാദാനമാണ് എന്നൊക്കെ നമുക്കറിയാം. സ്വന്തം ജീവൻ നഷ്ടമാകുമെന്നറിഞ്ഞിട്ടും ദാനം ചെയ്ത ഇതിഹാസങ്ങളിലെ മഹാദാനികളേറെയുണ്ട്. എന്നാൽ രക്തദാനത്തിന്റെ കഥയും ശാസ്ത്രവും വ്യത്യസ്തമാണ്. തങ്ങളുടെ രക്തദാനത്തിലൂടെ മറ്റൊരു ജീവൻ രക്ഷിക്കാമെന്ന് മാത്രമല്ല, ദാതാവിന്റെ ജീവൻ കൂടി കൂടുതൽ കാലം നിലനിർത്താനുമാകും എന്നതാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്..! കൃത്യമായ ഇടവേളകളിൽ തുടർച്ചയായി രക്തം ദാനം ചെയ്യുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗബാധയ്ക്ക് സാധ്യത തുലോം കുറവാണെന്നാണ് വസ്തുത. ഇത് കണ്ടെത്തിയത് ഡോ. ജെറോം സള്ളിവൻ ആണ്. ഇരുമ്പ് ശരീരത്തിൽ അടിഞ്ഞുകൂടുന്നതിനും അത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്നതിനും രക്തദാനം തടയിടും എന്നാണദ്ദേഹത്തിന്റെ കണ്ടെത്തൽ! മാസമുറയുള്ള സ്ത്രീകൾക്ക് ഹൃദ്രോഗബാധ പുരുഷന്മാരെ അപേക്ഷിച്ച് താരതമ്യേന കുറയാൻ കാരണം അവരിൽ നിന്ന് എല്ലാ മാസവും അല്പം രക്തം ശരീരം പുറന്തള്ളുന്നതാണ്. മൂന്നു മാസം കൂടുമ്പോൾ രക്തദാനം ചെയ്യുന്നത് ശീലമാക്കുന്നത് നല്ലതാണെന്ന് പറയുന്നത് ഇത് കൊണ്ട് കൂടിയാണ്. നമ്മുടെ ജീവിതത്തിൽ രക്തം ആവശ്യമായി വരുന്ന നിരവധി അടിയന്തര സന്ദർഭങ്ങളുണ്ട്.
കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ, ശസ്ത്രക്രിയകൾ, പ്രസവം, ജീവിതകാലം മുഴുവൻ രക്തം കയറ്റേണ്ടി വരുന്ന ജനിതകരോഗങ്ങൾ (ഹീമോഫീലിയ, തലസീമിയ, സിക്കിൾസെൽ അനീമിയ) റോഡപകടം, പാമ്പുകടി, കത്തിക്കുത്ത്, തീപ്പൊള്ളൽ എന്നീ സന്ദർഭങ്ങളിൽ തുല്യ ഗ്രൂപ്പിലുള്ള രക്തമോ രക്തഘടകങ്ങളോ കൃത്യസമയത്ത് കിട്ടിയാൽ മാത്രമെ ജീവൻ രക്ഷിക്കാനാകൂ. എന്നാൽ, എല്ലാ ഗ്രൂപ്പിലും പെട്ട രക്തവും രക്തഘടകങ്ങളും എല്ലായ്പോഴും രക്ത ബാങ്കിൽ സ്റ്റോക്ക് ഉണ്ടാകണമെന്നില്ല. സന്നദ്ധ രക്തദാനത്തിന്റെ പ്രസക്തി ഇവിടെയാണ്. ശാസ്ത്രസാങ്കേതിക വിദ്യ ഇത്രയധികം വികസിച്ചിട്ടും മനുഷ്യരക്തത്തിന് പകരം മറ്റൊന്ന് നാളിത് വരെ കണ്ടുപിടിക്കാനായിട്ടില്ല. പൂർണ ആരോഗ്യവാനായ (ആരോഗ്യവതിയായ), പ്രായപൂർത്തിയായ ഏതൊരാൾക്കും മൂന്നു മാസം കൂടുമ്പോൾ ധൈര്യസമേതം രക്ത ബാങ്കിലൊ രക്തദാന ക്യാമ്പിലൊ ചെന്ന് രക്തദാനം നടത്താം. 60 വയസിനുള്ളിൽ പ്രായവും 45 കിലോ ഗ്രാം എങ്കിലും ശരീരഭാരവും 12.5 ഗ്രാം ശതമാനം ഹീമോഗ്ലോബിനും ഉള്ളവർക്ക് സംശയമന്യേ രക്തം ദാനം ചെയ്യാം. അസുഖങ്ങളുള്ളവർ, ഏതെങ്കിലും മരുന്ന് കഴിക്കുന്നവർ, അടുത്ത കാലത്ത് കുത്തിവയ്പ്പ് എടുത്തവർ, ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, ലഹരി വസ്തുക്കൾക്ക് അടിമകളായവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ രക്തദാനം ചെയ്യരുത്. രക്തദാനം തൊഴിലാക്കിയവരുടെ രക്തം ബാങ്കിൽ സ്വീകരിക്കില്ല. മാസമുറയുള്ളപ്പോൾ സ്ത്രീകളിൽ നിന്ന് രക്തമെടുക്കില്ല. ഉറവയുള്ള കിണറിൽ നിന്ന് വെള്ളം കോരിയെടുക്കുന്നത് പോലെയാണ് ആരോഗ്യമുള്ള ശരീരത്തിൽ നിന്ന് രക്തമെടുക്കുന്ന പ്രകിയ! ജീവിതത്തിൽ ഒരിക്കലും രക്തം കൊടുക്കാത്തവരുണ്ട്. അവരുടെ ശരീരം, രക്തം എല്ലാക്കാലത്തേക്കുമായി കരുതിവയ്ക്കുമെന്ന് കരുതുന്നവരുണ്ട്. അത് അബദ്ധധാരണയാണ്. രക്തകോശങ്ങൾ നശിക്കുകയും അത് ശരീരം ഇടക്കിടെ പുറം തള്ളുകയും ചെയ്യുന്നുണ്ട് — പാമ്പ് ഉറയൂരുന്നത് പോലെ…! രജിസ്ട്രേഷൻ, ഡോക്ടറുടെ പരിശോധന, കൗൺസിലറുടെ ഇടപെടൽ, രക്തഗ്രൂപ്പ്, ഹീമോഗ്ലോബിൻ പരിശോധന, രക്തദാനം, വിശ്രമം ഇവയ്ക്കെല്ലാം കൂടി ആകെ അരമണിക്കൂർ സമയം മാത്രം ദാതാവ് രക്തബാങ്കിൽ ചെലവാക്കിയാൽ മതിയാകും. രക്തമെടുക്കുന്ന പ്രക്രിയ ഏഴ് മിനിറ്റ് മാത്രം നീണ്ടു നിൽക്കുന്ന ലളിതമായ ഒന്നാണ്. സൂചി കുത്തുമ്പോഴുള്ള നേരിയ വേദന മാത്രമെ ഉണ്ടാകുകയുള്ളു. കൈമടക്കിലെ ഞരമ്പിൽ നിന്നാണ് രക്തം എടുക്കുക. ക്ഷീണമൊ തളർച്ചയൊ ഉണ്ടാകില്ല. ദാതാവിന് ലഘുപാനീയവും ലഘുഭക്ഷണവും രക്തബാങ്കിൽ നിന്ന് നൽകും. ദാതാക്കളെ നിരീക്ഷിക്കാനും പരിചരിക്കാനും സദാ സന്നദ്ധരായി ഡോക്ടർ, നഴ്‌സ്, മറ്റ് പാരാമെഡിക്കൽ ഉദ്യോഗസ്ഥർ എന്നിവര്‍ രക്ത ബാങ്കിലുണ്ടാകും. നിരവധി വിപ്ലവകരമായ മാറ്റങ്ങൾ രക്ത ബാങ്കുകളിൽ ഇതിനകം സംഭവിച്ചു.
ഒരാളിൽ നിന്നെടുക്കുന്ന രക്തം വിവിധ ഘടകങ്ങളാക്കി വേർതിരിച്ച് ഒന്നിലധികം രോഗികൾക്ക് അവരുടെ രോഗാവസ്ഥയ്ക്ക് അനുസരിച്ച് നൽകുന്ന സംവിധാനമായ രക്ത ഘടകവിശ്ലേഷണ യൂണിറ്റ് ഇന്ന് ഒട്ടുമിക്ക ബ്ലഡ് ബാങ്കുകളിലുണ്ട്. ചുവന്ന രക്താണുക്കൾ, പ്ലാസ്മ, പ്ലേറ്റ്ലറ്റുകൾ, ക്രയോപ്രെസിപ്പിറ്റേറ്റ് എന്നീ ഘടകങ്ങളാണ് രക്തത്തിൽ നിന്ന് വേർതിരിക്കുക. വിളർച്ചാ രോഗങ്ങൾ ഉള്ളവർക്ക് ആർബിസിയും തീപ്പൊള്ളലേറ്റവർക്കും വൃക്കത്തകരാറുള്ളവർക്കും പ്ലാസ്മയും ഡെങ്കിപ്പനി, ചിക്കുൻഗുനിയ, ത്രോംബോസൈറ്റൊപീനിയ എന്നിവയുള്ളവർക്ക് പ്ലേറ്റ്ലറ്റും നൽകി രോഗശമനം പെട്ടെന്നാക്കാൻ ബ്ലഡ് ബാങ്കിന് സഹായിക്കാനാകും. മറ്റൊരു ആധുനിക സംവിധാനം അഫറസിസ് യൂണിറ്റ് ആണ്. ഈ സംവിധാനത്തിൽ, ആവശ്യമുള്ള ഏതെങ്കിലുമൊരു രക്തഘടകം ദാതാവിൽ നിന്ന് താരതമ്യേന കൂടുതൽ അളവ് എടുക്കുകയും മറ്റ് ഘടകങ്ങൾ ദാതാവിന്റെ ശരീരത്തിലേക്ക് തന്നെ യന്ത്രസഹായത്താൽ തിരിച്ചു കയറ്റുകയും ചെയ്യുന്ന പ്രക്രിയയാണ് നടക്കുന്നത്. ഈ സംവിധാനം വലിയ സാധ്യതകളാണ് തുറന്ന് തരുന്നത്. ഒരു രോഗിക്ക് അഞ്ചൊ ആറോ യൂണിറ്റ് പ്ലേറ്റ്ലറ്റ് ആവശ്യമായി വരുന്ന സന്ദർഭത്തിൽ ഒരു ദാതാവിനെ മാത്രം കണ്ടെത്തിയാൽ മതി. അപൂർവരക്ത ഗ്രൂപ്പിൽ പെട്ട രോഗിക്ക് ഇത് വലിയ അനുഗ്രഹമാണ്. നിരവധി അപരിചിതരായ ദാതാക്കളിൽ നിന്നെടുക്കുന്ന രക്തം കയറ്റുമ്പോഴുള്ള റിസ്ക് ഒഴിവാക്കാനുമാകും. മാത്രവുമല്ല, ഒന്നിലധികം ദാതാക്കളിൽ നിന്ന് എടുക്കുന്ന പ്ലേറ്റ്ലറ്റിനേക്കാൾ ഗുണം ചെയ്യുക, ഒരാളിൽ നിന്നെടുത്ത് നൽകുന്നതിനാണ്. അഫറസിസ് ദാതാവിന് രണ്ടു ദിവസം കഴിഞ്ഞാൽ അതേ ഘടകം വീണ്ടും ദാനം ചെയ്യാനാകും. എന്നാൽ ഏകദേശം ഒരു മണിക്കൂർ സമയം ഈ പ്രക്രിയയ്ക്ക് വേണ്ടി വരും എന്നതാണിതിന്റെ ന്യൂനത. മാത്രവുമല്ല താരതമ്യേന ചെലവേറിയ പ്രക്രിയയാണിത്. ഏകദേശം 7000 രൂപ വിലവരുന്ന കിറ്റ് ഇതിന് ഉപയോഗിക്കണം. രക്തബാങ്കുകൾ സ്നേഹവും സാഹോദര്യവും മാനവികതയും തുടിക്കുന്ന മതനിരപേക്ഷ ഇsങ്ങളാണ്. ജാതി, മത, വർഗ, വർണ, കക്ഷിരാഷ്ട്രീയ ഭേദങ്ങളില്ലാത്ത സ്നേഹവീടുകളാണ് രക്ത ബാങ്കുകൾ! ഇവിടെ വന്ന് രക്തദാനം ചെയ്ത് മടങ്ങുമ്പോൾ സന്തോഷവും പുതിയൊരു ഉണർവും ഉന്മേഷവും തീർച്ചയായും ലഭിക്കും..! പിറന്നാൾ, വിവാഹ വാർഷികം, തുടങ്ങിയ വിശേഷാവസരങ്ങളിൽ രക്തദാനം ഒരു ശീലമാക്കുക. ഒരു ജീവൻ രക്ഷിക്കാൻ നമ്മുടെ ഏതാനും തുള്ളി രക്തം കാരണമാകുമെങ്കിൽ അതിൽ പരം ശ്രേഷ്ഠമായ കാര്യം മറ്റെന്തുണ്ട്? രക്തദാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക… മഹിതമായ മാനവികതയുടെയും ദീനാനുകമ്പയുടെയും മഹദ്സന്ദേശമാണത്…! (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗവും തൃശൂർ ഗവ. മെഡിക്കൽ കോളജ് രക്ത ബാങ്ക് മുൻ സയന്റിഫിക് അസിസ്റ്റന്റുമാണ്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.