27 April 2024, Saturday

ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍; ഒരു അവലോകനം

ജൂണ്‍ 14; ലോക രക്തദാന ദിനം
Janayugom Webdesk
June 13, 2022 7:33 pm

മെഡിക്കല്‍ രംഗത്തെ ഏറ്റവും പ്രഗത്ഭമായ ഒരു കണ്ടെത്തലായിരുന്നു ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍. പരീക്ഷണാര്‍ത്ഥം ആരംഭിച്ച ഈ ശാഖ ഇന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനതയുടെ ജീവന്‍ സംരക്ഷിച്ചു കൊണ്ട് മുന്നേറി വരുന്നു. ദിനംപ്രതി ന്യൂതന കണ്ടെത്തലുകളും നടത്തി വരുന്നു. 1628‑ല്‍ വില്ല്യം ഹാര്‍വിയുടെ ബ്ലഡ് സര്‍ക്കുലേഷന്റെ കണ്ടുപിടുത്തത്തോടു കൂടി ആരംഭിക്കുന്നു ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്റെ ചരിത്രം. ശേഷം 1665‑ല്‍ ഇംഗ്ലണ്ടില്‍ നായകളെ ഉപയോഗിച്ച് ആദ്യ ട്രാന്‍സ്ഫ്യൂഷന്‍ പരീക്ഷണാര്‍ത്ഥം നടന്നു. ദശാബ്ദങ്ങള്‍ക്കു ശേഷം 1818‑ല്‍ ബ്രിട്ടീഷുകാരനായ ജെയിംസ് ബ്ലെന്‍ഡന്‍ ആദ്യ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ മനുഷ്യനില്‍ വിജയകരമായി പൂര്‍ത്തിയാക്കി. ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്റെ ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളാല്‍ രചിക്കപ്പെട്ട ഒരു നാഴികക്കല്ലായിരുന്നു ഇത്.

ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്റെ രണ്ടാംഘട്ട ചരിത്രം ആരംഭിക്കുന്നത് കാള്‍ ലാന്‍ഡ് സ്റ്റീനറിലൂടെയാണ്. 1901‑ല്‍ അദ്ദേഹം വളരെ വിപ്ലവകരമായ ഒരു കണ്ടുപിടുത്തം നടത്തുകയുണ്ടായി, അതാണ് രക്തഗ്രൂപ്പുകള്‍. ഇതിലൂടെ മെഡിക്കല്‍ രംഗത്ത് മുഴുവന്‍ മാറ്റത്തിന്റെ അലയടികള്‍ ആരംഭിച്ചു. എ, ബി, ഒ തുടങ്ങി മൂന്ന് രക്ത ഗ്രൂപ്പുകളുണ്ട് എന്ന് അദ്ദേഹം കണ്ടെത്തുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ആല്‍ഫ്രെഡ് ഡെക്കാസ്റ്റെല്ലോ, അഡ്രിയാനോ സ്റ്റര്‍ലി തുടങ്ങിയവര്‍ നാലാമത്തെ രക്തഗ്രൂപ്പായ എബി(AB) കണ്ടെത്തുകയും ചെയ്തു. ലോക ചരിത്രത്തെത്തന്നെ മാറ്റിയെഴുതാന്‍ കെല്‍പ്പുള്ള ഒരു കണ്ടുപിടിത്തമായിരുന്നു അത്. മെഡിക്കല്‍ രംഗം മുഴുവന്‍ മാറ്റത്തിന്റെ കൈപ്പിടിയിലായി. ഈ വിപ്ലവകരമായ കണ്ടെത്തലിന് ലാന്‍സ്റ്റീനര്‍ക്ക് 1930‑ല്‍ ലോകം നോബല്‍ സമ്മാനം നല്‍കി ആദരിക്കുകയും അദ്ദേഹത്തെ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്റെ പിതാവായി അംഗീകരിക്കുകയും ചെയ്തു.

പിന്നീട് 1907‑ല്‍ ഹെക്ടോയിന്‍ രക്തം ക്രോസ്സ് മാച്ചിംഗ് ചെയ്യുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അതിലൂടെ രോഗിക്കുണ്ടാകുന്ന സുരക്ഷയെക്കുറിച്ചും ലോകത്തിന് മനസ്സിലാക്കിക്കൊടുത്തു. തുടര്‍ന്ന് വിവിധ തരത്തിലുള്ള ആന്റികൊയാഗുലന്റുകളുടെ കണ്ടുപിടുത്തത്തോടു കൂടി രക്തം ശേഖരിച്ചു വക്കാം എന്ന ആശയം മുന്നോട്ടു വന്നു. ഹെപാരിന്‍, എസിഡി, സിപിഡി, സിപിഡിഎ തുടങ്ങി ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിനില്‍ ശേഖരിക്കുന്ന രക്തത്തിന്റെ ലൈഫ് വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ആന്റികൊയാഗുലന്റുകളുടെ എണ്ണം കൂടി വന്നു. ഒടുവില്‍ സാഗം സൊലൂഷന്റെ കണ്ടെത്തലോടുകൂടി ശേഖരിക്കുന്ന രക്തം 42 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാമെന്ന നിലവന്നു.

1914 കാലഘട്ടത്തിലാണ് കാള്‍-ലാന്‍സ്റ്റീനര്‍ ആര്‍എച്ച് (Rh) രക്തഗ്രൂപ്പ് കണ്ടെത്തുന്നത്. ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്റെ ചരിത്രത്തിലെ അടുത്ത നിര്‍ണ്ണായകമായ വഴിത്തിരിവ്. ഇതോടെ ട്രാന്‍സ്ഫ്യൂഷന്‍ മുഖാന്തരമുണ്ടാകുന്ന മരണ നിരക്കുകള്‍ വളരെയധികം കുറഞ്ഞു തുടങ്ങി. ലോകമാസകലം മാറ്റത്തിന്റെ അലയടിയുണ്ടായി. ഭൂരിഭാഗം രോഗികളുടെയും ജീവന്‍ നിലനിര്‍ത്തുന്നതില്‍ ഒരു പ്രധാന പങ്ക് അപ്പോഴേക്കും ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ കയ്യടക്കിയിരുന്നു. 1960‑ല്‍ സോളമനും ജെ എല്‍ ഫാഹിയും ആദ്യമായി പ്ലാസ്മ അഫെറസിസ് എന്ന ആശയം ഉന്നയിക്കുകയും രക്തത്തെ അതിന്റെ ഘടകങ്ങളായ രക്തകോശങ്ങളും പ്ലാസ്മയും ആയി വേര്‍തിരിക്കാന്‍ സാധിക്കുമെന്നും ലോകത്തിന് മനസ്സിലാക്കിക്കൊടുത്തു. തുടര്‍ന്ന് പ്ലേറ്റ്ലെറ്റ് വേര്‍തിരിക്കുന്ന പ്രക്രിയയിലൂടെ പ്ലേറ്റ്ലെറ്റ് കുറഞ്ഞ രോഗികളുടെ ജീവന്‍ നിലനിര്‍ത്താനാവുകയും ചെയ്തു. രക്തം നല്‍കലിലൂടെ പകരുന്ന മാരകരോഗങ്ങളായ എച്ച്ഐവി, എച്ച്ബിവി തുടങ്ങിയവയുടെ നിര്‍ണ്ണയത്തിനായുള്ള ELISA ടെസ്റ്റ് 1985ലാണ് നിലവില്‍ വന്നത്.

ഇന്ന് ലോക ജനതയ്ക്കിടയിലുണ്ടാകുന്ന യുദ്ധ സമാനമായ സാഹചര്യങ്ങളില്‍ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്റെ ആവശ്യകത വളരെ വലുതാണ്. യുദ്ധാനന്തരം എത്രയോ ജനങ്ങള്‍ രക്തം വാര്‍ന്നു മരിച്ചുകൊണ്ടിരിക്കുന്നു. ഈ ജനതയുടെയെല്ലാം ജീവന്‍ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വളരെയധികം പങ്കുവഹിക്കുന്നു. അയതിനാല്‍ തന്നെ ഓരോ 3 മാസത്തിലും ഒരു ജീവന്‍ നിലനിര്‍ത്തുവാന്‍ വേണ്ടി നമുക്കെല്ലാം രക്തം ദാനം ചെയ്യാന്‍ സാധിക്കും. വിരളമായ രക്തഗ്രൂപ്പുകള്‍ ഉള്ളവര്‍ തീര്‍ച്ചയായും രക്തം ദാനം ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ രക്തം ദാനം ചെയ്യലിലൂടെ പലരുടെയും ജീവനുകള്‍ സംരക്ഷിക്കുവാന്‍ നമുക്ക് സാധിക്കുന്നതാണ്.

രക്തമോ അതിന്റെ ഘടകങ്ങളെയോ ആശ്രയിച്ച് ജീവന്‍ നിലനിര്‍ത്തിയിട്ടുള്ളവര്‍ ദശലക്ഷങ്ങളാണ്. ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ മാറ്റത്തിന്റെ കൈപ്പിടിയിലാണ്. ഒരു ടെക്നോളജിസ്റ്റിന്റെ ബുദ്ധിയും സാമര്‍ഥ്യവും വേണ്ടുന്നിടത്തെല്ലാം ആട്ടോമാറ്റിക് മെഷീനുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. രക്തഗ്രൂപ്പുകള്‍, ക്രോസ് മാച്ചിംഗ് തുടങ്ങി എല്ലാ ടെസ്റ്റ് ശാഖയിലും ജെല്‍ സിസ്റ്റം നിലവില്‍വന്നു കഴിഞ്ഞിരുന്നു. ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ എന്ന മെഡിക്കല്‍ ശാഖ ഇനിയും പുതിയ പുതിയ കണ്ടെത്തലുകളോടു കൂടിയും പുതിയ ടെക്നോളജികളിലൂടെയും മുന്നേറുകയും ലോകത്തില്‍ ഭൂരിഭാഗമുള്ള ജനസമൂഹത്തിന്റെയും ജീവന്റെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്യുന്നതാണ്. ഈ കാലഘട്ടത്തിലെ രക്തദാനത്തിന്റെ ആവശ്യകത മനസ്സിലാക്കി എല്ലാ യുവജനങ്ങളും മുന്നോട്ടുവന്ന് രക്തദാനത്തില്‍ പങ്കാളികളാവുകയും ചെയ്യേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.