
വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. വി എസിനെ കേരള രാഷ്ട്രീയത്തിലെ പോരാട്ടത്തിന്റെ പ്രതീകമായ രക്തതാരകം എന്ന് പറഞ്ഞ അദ്ധേഹം കേരളത്തിന്റെ പൊതുവായ ചരിത്രത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും വി എസിന്റെ ജീവിതം അവിസ്മരണീയമായ ഒരധ്യായമാണെന്നും കൂട്ടിച്ചേർത്തു.
“കേരള രാഷ്ട്രീയത്തിലെ പോരാട്ടത്തിന്റെ പ്രതീകമായ രക്തതാരകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ. കേരളത്തിന്റെ പൊതുവായ ചരിത്രത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും അദ്ദേഹത്തിന്റെ ജീവിതം അവിസ്മരണീയമായ ഒരദ്ധ്യായമാണ്. അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെയും പ്രതീകമായിരുന്നു വി എസ് സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് അവർക്കുവേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. നൂറ് വർഷത്തിലേറെ നീണ്ട വി എസിന്റെ ജീവിതം ആധുനിക കേരളത്തിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പാർട്ടി സെക്രട്ടറിയായുമെല്ലാം അദ്ദേഹം നൽകിയ സംഭാവനകൾക്ക് പകരം വെക്കാനില്ല. സഖാവ് വി എസിന്റെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യമാണ്. പാർട്ടിക്കും വിപ്ലവ പ്രസ്ഥാനത്തിനും ഇത് നികത്താനാവാത്ത നഷ്ടം വരുത്തിയിരിക്കുന്നു. ജന്മിത്വത്തിനും ജാതീയതക്കുമെതിരെ പോരാടി, തൊഴിലാളി-കർഷക മുന്നേറ്റങ്ങളിലൂടെ പാർട്ടിക്കൊപ്പം വളർന്ന വി എസ് കേരളത്തിൽ പാർട്ടിയുടെ വേര് കൂടുതൽ ആഴത്തിൽ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. കക്ഷി രാഷ്ട്രീയത്തിനപ്പുറം പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീ സമത്വം തുടങ്ങിയ മേഖലകളിലും അദ്ദേഹം സജീവമായിരുന്നു. സഖാവ് വി എസിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
റെഡ് സല്യൂട്ട്!”
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.