6 October 2024, Sunday
KSFE Galaxy Chits Banner 2

കണ്ണില്‍ച്ചോരയില്ലാത്ത നടപടി

Janayugom Webdesk
March 28, 2022 4:54 am

ജനാധിപത്യ ഭരണത്തിനുകീഴില്‍ ജീവിച്ചുപോരുന്ന മനുഷ്യജീവികളോട് യാതൊരു കരുണയുമില്ലാതെ അവശ്യമരുന്നുകളുടെ വില കൂട്ടിയിരിക്കുന്നു. മഹാമാരിക്കിടയാക്കിയ അതിതീവ്രവൈറസുകളുടെ വകഭേദങ്ങള്‍ ഒന്നിനുപിറകെ ഒന്നായി സര്‍വനാശിനിപോലെ വന്നുപതിച്ചുകൊണ്ടേയിരിക്കുന്ന കാലഘട്ടമാണിത്. ഒന്നു ശമിച്ചുവെന്ന് ആശ്വസിക്കാമെങ്കിലും മറ്റു രാജ്യങ്ങളില്‍നിന്നെല്ലാം കേട്ടുകൊണ്ടിരിക്കുന്ന കോവിഡ് വാര്‍ത്തകള്‍ ഭീതിപരത്തുന്നതാണ്. നാലാം തരംഗം ശേഷിക്കുന്നു എന്ന മുന്നറിയിപ്പുകള്‍ നിലനില്‍ക്കേ, തീക്കാറ്റുപോലെ രാജ്യത്ത് വീണ്ടും മഹാമാരി പൊട്ടിപ്പുറപ്പെട്ടേക്കാം. ഇങ്ങനെയൊരവസരത്തില്‍ മനുഷ്യകുലത്തില്‍പ്പെടുന്ന ഒരാള്‍ക്കും തോന്നിപ്പോകാവുന്നതല്ല സഹജീവികളെ ദ്രോഹിക്കുക എന്നത്. എന്നാല്‍ ഇവിടെ, ക്രൂരതയുടെ പര്യായമായ സംഘ്പരിവാറിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം മനുഷ്യജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായതും മഹാഭൂരിപക്ഷം പേരും ചികിത്സാര്‍ത്ഥം നിത്യമെന്നോണം കഴിക്കുന്നതുമായ എണ്ണൂറോളം മരുന്നുകളുടെ വില കുത്തനെ കൂട്ടിയിരിക്കുന്നു. രാജ്യത്തെ മരുന്നുകമ്പോളത്തില്‍ ഇതുവരെ ഇല്ലാത്തത്ര ഏറ്റവും ഉയര്‍ന്ന വില വര്‍ധന.


ഇതുകൂടി വായിക്കൂ: ഭരണകൂട ഭീകരതയുടെ ശബ്ദമാണ് പുറത്തുവരുന്നത്


10.7 ശതമാനം വില കൂട്ടിക്കൊണ്ട്, മരുന്ന് കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാനുള്ള അവസരമാണ് ഒരുക്കിക്കൊടുത്തിരിക്കുന്നത്. കോവിഡ് വ്യാപനം തീവ്രതയില്‍ നിന്ന കഴിഞ്ഞ നവംബറിലാണ് മരുന്നുകളുടെ വില കൂട്ടിത്തരണമെന്ന് കമ്പനികള്‍ നരേന്ദ്രമോഡി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീരുംവരെ കാത്തുനിന്ന കേന്ദ്ര സര്‍ക്കാര്‍, മരുന്ന്, പെട്രോളിയം കമ്പനികള്‍ക്കുമെല്ലാം സൗകര്യമൊരുക്കുകയാണിപ്പോള്‍. കര്‍ഷകരുള്‍പ്പെടെ ഇതരവിഭാഗങ്ങള്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കായി വര്‍ഷം സമരം ചെയ്തിട്ടും അടിച്ചമര്‍ത്താനായിരുന്നു മോഡീഭരണകൂടം ശ്രമിച്ചതെന്നോര്‍ക്കണം.
മരുന്നുവില വര്‍ഷാവര്‍ഷം പുതുക്കുന്നത് സ്വാഭാവികമാണ്. ഏറിയാല്‍ നാല് ശതമാനം വരെ മാത്രമാണ് വര്‍ധന പതിവുണ്ടായിരുന്നത്. ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിങ് അതോറിറ്റിക്കാണ് വില സംരക്ഷണ പട്ടികയിലെ മരുന്നുകളുടെ വിലനിലവാരം നിര്‍ണയിക്കാനുള്ള അധികാരമുണ്ടായിരുന്നത്. ഒ­ന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അതോറിറ്റിക്കുണ്ടായിരുന്ന അ­ധികാരം ഒന്നാം മോഡി സര്‍ക്കാര്‍ നിലവില്‍ വ­ന്നതോടെ എടുത്തുമാറ്റുകയായിരുന്നു. മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ നടന്ന ആ­­ദ്യ ഇടപാടുകളിലൊന്നായിരുന്നു, അവിടത്തെ കുത്തക മരുന്നുകമ്പനി മുതലാളിമാരുടെ ആഗ്രഹപ്രകാരമുള്ള ഈ നടപടി. 138 മരുന്നുകളുടെ വില കുത്തനെ കുറച്ചുകൊണ്ടുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനമാണ് അന്ന് അവരെ ചൊടിപ്പിച്ചത്. സ്വന്തം രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ മറന്നുകൊണ്ടുള്ള മോഡിയുടെ കുത്തക പ്രീണനയാത്ര ഇന്നും തുടരുന്നു. പേരിനുമാത്രം ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിങ് അതോറിറ്റിയെ ഉപയോഗിച്ചുള്ള വിലക്കയറ്റം മോഡിയുടെ കച്ചവട തന്ത്രം കൂടിയാണ്. സര്‍വസാധാരണ ഉപയോഗിക്കുന്നതും കമ്പോളത്തിലെ 16 ശതമാനത്തോളം വരുന്നതുമായ എണ്ണൂറോളം മരുന്നുകളുടെ വില കൂട്ടിയത് അത്ര നിസാരമല്ല. പരമാവധി രണ്ട് രൂപവരെ ഉണ്ടായിരുന്ന പാരസെറ്റമോളിന് 10 ശതമാനം വില ഉയരും.


ഇതുകൂടി വായിക്കൂ: മനുഷ്യദുരന്തത്തെ രാഷ്ട്രീയ മൂലധനമാക്കുന്ന ഭരണകൂട അശ്ലീലം


വിപണിയില്‍ ഏറ്റവുമധികം വില്പന നടക്കുന്ന കാല്‍പ്പോളിനും വന്‍തോതില്‍ വിലകൂടുകയാണ്. ജീവിതശൈലീരോഗങ്ങള്‍ക്കു പുറമെ കോവിഡനന്തര ആരോഗ്യപ്രശ്നങ്ങള്‍ക്കൂടി മനുഷ്യരില്‍ വ്യാപകമായതോടെ മരുന്നുസേവ വര്‍ധിച്ചിട്ടുണ്ടെന്നാണ് വൈദ്യമതം. പനി, തലവേദന, ശ്വാസകോശ രോഗം, ഹൃദ്രോഗം എന്നിവയും ക്ഷീണവും വിളര്‍ച്ചയുമെല്ലാം ആദ്യത്തേക്കാള്‍ കഠിനമായാണ് കോവിഡ് മുക്തരായവരില്‍ പ്രകടമാവുന്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിത കൊളസ്ട്രോള്‍ എന്നിവയും മഹാഭൂരിപക്ഷം പേരിലേക്കും പടര്‍ന്നു. ഇവര്‍ പതിവായി ഉപയോഗിക്കുന്ന മരുന്നുകളെല്ലാം വില വര്‍ധന പട്ടികയില്‍ സ്ഥാനം പിടിച്ചവയാണ്. പനി, ചുമ എന്നിവയ്ക്ക് പ്രാഥമികമായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്ക് മരുന്നായ ബെന്‍സാതീന്‍ ബെന്‍സൈല്‍ പെന്‍സിലിന്‍, വൈറ്റമിന്‍ സി ഗുളികകള്‍ തുടങ്ങിവയയ്ക്കെല്ലാം പകുതിയിലേറെ വില കൂടുമെന്നാണ് സൂചനകള്‍. ഇന്‍സുലിന്‍ അടങ്ങിയ മരുന്നുകളുടെ വില നേരത്തെതന്നെ കൂട്ടിയിരുന്നു. പുതുക്കിയ വിലകൂടി വരുന്നതോടെ പ്രമേഹബാധിതരെ കൂടുതല്‍ തളര്‍ത്തും.


ഇതുകൂടി വായിക്കൂ: എണ്ണവില: നെറികെട്ട രാഷ്ട്രീയ വഞ്ചന 


ജീവന്‍രക്ഷാ മരുന്നുകളുടെ പട്ടിക ഉയര്‍ത്തണമെന്ന പൊതുജനങ്ങളുടെ ആവശ്യത്തെ കേന്ദ്ര സര്‍ക്കാര്‍ കാര്യമായി കണക്കിലെടുത്തിട്ടില്ല. 350 ഇനം മരുന്നുകള്‍ ഈ ഗണത്തില്‍പ്പെടുത്തണമെന്നാണ് നിരന്തരമുള്ള ആവശ്യം. എന്നാല്‍ ഇന്ത്യന്‍ മരുന്നുകമ്പനികളെ ബഹുരാഷ്ട്ര കമ്പനികള്‍ ഏറ്റെടുക്കുന്നതിനുള്ള ആവശ്യത്തിന്മേല്‍ അതിവേഗ നടപടി ഉണ്ടാവുന്നുമുണ്ട്. നിലവില്‍ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിനാണ് മോഡി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ 65 ശതമാനം പേര്‍ക്കും അവശ്യമരുന്നുകള്‍ കിട്ടുന്നില്ലെന്ന് 10 വര്‍‍ഷം മുമ്പേ ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തിയതാണ്. കോവി‍ഡ് വ്യാപിക്കാന്‍ തുടങ്ങിയതോടെ മരുന്ന് ലഭ്യതക്കുറവ് വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയിലേക്ക് വരുന്നതോടെ അവശ്യമരുന്ന് ലഭിക്കാതെ രോഗാവസ്ഥയിലുള്ളവര്‍ കൂട്ടത്തോടെ മരിച്ചുവീഴുന്ന കാഴ്ചകൂടി കാണേണ്ടിവരും. ഈ മേഖലയിലെ സ്വകാര്യവല്ക്കരണം അവസാനിപ്പിച്ചും മരുന്നുകളുടെ വിലവര്‍ധന തീരുമാനം റദ്ദാക്കിയും വിലനിര്‍ണയാവകാശത്തിലെ കമ്പനികളുടെ ഇടപെടല്‍ ഇല്ലാതാക്കിയും സ്വന്തം ജനതയെ സംരക്ഷിക്കാന്‍ നരേന്ദ്രമോഡി ഭരണകൂടം തയാറാവണം.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.