23 January 2026, Friday

Related news

January 15, 2026
January 14, 2026
December 27, 2025
December 24, 2025
December 19, 2025
December 11, 2025
December 1, 2025
November 29, 2025
November 22, 2025
November 21, 2025

തായ്‌ലാൻഡ്-മലേഷ്യ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി; രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

Janayugom Webdesk
ക്വാലാലംപൂർ
November 9, 2025 4:53 pm

തായ്‌ലാൻഡ്-മലേഷ്യ അതിര്‍ത്തിയില്‍ 90 കുടിയേറ്റക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി. ഒരാളുടെ മൃതദേഹം കണ്ടെടുത്തതായും നിരവധി പേരെ കാണാതായതായും അധികൃതർ അറിയിച്ചു. മലേഷ്യയിലെ റിസോർട്ട് ദ്വീപായ ലങ്കാവിയുടെ വടക്ക് ഭാഗത്തായി തരുട്ടാവോ ദ്വീപിനടുത്താണ് സംഭവം.

കുറഞ്ഞത് 10 പേരെയെങ്കിലും രക്ഷിച്ചതായി മലേഷ്യൻ മാരിടൈം അതോറിറ്റി വ്യക്തമാക്കി. അതേസമയം കൂടെ യാത്ര ചെയ്ത മറ്റ് രണ്ട് ബോട്ടുകളെ കുറിച്ച് യാതൊരു അറിവും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. ബാക്കിയുള്ളവർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് മേധാവി അദ്‌സാലി അബു ഷാ പറഞ്ഞു. രക്ഷപ്പെട്ടവരിൽ മൂന്ന് മ്യാൻമർ പൗരന്മാരും രണ്ട് റോഹിങ്ക്യൻ അഭയാർഥികളും ഒരു ബംഗ്ലാദേശി പുരുഷനും ഉൾപ്പെടുന്നുവെന്നും മൃതദേഹം ഒരു റോഹിങ്ക്യൻ സ്ത്രീയുടേതാണെന്നും പൊലീസ് പറഞ്ഞു. 

മലേഷ്യയിലേക്ക് ഒരു വലിയ കപ്പലിലാണ് യാത്ര തുടർന്നതെങ്കിലും അതിർത്തിയോട് അടുക്കുമ്പോൾ അധികാരികളുടെ ശ്രദ്ധയിൽപെടാതിരിക്കാൻ നൂറുപേരടങ്ങുന്ന മൂന്ന് ചെറിയ ബോട്ടുകളിലേക്ക് ഇവര്‍ മാറിയതായിയാണ് പൊലീസിന് ലഭിച്ച റിപ്പോര്‍ട്ട്. കുടിയേറ്റക്കാർ മൂന്ന് ദിവസം മുമ്പേ മ്യാൻമർ തീരത്തുനിന്നും യാത്രതുടങ്ങിയവരാണെന്നും ഭൂരിഭാഗം യാത്രക്കാരും റോഹിങ്ക്യൻ ന്യൂനപക്ഷ വിഭാഗക്കാരാണെന്നും പറയപ്പെടുന്നു. തായ് തീരത്തിലൂടെ മലേഷ്യയിലെത്തി അവിടെ ജോലിചെയ്ത് സ്ഥിരതാമസമാക്കുന്നതിനായാണ് സമുദ്രമാർഗം അനധികൃതമായി യാത്രചെയ്യുന്നത്. ഏഷ്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരും അഭയാർഥികളും മലേഷ്യയിലാണ് താമസിക്കുന്നത്. അവരിൽ പലരും ആവശ്യമായ രേഖകളില്ലാത്തവരും, നിർമാണം, കൃഷി തുടങ്ങിയ വ്യവസായങ്ങളിൽ ജോലി ചെയ്യുന്നവരുമാണ്. പ്രധാനമായും മുസ്‍ലിം റോഹിങ്ക്യൻ ന്യൂനപക്ഷക്കാരാണ് ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാൻമറിൽ നിന്ന് പലായനം ചെയ്യുന്നത്. തെക്കൻ ബംഗ്ലാദേശിലെ ഇടുങ്ങിയ ക്യാമ്പുകളിള്‍ ഏകദേശം പത്ത് ലക്ഷം റോഹിങ്ക്യൻ അഭയാർഥികൾ താമസിക്കുന്നുണ്ട്. 

മലേഷ്യ, തായ്‌ലൻഡ് പോലുള്ള താരതമ്യേന സമ്പന്നമായ പ്രാദേശിക രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് സംഘങ്ങളുടെ സഹായത്തോടെ കടൽ മാർഗം കടക്കാൻ അഭയാർഥികളിൽ പലരും ശ്രമിക്കുന്നു. എന്നാൽ ഈ യാത്രകൾ പലപ്പോഴും അപകടകരമാണ്, ബോട്ടുകൾ പലപ്പോഴും മറിയാറുമുണ്ട്. മ്യാൻമറിൽ വർധിച്ചുവരുന്ന അസ്ഥിരതയും നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തരയുദ്ധവും ആളുകളെ കൂടുതൽ നിരാശാജനകമായ കടൽ യാത്രകൾ നടത്താൻ നിർബന്ധിതരാക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പലസന്ദർഭങ്ങളിലും ഈ യാത്ര മരണയാത്രകളാകാറാണ് പതിവെന്നും പൊലീസ് അധികാരികൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.