വൈചിത്യ്രമാർന്ന കഥാവഴികൾ തേടുകയാണ് ഡോ. വള്ളിക്കാവ് മോഹൻദാസിന്റെ സർഗ്ഗഭാവന. ‘സുന്ദരിക്കുതിര’ എന്നുപേരിട്ടിരിക്കുന്ന ഈ സമാഹാരത്തിൽ പതിനാറുകഥകൾ. വേഗത്തിൽ അവയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച എന്നെ തടഞ്ഞു നിർത്തിയ സന്ദർഭങ്ങൾ ധാരാളം. വേറിട്ട വ്യക്തിരൂപങ്ങളും അതിശ്രദ്ധേയം. ചൈതന്യത്തിന്റെ സർഗ്ഗശോഭകൾ കണ്ടുനിന്ന് ആസ്വദിക്കാതെ കടന്നുപോകാനാവില്ല. ‘സുന്ദരിക്കുതിര’ എന്ന ആദ്യകഥ മൗലികമായ കഥാശില്പമാണ്. ഡിസംബറിലെ തണുത്ത പ്രഭാതത്തിൽ വെളുത്ത ഷോൾ പുതച്ച് വീടിന്റെ ബാൽക്കണിയിൽ നിൽക്കുന്ന ചിത്രകാരൻ. അയാളുടെ കണ്ണുകളിൽ അടുത്ത കുന്നിൻമുകളിലെ കെട്ടിടത്തിന്റെ ടെറസിൽ തെളിയുന്ന സൂര്യപ്രഭ. അഗ്നിച്ചിറകുള്ള ഷോൾ ധരിച്ച് അകലെ നോക്കി പുറംതിരിഞ്ഞു നിൽക്കുന്ന സ്ത്രീരൂപം. ഇടതൂർന്നമുടിയിഴകൾ ഷോളിനു താഴേക്കു നീളുന്നു. വിറപൂണ്ട് വീശിയ തണുത്തകാറ്റിൽ അതിന്റെ തുമ്പുകൾ ഇളകുന്നു.
ചിത്രകാരന്റെ കണ്ണുകളിലൂടെ അവൾ പടികളിറങ്ങി താഴേക്ക് ഒഴുകിപ്പോയി. ആ മുഖം കാണുവാനാകാതെ അയാൾ നിരാശയിൽ മുങ്ങി. വീണ്ടും ചിത്രരചനയിലേക്കു തിരിയാൻ കഴിയാതെ നിർന്നിമേഷനായി നിൽക്കേ അവൾ മട്ടുപ്പാവിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നു. ഒരു ചുവന്ന റോസാപ്പൂവിനരികെ കുനിഞ്ഞു നിൽക്കുന്ന മുഖം ഒരുനോക്കു കാണാനായി. അയാളുടെ മനസ്സിൽ ഒരു പോർട്രെയിറ്റ് രൂപം കൊണ്ടു. സൂര്യനും കുന്നുകളും താഴ്വാരവും തടാകവും ഒക്കെ അയാൾ മറന്നു. അവളുടെ കണ്ണുകൾ അയാളെ കണ്ടെത്തി. ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. പകരം മന്ദഹാസത്തിന്റെ മധുരം സമ്മാനിക്കാൻ മോഹിക്കെ അവൾ താഴെയെവിടെയോ മറഞ്ഞു കളഞ്ഞു. അയാൾ സേവകനായ രംഗയ്യനെ വിളിക്കുന്നു. ആ നേരത്ത് നിരത്തിലൂടെ കുതിര പാഞ്ഞു പോകുന്നു. അയാളുടെ മനോഗതം അറിഞ്ഞ രംഗയ്യൻ വിളിച്ചു പറയുന്നു: ““സാർ, കുതിര റെഡി. ”
കടിഞ്ഞാൺ കൈയിൽ വാങ്ങി കുതിരയെ തലോടി അതിന്റെ മുകളിൽ ചാടിക്കയറവേ അത് വീണ്ടും താഴ്‌വരയിലേക്ക് പായുന്നു. അതിന്റെ കണ്ണുകൾ അയാളെ ആവേശത്തോടെ തഴുകുന്നു. കൂടുതൽ വേഗത്തിൽ തടാകത്തിലേക്കു കുതിക്കുമ്പോൾ കുതിരയുടെ മുഖം അയാൾ പിടിച്ചുയർത്തുന്നു. കുന്നിൻ മുകളിൽ മട്ടുപ്പാവിൽ കണ്ട സുന്ദരിയുടെ മുഖം. അയാൾ കാതിൽ മന്ത്രിക്കുന്നു, “സുന്ദരിക്കുതിരേ നന്ദി. ’
വിശദമായ കഥാവിവരണമോ രംഗചിത്രീകരണമോ ഇല്ല. പക്ഷേ മഞ്ഞിൻമറയ്ക്കുള്ളിൽ സുന്ദരമായിത്തിളങ്ങുന്ന കുന്നിൻപുറവും അവിടെനിന്ന് തടാകത്തിലേക്കുള്ള പരിണതിയും ചിത്രീകരിക്കുമ്പോൾ അലൗകികമായ വൈകാരികതയും പ്രണയാവേശവും അനുഭവവേദ്യമാകുന്നു. മഞ്ഞിന്റെ തണുപ്പുകലർന്ന നനുത്തകാറ്റ് വീശുന്നു. ഹൃദ്യമായ കുളിർമ്മയുള്ള ഈ കഥ പകർന്നു നൽകുന്നത്, വാച്യതീതമായ ആവിഷ്കാര ഭംഗി; വേറിട്ട രചനാചാരുത; ഭാഷയുടെ മാന്ത്രികപ്രഭാവം. ‘ഹിമഗായത്രി’, ‘കഴുകന്റെ സംഗീതം’, ‘പ്രളയപയോധി’ തുടങ്ങിയ കഥകളും ആസ്വദിക്കപ്പെടുന്നത് അന്തരീക്ഷസൃഷ്ടിയുടെ അപൂർവതകൊണ്ടാണ്.
മലയാളത്തനിമയുടെ സംസ്കാരപഥങ്ങളിലൂടെ യാത്രചെയ്യുമ്പോഴും തനിക്ക് പ്രത്യേകമായി ആർജ്ജിക്കാൻ കഴിഞ്ഞ ആംഗ്ലോ-ഇന്ത്യൻ പാരമ്പര്യങ്ങളുടെ നിറക്കൂട്ടുകൾ ചേർത്ത് ഏതാനും കഥകൾ രചിക്കാൻ ഡോ. വള്ളിക്കാവ് മോഹൻദാസ് ശ്രദ്ധാലുവാണ്. ‘സർ ഗോൺസാൽവസ് ദ ഗ്രെയ്റ്റ്’ എന്ന കഥ അത്തരം അന്തരീക്ഷത്തിന്റെ ആർജ്ജവഭംഗികൾ ഉൾക്കൊള്ളുന്നു. കടൽത്തീരത്തുകൂടി ഏകാകിയായി ഉലാത്തുന്ന ആ വൃദ്ധന്റെ സന്തതസഹചാരി ഒരു വാക്കിങ് സ്റ്റിക്ക് ആണ്. മുറിയിൽ കൂട്ടിനുള്ള കാമുകി പുരാതനമായ പിയാനോയും. ഗോൺസാൽവസ് താമസിക്കുന്ന പ്രിൻസ് വില്ലയ്ക്ക് അടുത്താണ് ലൗ കോട്ടേജ്. അവിടെ ബിരുദാനന്തരപഠനത്തിലേർപ്പെട്ട റീത്തയുടെ കണ്ണുകൾ ഗോൺസാൽവസിന്റെ നടത്തം പിൻതുടരുന്നു. അയാളുടെ വമ്പിച്ച സമ്പത്തും അപൂർവമായ വാക്കിങ് സ്റ്റിക്കും അവളെ കൊതിപ്പിക്കുന്നു. റീത്തയെപ്പോലെ പള്ളിയിലെ യുവാവായ വൈദികനും വൃദ്ധനെ ശ്രദ്ധിക്കുന്നുണ്ട്. തന്റെ ഫ്രോക്ക് അല്പം ലൂസാണെന്നും കാൽമുട്ടുവരെയുള്ള ഇറക്കം കൂടുതലാണെന്നും റീത്ത തിരിച്ചറിയുന്നു. അവൾ ഫ്രോക്ക് അഴിച്ച് തയ്യൽ മിഷ്യന് മുന്നിലിരിക്കുന്നു. ഞായറാഴ്ച ദേവാലയത്തിൽ കുർബാന നടക്കുമ്പോൾ വെള്ളിക്കണ്ണുകളാൽ യുവാവായ വൈദികൻ റീത്തയെ തേടുന്നു. അപ്പോഴും അവൾ തയ്യൽ മിഷ്യന്റെ മുന്നിലിരുന്ന് ഫ്രോക്കുകളുടെ ഇറക്കം കുറയ്ക്കുകയായിരുന്നു.
അടുത്തപ്രഭാതത്തിൽ തന്റെ ബൊഗെയിൻ വില്ലയിലെ മഞ്ഞപ്പൂക്കൾ മോഷണം പോകുന്നത് ഗോൺസാൽവസ് കണ്ടെത്തുന്നു. പിയാനോ തനിയെപാടി. കൈയിലിരുന്ന വാക്കിങ് സ്റ്റിക്ക് വിറപൂണ്ടു. പുലർകാലത്തെ തണുപ്പിൽ റീത്ത ഷവറിനു താഴെ നിന്നു. ബൊഗെയിൻ വില്ല പൂക്കൾകൊണ്ട് നാണം മറച്ച് ഹൗവ്വ ആയിമാറി.
അടുത്തവേനലിൽ ഗോൺസാൽവസും റീത്തയും അൾത്താരയ്ക്കുമുന്നിൽ മുട്ടുകുത്തി നിൽക്കുന്നു. യുവവൈദികനും ഇടവക ജനങ്ങളും അവർക്ക് അനുഗ്രഹം ചൊരിയുന്നു. വൈകാതെ ഗോൺസാൽവസ് വാർദ്ധക്യസഹജമായ അസുഖംനിമിത്തം നിര്യാതനായ വാർത്ത ഇടവകയിൽ പരക്കുന്നു. റീത്ത വാക്കിങ് സ്റ്റിക്കിൽ മുഖമമർത്തി കണ്ണടച്ച് കിടന്നു. മുഖത്തെ റൂഷ് പടരാതിരിക്കണേ എന്ന് അവൾ കർത്താവിനോട് പ്രാർത്ഥിച്ചു.
ബൊഗെയിൻ വില്ലയിലെ പൂക്കളുമായി റീത്ത പള്ളിസിമിത്തേരിയിൽ പോയിവന്നു. യുവവൈദികൻ അവളെ സാന്ത്വനിപ്പിച്ചുകൊണ്ടുമിരുന്നു. ഗോൺസാൽവസിന്റെ ഡെത്ത് ആന്വേഴ്സറി നാളിൽ റീത്തയ്ക്ക് ഒരു പുത്രൻ പിറന്നു. ‘സർ ഗോൺസാൽവസ് ധന്യൻ’; ഇടവകയുടെ ശബ്ദമുയർന്നു. റീത്ത ആലസ്യത്തോടെ വാക്കിങ് സ്റ്റിക്കിന്റെ പിടിയിൽ തലോടിക്കൊണ്ടിരുന്നു. അതിന് രോമാഞ്ചമുണ്ടായി. അത് മഹത്തരപ്പെട്ടു. സർ ഗോൺസാൽവസും മഹത്തരപ്പെട്ടു.
സൂക്ഷ്മഭംഗികൾ നിരീക്ഷിച്ചറിഞ്ഞ് ആസ്വദിക്കാൻ വകതരുന്ന മനോഹരമായ കഥയാണ് ഇത്. വൈകാരികഭാവങ്ങൾ പ്രണയഗീതംപോലെ ഭംഗിയായി നിബന്ധിക്കപ്പെട്ടിരിക്കുന്നു. ഭാഷയ്ക്ക് അപ്പുറം നിൽക്കുന്ന കഥയുടെ ആന്തരസംഗീതം ഏറെശ്രദ്ധേയമാണ്.
‘സുൽത്താന’ എന്ന കഥയ്ക്കുമുണ്ട് വർത്തമാനകാലത്തിന് അപ്പുറം നിൽക്കുന്ന സൗന്ദര്യസങ്കൽപനം. ‘കഴുകന്റെ സംഗീതം’ എന്ന കഥയിൽ നാം ഇങ്ങനെ വായിക്കുന്നു.
“മനുഷ്യർ ഭൂഗോളത്തിലെ ഒരു തീരാവ്യാധിയാണ്. ഇടയ്ക്കിടെ ശുദ്ധീകരണ പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്, കാലങ്ങളായി തുടരുന്ന ആ ചരിത്രവിധി ആവർത്തിക്കപ്പെടുന്നോ എന്ന ചിന്തയുണർത്തുന്ന പ്രവാചകശബ്ദം കഥയിൽ മുഴങ്ങുന്നു.
‘ആരുടെയോ അച്ഛൻ’ എന്ന കഥയിലെ ഓർമ്മകൾ നഷ്ടപ്പെടുന്ന വൃദ്ധൻ വർത്തമാനകാലത്തിന്റെ ഹൃദയഭാവമാണ്. വൃദ്ധനെ സ്വന്തംവീട്ടിൽ കൊണ്ടാക്കാൻ ബദ്ധപ്പെടുന്ന ദിലീപിന് നേരിടേണ്ടിവരുന്നത് മറ്റൊരനുഭവം. താൻ ആരെ വീട്ടിലെത്തിക്കാൻ സഹായിക്കുന്നുവോ ആ ആൾ തന്നെ വീട്ടിലെത്തിക്കുന്നതിന് മിനക്കെടേണ്ടിവരുന്ന വിധിവൈപരീത്യം.
‘ചരിത്രത്തിലില്ലാത്ത ഉമ്മിണിമേശ്ശിരി’ എന്ന കഥ പൊൻകുന്നം വർക്കിയുടെ ‘മോഡൽ’ കഥയിലേക്ക് ചിന്തകൾ തിരികെക്കൊണ്ടുപോകുന്നു. തയ്യൽക്കാരൻ തയ്ച്ചുകൊടുക്കുന്ന കുപ്പായങ്ങൾക്ക് അധികാരി നിർദ്ദേശിക്കുന്ന മോഡൽ അംഗീകരിക്കാത്തതുകൊണ്ട് അനുഭവിക്കേണ്ടിവരുന്ന ജയിൽശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷാനടപടികളാണ് അതിലെ പ്രതിപാദ്യം. ആ കഥയെഴുതിയതിന് പൊൻകുന്നം വർക്കിക്കും അതേ ജീവിതവിധി നേരിടേണ്ടി വന്നിട്ടുണ്ട്. ഉമ്മിണിമേശ്ശിരിയും സത്യഗ്രഹങ്ങളിലും സഹനസമരങ്ങളിലുമൊക്കെ പങ്കെടുത്ത ആൾ. വാർദ്ധയിലെ ഗാന്ധിയൻ ആശ്രമത്തിൽ കഴിച്ചുകൂട്ടിയ മേശ്ശിരി. പിന്നീട് കമ്മ്യൂണിസ്റ്റായി. ജയിൽ പീഡനങ്ങളും മർദ്ദനമുറകളും ഒക്കെ ഏറ്റുവാങ്ങി. മാപ്പുപറഞ്ഞു രക്ഷപ്പെടാൻ നിർദ്ദേശിച്ചവരുടെ മുഖത്ത് കാറിത്തുപ്പിയ ആദർശശാലിയായ വിപ്ലവകാരി. പക്ഷേ ആ ത്യാഗിയായ പാർട്ടിപ്രവർത്തകന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റത് വിപ്ലവത്തിന്റെ കാവൽഭടന്മാർ എന്നു താൻ കരുതിയവർ രണ്ടുതട്ടിലായി തിരിഞ്ഞുനിന്ന് ഏറ്റുമുട്ടിയപ്പോഴാണ്. പ്രതീക്ഷകൾക്കു നിറം മങ്ങി. പാർട്ടിയുടെ കൊടി പകുതി താഴ്ത്തിക്കെട്ടേണ്ടി വന്നു. ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ സംഭവിച്ച ഇടർച്ചകൾ അടയാളപ്പെടുത്തുന്ന അതിശക്തവും ഭാവതീവ്രതയുൾക്കൊള്ളുന്നതുമായ കഥാശിൽപമാണ് ഇത്.
കരിമണൽ ഖനനം, പാരിസ്ഥിതിക പ്രശ്നങ്ങൾ, മാലിന്യനിർമ്മാർജ്ജനം എന്നിങ്ങനെ നഗരവൽകരണത്തിന്റെ കെടുതികൾ ആവിഷ്കരിക്കുന്ന കഥാശിൽപങ്ങളും പ്രത്യേക പരാമർശം അർഹിക്കുന്നു. ഡോ. വള്ളിക്കാവ് മോഹൻദാസിന്റെ കഥാലോകം നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും ശക്തമായി ആവിഷ്കരിക്കാൻ പര്യാപ്തമാണ്. അതോടൊപ്പം നാം കടന്നുപോകുന്ന കാലത്തിന്റെ സംസ്കാരശോഭകളും കഥാകാരൻ അടയാളപ്പെടുത്തുന്നുണ്ട്.
സുന്ദരിക്കുതിര
ഡോ. വള്ളിക്കാവ് മോഹന്‍ദാസ്
പ്രഭാത് ബുക്ക് ഹൗസ്
വില: 160 രൂപ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.