ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജിവച്ചു. സര്‍ക്കാരിലെ മുന്‍നിരക്കാരായ മന്ത്രിമാരുടെ കൂട്ടരാജിക്ക് പിന്നാലെയാണ് ബോറിസ് സ്ഥാനമൊഴിഞ്ഞത്. പാര്‍ട്ടി നേതൃസ്ഥാനവും രാജിവച്ചു.
പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതു വരെ ബോറിസ് ജോണ്സണ് കാവല്‍ പ്രധാനമന്ത്രിയായി തുടരും. ഒക്ടോബറില്‍ പുതിയ നേതാവിനെ തെരഞ്ഞെടുക്കും. റിഷി സുനക് ഉള്‍പ്പെടുന്ന വിമത പക്ഷത്തു നിന്നുള്ള നേതാവാകും അധികാരത്തിലെത്തുകയെന്നാണ് വിലയിരുത്തല്‍.
മൂന്നിൽ രണ്ടു ബ്രിട്ടീഷുകാരും ഇനി പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നില്ല എന്ന അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ കൂടി പുറത്തുവന്നതോടെയാണ് ബോറിസ് ജോൺസണ് അധികാരമൊഴിഞ്ഞത്. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് എന്നീ മുതിര്‍ന്ന നേതാക്കളടങ്ങുന്ന ബോറിസ് പക്ഷവും രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് നിര്‍ദേശിച്ചു. രാജി പ്രഖ്യാപനത്തെ ഭരണ‑പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കൾ സ്വാഗതം ചെയ്തു.
പാര്‍ട്ടിഗേറ്റ് വിവാദത്തിന് പിന്നാലെ ബോറിസിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നെങ്കിലും ലെെംഗികാരോപണം നേരിട്ട ക്രിസ്റ്റഫര്‍ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതോടെയാണ് നിലനില്പ് നഷ്ടമായത്. പിഞ്ചറിന്റെ നിയമനത്തില്‍ ബോറിസ് മാപ്പ് പറഞ്ഞതോടെ ധനമന്ത്രി റിഷി സുനക് ഉള്‍പ്പെടെയുള്ള വിശ്വസ്തര്‍ ബോറിസിനെതിരായി.
രാജി പ്രഖ്യാപിച്ചതിനു പിന്നാലെ റിഷി സുനകിനും ആരോഗ്യ മന്ത്രി സാജിദ് ജാവേദിനും പകരക്കാരെ നിയമിച്ചെങ്കിലും ബോറിസിന് പിടിച്ചു നില്ക്കാനായില്ല. മന്ത്രിമാരെ കൂടാതെ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച മുപ്പതോളം പേര് ഇതിനോടകം രാജിവച്ചിട്ടുണ്ട്.
English Summary: Boris Johnson resigns
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.