15 December 2025, Monday

കടമെടുപ്പ്‌ പരിധി 3.5 ശതമാനമാക്കണം; കേരളത്തിന്‌ 24,000 കോടിയുടെ പ്രത്യേക പാക്കേജ്‌ വേണമെന്ന്‌ ബാലഗോപാൽ

വയനാടിന്‌ 2000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടു
Janayugom Webdesk
ന്യൂഡൽഹി
December 20, 2024 8:02 pm

കേന്ദ്ര ബജറ്റിൽ കേരളത്തിന്‌ 24,000 കോടിരൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജും വയനാട്‌ പുനരധിവാസത്തിന്‌ 2000 കോടി രൂപയുടെ പ്രത്യേക സഹായവും പ്രഖ്യാപിക്കണമെന്ന്‌ കേരളം . രാജസ്ഥാനിലെ ജയ്‌സാൽമീറിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ കേന്ദ്രബജറ്റിന്‌ മുന്നോടിയായി വിളിച്ചുചേർത്ത ധനമന്ത്രിമാരുടെ യോഗത്തിൽ കെ എൻ ബാലഗോപാലാണ്‌ ആവശ്യം ഉന്നയിച്ചത്‌. സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധി 3.5 ശതമാനമാക്കി ഉയർത്തണം, വിഴിഞ്ഞം തുറമുഖത്തിന്റെ തുടർവികസനത്തിന്‌ 5000 കോടി, ജിഎസ്‌ടി നഷ്ടപരിഹാരവും തുടരൽ എന്നിവയും ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ റവന്യുച്ചെലവിന്റെ 64 ശതമാനവും സ്വന്തം വരുമാനത്തിൽ നിന്ന്‌ കണ്ടെത്തേണ്ട സ്ഥിതിയാണെന്ന്‌ ബാലഗോപാൽ ചൂണ്ടിക്കാട്ടി. സാമ്പത്തിക ബുദ്ധിമുട്ട്‌ പരിഹരിക്കാൻ രണ്ട്‌ വർഷത്തിനുള്ളിൽ ലഭ്യമാകുന്നതാവണം പാക്കേജെന്നും അദ്ദേഹം പറഞ്ഞു. 

വയനാട്‌ ദുരന്ത ബാധിതർക്കായി ടൗൺഷിപ്പടക്കം നിർമിക്കാൻ 2000 കോടിയെങ്കിലും ലഭിക്കണം. റെയിൽപാത, വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്‌റ്റർ തുടങ്ങിയ പദ്ധതികളിലൂടെ മാത്രമേ തുറമുഖത്തിന്റെ പൂർണപ്രയോജനം ലഭിക്കു. കടമെടുപ്പ്‌ പരിധി ഉപാധിരഹിതമായി 3.5 ശതമാനക്കണം. ഊർജമേഖലയിലെ അരശതമാനം അധിക വായ്‌പാനുമതി അടുത്ത സാമ്പത്തിക വർഷവും തുടരണം. കേന്ദ്രപദ്ധതികളുടെ സംസ്ഥാന വിഹിതം ഉറപ്പാക്കുന്നതിനുള്ള വായ്‌പയെ കടമടുപ്പ്‌ പരിധിയിൽനിന്ന്‌ ഒഴിവാക്കണം. ദേശീയപാത ഭൂമിയേറ്റടുക്കലിനായി കിഫ്‌ബി എടുത്തവായ്‌പയും വായ്‌പാപരിധിയിൽ വെട്ടിക്കുറച്ചു. ഇത്‌ പരിഹരിക്കാൻ 6,000 കോടിയുടെ അധികവായ്‌പ എടുക്കേണ്ടതുണ്ട്‌. റബറിന്‌ താങ്ങുവില ഉറപ്പാക്കാൻ 1000 കോടിയുടെ വില സ്ഥിരതാ ഫണ്ട്‌, തോട്ടം നവീകരണത്തിനും വിളകളുടെ വില സ്ഥിരത ഉറപ്പാക്കാനും കയറ്റുമതി വികസിപ്പിക്കുന്നതിനും പ്രത്യേക പക്കേജ്‌ എന്നിവയും ആവശ്യപ്പെട്ടു. നെല്ല്‌ സംഭരണവുമായി ബന്ധപ്പെട്ട സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 2000 കോടി, ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന്‌ 2117 കോടി രൂപയുടെ പദ്ധതിക്കുള്ള അംഗീകാരം, തീരദേശ ശോഷണം തടയാനുള്ള 11,650 കോടിയുടെ പദ്ധതിയിലേയ്‌ക്ക്‌ ബജറ്റിൽ 2329 കോടി നീക്കിവെയ്‌ക്കണം, പുനർഗേഹം പദ്ധതിക്കായി 186 കോടി തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണത്തിന്‌ 500 കോടിയും തിരുവനന്തപുരം ആർസിസിക്ക്‌ 1293 കോടിയും, വന്യജീവി–-മനുഷ്യ സംഘർഷം കുറയ്‌ക്കാനുള്ള പദ്ധതിക്ക്‌ 1000 കോടിയും ആവശ്യപ്പെട്ടു. എയിംസ്‌, സിൽവർലൈൻ പദ്ധതി, റാപ്പിഡ്‌ ട്രാൻസിറ്റ്‌ പദ്ധതികൾ, അങ്കമാലി-–-ശബരി, നിലമ്പുർ-–-നഞ്ചൻകോട്‌, തലശേരി-–-മൈസുരു റെയിൽപാതകൾ ബജറ്റിൽ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.