30 December 2024, Monday
KSFE Galaxy Chits Banner 2

അതിരുകളില്ലാത്ത കാവ്യ സപര്യ- വയലാര്‍

Janayugom Webdesk
തിരുവനന്തപുരം
October 27, 2024 12:36 pm

സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

മലയാള ചലച്ചിത്രഗാനങ്ങളെ കവിതകളാക്കിയ അപൂര്‍വ്വ പ്രതിഭയായിരുന്നു വയലാര്‍. വയലാറിന്റെ ഭൗതിക സാന്നിദ്ധ്യം ഇന്ന് നമ്മോടൊപ്പം ഇല്ലെങ്കിലും അദ്ദേഹത്തിന്റെ കവിതകളും, ഗാനങ്ങളും ഇന്നും സജീവമാണ്. വയലാറിന്റെ ഈരടികളില്‍ ഒന്നെങ്കിലു മൂളാത്ത ഒരു മലയാളി പോലും ഇല്ല. അത്ര കണ്ട് അത് ഇഴുകി ചേര്‍ന്നിരിക്കുന്നു. ഗാനങ്ങളെ കവിതകളാക്കുകുയം, കാവ്യ കലയെ സംഗീതത്തോട് അടുപ്പിക്കുകയും ചെയ്തു ‚നമുക്ക് മുമ്പേ നടന്നു പോയ സ്നേഹധനനായ മറ്റൊരു ഓര്‍ഫ്യൂസ് എന്ന് കവി ഒഎന്‍വി കുറുപ്പ് വിശേഷിപ്പിച്ചത് മറ്റാരെയുമല്ല വയലാറിനെയാണ് . അദ്ദേഹത്തിന്റെ പല രചനകളിലും മനുഷ്യത്തിന്റെ വികാര‑വിചാരങ്ങളെ കാവ്യ വിഷയമാക്കി, രാമവര്‍മ്മയുടെ കവിത കവി പുലര്‍ത്തുന്ന ജീവിതസങ്കല്പത്തിന്റെ പ്രകാശനമാണ്. 

ഏതോ ദിവ്യമായ വെെകാരികാനുഭൂതിയുടെ നിമിഷങ്ങളില്‍ ഒഴുകിവരുന്ന വാങ്മയങ്ങളുടെ സ്വഭാവം ആ രചനകള്‍ക്കുണ്ടെങ്കിലും തന്റെ സുചിന്തിതമായ ജീവിത പ്രമാണത്തിന് നിരക്കാത്തതൊന്നും അതില്‍ ഉണ്ടാവുകയില്ല. അതിനര്‍ത്ഥം വയലാറിന് കവിത കേവലമായ വികാരപ്രകടനമല്ലെന്നും വിചാര നിയന്ത്രണം ഒപ്പം പ്രവര്‍ത്തിച്ചിരുന്നു എന്നുവേണം കണക്കാക്കാന്‍ .വയലാറിന്റെ ഗാനങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത് സൂക്ഷ്മാര്‍ത്ഥങ്ങളാണ്. മെലഡി ഭാവത്തിന് അപ്പുറത്തേക്ക് വലിയ അര്‍ത്ഥതലങ്ങളാണുള്ളത് .തന്റെ വിപ്ലവ കവിതകളില്‍ കൂടി അറിയപ്പെടുന്ന ഒരു കവി ആയിരുന്നു എങ്കിലും അദ്ദേഹം ചലച്ചിത്രഗാന രംഗത്ത് ഹരിശ്രീ കുറിക്കുന്നതു്.

തുമ്പീ തുമ്പീ വാ വാ എന്ന ഗാനത്തിലൂടെ ആണു്. പിന്നെ അടുത്ത രണ്ടു പതി റ്റാണ്ടുകളിൽ ചലച്ചിത്രഗാനരംഗത്തും നാടകഗാന രംഗത്തും അദ്ദേഹത്തിന്റെ ഒരു ജൈത്രയാത്ര തന്നെ ആയിരുന്നു എന്നു തന്നെ പറയാം. ആകെ 256 ചിത്രങ്ങളിലായി 2000 ഓളം ഗാനങ്ങൾ. ഇതുകൂടാതെ ഇരുപത്തഞ്ചോളം നാടകങ്ങ ളിലായി 150ഓളം പ്രശസ്തങ്ങളായ നാടകഗാനങ്ങളും എഴുതി. ഭാവനയുടെ അനന്തപഥങ്ങളിൽ സ്വർണച്ചാമരം വീശിയെത്തിയ വയലാർ അവിടെ നിന്നും സ്വാംശീകരിച്ചെടുത്ത വൈവിധ്യങ്ങളായ വിഷയങ്ങളുടെ ലാവണ്യാനുഭൂതിയിൽ ആയിരം പാദസരങ്ങൾ കിലുക്കി മലയാളത്തിന്റെ കവിത‑നാടക ‑സിനിമാ ഗാനശാഖകളെ വശ്യവും സമൃദ്ധവും സമ്പന്നവുമാക്കി.1928 മാർച്ച് 25 ന് വെള്ളാരപ്പള്ളി കേരള വർമയുടെയും വയലാർ രാഘവപ്പറമ്പിൽ അംബാലികത്തമ്പുരാട്ടിയുടെയും മകനായി വയലാർ രാമവർമ ജനിച്ചു. ഔപചാരികമായ സ്‌കൂൾ വിദ്യാഭ്യാസത്തിനൊപ്പം അന്നത്തെ ഗുരുകുല സമ്പ്രദായത്തിൽ സംസ്‌കൃത പഠനവും അഭ്യസിച്ചു.

അക്കാലത്തേ ആരംഭിച്ചതാണ് കുട്ടൻ എന്ന ഓമനപ്പേരിൽ കുടുംബ വൃത്തങ്ങളിൽ അറിയപ്പെട്ടിരുന്ന രാമവർമയുടെ കവിതാകമ്പം. വള്ളത്തോളും ജി.ശങ്കരക്കുറുപ്പുമായിരുന്നു അദ്ദേഹത്തെ കവിയാകാൻ പ്രചോദിപ്പിച്ച കവികൾ. എന്നാൽ ചങ്ങമ്പുഴയായിരുന്നു വയലാറിന്റെ കവിത്വത്തെ ഏറെ സ്വാധീനിച്ച കവി. ചങ്ങമ്പുഴയ്ക്ക് ശേഷമുണ്ടായ ജനപ്രിയ കവികളില്‍ അഗ്രഗണ്യന്‍ എന്നാണ് മഹാകവി ജിയുടെ വിശേഷണം.മനുഷ്യനെ കുറിച്ച് താൻ കാ ണുന്ന സ്വപ്നങ്ങൾക്ക് സമാനമായ ആശയങ്ങളിൽ ഊന്നിനിന്നുകൊണ്ട് വയലാറിന്റെ ഭൂമികയിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കമ്യൂണിസ്റ്റുകാർ നയിച്ചിരുന്ന സവിശേഷ സ്വാതന്ത്ര്യ പോരാട്ടങ്ങൾ വയലാർ രാമവർമയിൽ വ ലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. തൊഴിലാളി വർഗത്തിന്റെ കരുത്തിൽ കുരുത്ത ജനത, മനുഷ്യരെ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വിവേചിക്കാതെ, ജാ തി-മതബോധം സൃഷ്ടിച്ച സവർണ-അവർണ കാഴ്ചപ്പാടുകളുടെ അന്ധത ബാധിക്കാതെ ഒരുമയോടെ പോരിനിറങ്ങയത് അദ്ദേഹത്തിലെ മനുഷ്യനെ, കവിയെ ആഴത്തിൽ സ്വാധീനിച്ചു. ഒപ്പം കമ്യൂണിസ്റ്റുകാർ വയലാറിലും പരിസരത്തും തിരികൊളുത്തിയ പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളും അവയുടെ ആശയങ്ങളും അദ്ദേഹത്തെ ആവേശഭരിതനാക്കി. നിരന്തരം കവിതകളെഴുതിക്കൊണ്ടാണ് ആ ആവേശത്തെ വയലാർ ക്രിയാത്മകമായി വിനിയോഗിച്ചത്. സ്വാതന്ത്ര്യം ഇന്ത്യയെ രണ്ടായി കീറിമുറിച്ചപ്പോൾ കവി എന്ന നിലയിൽ ആ വേദന സ്വയം ആത്മാവിലേറ്റുവാങ്ങി പാദമുദ്രകൾ എന്ന കവിതയിൽ അദ്ദേഹം ഇങ്ങനെ വിലാപം കൊണ്ടു-
കരയുന്നില്ലേ നിങ്ങ-
ളിന്ത്യതന്‍ കരള്‍ വെട്ടി-
ക്കുരിതിക്കളം തീര്‍ത്ത,
കണ്ണീരിന്‍ കഥ കേള്‍ക്കെ
കമ്യൂണിസ്റ്റ് ആശയങ്ങളെ തന്റെ ജീവിതത്തിന്റെ അടിസ്ഥാന വിശ്വാസ പ്രമാണമായി സ്വീകരിക്കുമ്പോഴും അത് ആത്യന്തികമായി മനുഷ്യന്റെ കണ്ണീരിന് ബദലാവണമെന്നും കിനാവിന് ബലമേകണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. 1948 ൽ തന്നെ പാദമുദ്രകൾ എന്ന പേരിൽ അദ്ദേഹം തന്റെ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. തുടർന്ന് കൊന്തയും പൂണൂലുമിറങ്ങി. 1954 ൽ വയലാറിന്റെ ആയിഷ എന്ന ഖണ്ഡകാവ്യം പുറത്തു വന്നു. തുടർന്ന് എനിക്ക് മരണമില്ല, മുളങ്കാട്, ഒരു യൂദാസ് ജനിക്കുന്നു, സർഗ സംഗീതം, എന്റെ മാറ്റൊലിക്കവിതകൾ, രാവണ പുത്രി, അശ്വമേധം, സത്യത്തിനെത്ര വയസ്സായി തുടങ്ങിയ കവിതാ സമാഹാരങ്ങളും ഇറങ്ങി. സർഗ സംഗീതത്തിന് 1961 ലെ മികച്ച കവിതാ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി.

കാൽപനികതയും യാഥാർഥ്യവും മാറിമാറി കവിതകളിൽ പരീക്ഷിച്ചുകൊണ്ട് മലയാളിയെ ആസ്വാദനത്തിന്റെ അതിരില്ലാത്ത അതിശയങ്ങളിൽ ആറാടിച്ച ഇന്ദ്രജാലക്കാരനായിരുന്നു വയലാര്‍ .1956 ൽ കൂടപ്പിറപ്പ് എന്ന സി നിമയ്ക്ക് ഗാനങ്ങളെഴുതിക്കൊണ്ടായിരുന്നു തുടക്കം.
തുമ്പീ തുമ്പീ വാവാ…ഈ
തുമ്പത്തണലിൽ വാവാ . ഈ ഗാനത്തിന് ഈണം പകര്‍ന്നത് ജി.ദേവരാജന്‍ മാഷ് ആയിരുന്നു.ലളിതവും അർഥസമ്പുഷ്ടവുമായ വാക്കുകളിൽ കൊരുത്തെടുത്ത് വയലാർ നിർമിക്കുന്ന വരികളിൽ മലയാളിയെ കൊതിപ്പിക്കുന്ന ഒരു തരം വശ്യമനോഹാരിത നിറഞ്ഞാടി. മലയാള സിനിമയെ പാട്ടുകളിലെ ലാസ്യഭംഗിയും ചാരുതയും കൊണ്ട് ജനഹൃദയങ്ങളിൽ പ്രതിഷ്ഠിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. വയലാറിന്റെ പ്രസിദ്ധമായ ഗാനങ്ങളിലൊന്നാണ് ബലികൂടിരങ്ങളെ എന്നു തടുങ്ങുന്ന ഗാനം .
ബലികുടീരങ്ങളേ ബലികുടീരങ്ങളേ
സ്മരണകളിരമ്പും രണസ്മാരകങ്ങളേ
ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ
സമരപുളകങ്ങൾ തൻ-
സിന്ദൂര മാലകൾ..
സംസ്ഥാനത്തെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് 1957ല്‍ പാളയം രക്തസാക്ഷി മണ്ഡ‍പത്തിന്റെ ഉദ്ഘാനടത്തിനവേളയില്‍ അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദിന്റെ മുമ്പില്‍ അവതരിപ്പിക്കുന്നതിനായി എഴുതിയ ഗാനമാണിത്. അത് പിന്നീട് വിശറിക്ക് കാറ്റ് വേണ്ട എന്ന നാടകത്തില്‍ ആ ഗാനം ഉള്‍പ്പെടുത്തി. തുടർന്നാണ് കെപിഎസിയുടെ നാടകങ്ങളുടെ സ്ഥിരം അവതരണ ഗാനമായി അതു മാറുന്നത്.
വയലാര്‍ രാമവര്‍മ ജനിച്ചുവളര്‍ന്നത് യാഥാസ്ഥിതിക പശ്ചാത്തലത്തിലാണെങ്കിലും പിന്നീട് അറിയപ്പെട്ടത് മനുഷ്യാഭിമാനത്തിന്റെ കവിയായിട്ടാണ്. മരണമില്ലാത്ത മനുഷ്യന്‍ വയലാറിന്റെ ഒരൊറ്റ രചനയിലെ മാത്രം വിഷയമല്ല. എനിക്ക് മരണമില്ല എന്ന കവിതയിലെ ഞാന്‍ മനുഷ്യരാശിയെ ആകെ പ്രതിനിധീകരിക്കുന്നു. ആ മനുഷ്യനില്‍ തുടിക്കുന്ന സനാതന ചെെതന്യത്തെ സ്നേഹജ്വാലയായും അവനില്‍‍ അവിശ്രമം പായുന്ന അശ്വത്തെ കാലമായും കവി വിഭാവനം ചെയ്യുന്നു. മനുഷ്യന്റെ പരിണാമത്തിന്റെ ചരിത്രം ഒരു ജെെത്രയാത്രയുടേതാണ്. ആ ജെെത്രയാത്രയുടെ തുടക്കമാണ് കവി വരച്ചുകാട്ടുന്നത്.
പ്രപഞ്ചം മുഴുവനും പണ്ട് പണ്ടൊരു കാലം
പ്രളയാബ്ധിയില്‍ മുങ്ങിത്താണടിഞ്ഞിരുന്നപ്പോള്‍,
വന്നു ഞാ‘നമീബ’യായ് ജീവന്റെയൊന്നാമത്തെ
സ്പന്ദനം വിളംബരം ചെയ്തിതെന്‍ ചലനങ്ങള്‍!
അന്നന്തരീക്ഷത്തിന്റെയാത്മാവില്‍ നിന്നും പ്രാണ-
സ്പന്ദങ്ങള്‍ക്കുയിരാര്‍ജ്ജിച്ചങ്ങനെ വളര്‍ന്നു ഞാന്‍പെരിയാറെ പെരിയാറെ പർവതനിരയുടെ പനിനീരേ (ഭാര്യ), അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ (മണവാട്ടി)കടലിനക്കരെ പോണോരെ കാണാപ്പൊന്നിന് പോണോരെ(ചെമ്മീൻ),സൂര്യകാന്തി സൂര്യകാന്തി സ്വപ്നം കാണുവതാരെ (കാട്ടുതുളസി),നദികളിൽ സുന്ദരി യമുന (അനാർക്കലി)പാരിജാതം തിരുമിഴി തുറന്നു (തോക്കുകൾ കഥ പറയുന്നു),സ്വർണച്ചാമരം വീശിയെത്തുന്ന (യക്ഷി),യുവാക്കളെ യവുതികളെ യുവചേതനയുടെ ലഹരികളെ (ചട്ടക്കാരി)ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളേ (ബ്രഹ്മചാരി).1969 ലും 1972 ലും 1974 ലും 1975 ലു (മരണാനന്തര ബഹുമതി) മായി നാലു തവണ വയലാറിന് മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുകയുണ്ടായി. 1974 ൽ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര അംഗീകാരവും അദ്ദേഹത്തെ തേടിയെത്തി. 1975 ഒക്‌ടോബർ 27 ന് തന്റെ 47 ാം വയസ്സിൽ വയലാർ യാത്രയായി. ആ ഗാനങ്ങളിലൂടെ വയലാർ മരണമില്ലാത്തവനായി മലയാളിയുടെ മനസ്സിൽ മങ്ങാതെ മായാതെ ജീവിക്കുന്നു.
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജൻമം കൂടി
എനിക്കിനിയൊരു ജന്മം കൂടി 

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.