28 April 2024, Sunday

വയലാറിന്റെ സര്‍ഗസപര്യ

പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍
October 27, 2023 12:36 pm

രുപതാം നൂറ്റാണ്ടിലെ ഏറ്റവും ജനപ്രീതി നേടിയ മലയാള കവികളിലൊരാളാണ് വയലാര്‍ രാമവര്‍മ്മ. ചങ്ങമ്പുഴയ്ക്ക് ശേഷമുണ്ടായ ജനപ്രിയ കവികളില്‍ അഗ്രഗണ്യന്‍ എന്നും വയലാറിനെ വിശേഷിപ്പിക്കാം. നൂറുകണക്കിന് കവിതകള്‍, ആയിരക്കണക്കിന് നാടക‑സിനിമാ ഗാനങ്ങള്‍ എന്നിവയാണ് ഈ കവിയെ അതിപ്രശസ്തനാക്കിയത്. വയലാറിന്റെ ഭൗതിക സാന്നിധ്യം ഇന്നില്ലെങ്കിലും അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും ഭാവുകഹൃദയങ്ങളില്‍ ഇന്നും സജീവമാണ്. ചെറുകഥകള്‍, ലേഖനങ്ങള്‍, യാത്രാവിവരണം എന്നീ ഗദ്യവിഭാഗങ്ങളിലും വയലാറിന്റെ തൂലിക വ്യാപരിച്ചിരുന്നു. മലയാളത്തിലെ അനുവാചകലോകം വയലാറിന്റെ വരികള്‍ക്കായി ഇന്നും കാതോര്‍ക്കുന്നത് സ്വാഭാവികം.
രാമവര്‍മ്മയുടെ കവിത കവി പുലര്‍ത്തുന്ന ജീവിതസങ്കല്പത്തിന്റെ പ്രകാശനമാണ്. ഏതോ ദിവ്യമായ വെെകാരികാനുഭൂതിയുടെ നിമിഷങ്ങളില്‍ ഒഴുകിവരുന്ന വാങ്മയങ്ങളുടെ സ്വഭാവം ആ രചനകള്‍ക്കുണ്ടെങ്കിലും തന്റെ സുചിന്തിതമായ ജീവിത പ്രമാണത്തിന് നിരക്കാത്തതൊന്നും അതില്‍ ഉണ്ടാവുകയില്ല. അതിനര്‍ത്ഥം വയലാറിന് കവിത കേവലമായ വികാരപ്രകടനമല്ലെന്നും വിചാര നിയന്ത്രണം ഒപ്പം പ്രവര്‍ത്തിച്ചിരുന്നു എന്നുമാണ്. പല രചനകളിലും ആ വിചാരാംശത്തെതന്നെ കവി കാവ്യവിഷയമാക്കിയിട്ടുണ്ട്. ഒട്ടേറെ കവിതകളില്‍ ആനുഷംഗികമായി അത്തരം വിചാരാംശങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. അത് ഒരേസമയം കവിയുടെ ജീവിതസങ്കല്പത്തെയും കാവ്യവീക്ഷണത്തെയും പ്രതിനിധീകരിക്കുന്നു.
‘സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’ എന്ന് ‘മാനിഷാദ’ എന്ന കവിതയില്‍ വയലാര്‍ പ്രഖ്യാപിക്കുന്നു. ആ കവിതയില്‍ വാല്മീകിയുടെ ശബ്ദമാണ് താന്‍ ഏറ്റുപാടുന്നതെന്ന് കവി വ്യക്തമാക്കുകയും ചെയ്യുന്നു.
സംസ്കൃത പഠനകാലം മുതല്‍ക്കേ കവിതകള്‍ എഴുതിയിരുന്നെങ്കിലും ആത്മവിശ്വാസക്കുറവുകൊണ്ട് അക്കാര്യം രഹസ്യമായി സൂക്ഷിച്ചു. ഹെെസ്കൂള്‍ കാലത്ത് കവി കൂടുവിട്ട് പുറത്തുവന്നു. സ്കൂള്‍തലത്തില്‍ നടന്ന കവിതാമത്സരങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. ഫിഫ്ത് ഫാറത്തില്‍ രാമവര്‍മയുടെ വിദ്യാഭ്യാസം അവസാനിച്ചു. കവിതാപരിശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ചില ചെറുകിട മാസികകളില്‍ രചനകള്‍ പ്രകാശിതമായി. ‘ചക്രവാളം’ എന്നൊരു മാസികയില്‍ രാമവര്‍മ്മയുടെ ശുക്രനക്ഷത്രം എന്ന കവിത പ്രകാശിതമായി. കവി പെട്ടെന്ന് ശ്രദ്ധേയനായി. സി കെ കുമാരപ്പണിക്കര്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവ് രാമവര്‍മ്മ എന്ന യുവകവിയെ അന്വേഷിച്ച് കണ്ടുപിടിച്ച് അഭിനന്ദിച്ചു.

ആനുകാലികങ്ങളിലൂടെ കുറേ കവിതകള്‍ പ്രകാശിതമായപ്പോള്‍ സ്വാഭാവികമായും ഒരു കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തുവാനുള്ള അഭിലാഷം യുവകവിയുടെ ഹൃദയത്തില്‍ അങ്കുരിച്ചു. അറിയാവുന്ന പ്രസാധകരുമായെല്ലാം ബന്ധപ്പെട്ടു. തുടര്‍ച്ചയായ തിരസ്കാരമായിരുന്നു അനുഭവം. എങ്കിലും കവി ആഗ്രഹം ഉപേക്ഷിച്ചില്ല. പുതിയ പുതിയ വാതിലുകളില്‍ മുട്ടിക്കൊണ്ടിരുന്നു. തളരാത്ത ഇച്ഛാശക്തിയുടെ മുന്നില്‍ വാതില്‍ തുറക്കപ്പെടുക തന്നെ ചെയ്തു. വയലാര്‍ രാമവര്‍മ്മ എന്ന കവിക്ക് മാധവപ്പെെ എന്ന പ്രസാധകന്‍ തുണയായി. തുറവൂര്‍ നരസിംഹവിലാസം ബുക്ക് ഡിപ്പോയിലൂടെ പാദമുദ്രകള്‍ എന്ന ആദ്യസമാഹാരം പുറത്തുവന്നു. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ഏതാനും കവിതകളാണ് പാദമുദ്രകളിലെ ഉള്ളടക്കം. 1948 ജനുവരി 30ന് മഹാത്മാഗാന്ധി കൊല്ലപ്പെട്ടു. ആ ദുരന്തം കവിഹൃദയത്തില്‍ ഏല്പിച്ച ആഘാതമാണ് പാദമുദ്രകള്‍ എന്ന കവിത.
വയലാര്‍ രാമവര്‍മ ജനിച്ചുവളര്‍ന്നത് യാഥാസ്ഥിതിക പശ്ചാത്തലത്തിലാണെങ്കിലും പിന്നീട് അറിയപ്പെട്ടത് മനുഷ്യാഭിമാനത്തിന്റെ കവിയായിട്ടാണ്. മരണമില്ലാത്ത മനുഷ്യന്‍ വയലാറിന്റെ ഒരൊറ്റ രചനയിലെ മാത്രം വിഷയമല്ല. ‘എനിക്ക് മരണമില്ല’ എന്ന കവിതയിലെ ഞാന്‍ മനുഷ്യരാശിയെ ആകെ പ്രതിനിധീകരിക്കുന്നു. ആ മനുഷ്യനില്‍ തുടിക്കുന്ന സനാതന ചെെതന്യത്തെ സ്നേഹജ്വാലയായും അവനില്‍‍ അവിശ്രമം പായുന്ന അശ്വത്തെ കാലമായും കവി വിഭാവനം ചെയ്യുന്നു. മനുഷ്യന്റെ പരിണാമത്തിന്റെ ചരിത്രം ഒരു ജെെത്രയാത്രയുടേതാണ്. ആ ജെെത്രയാത്രയുടെ തുടക്കമാണ് കവി വരച്ചുകാട്ടുന്നത്. 

“പ്രപഞ്ചം മുഴുവനും പണ്ട് പണ്ടൊരു കാലം
പ്രളയാബ്ധിയില്‍ മുങ്ങിത്താണടിഞ്ഞിരുന്നപ്പോള്‍,
വന്നു ഞാ‘നമീബ’യായ് ജീവന്റെയൊന്നാമത്തെ
സ്പന്ദനം വിളംബരം ചെയ്തിതെന്‍ ചലനങ്ങള്‍!
അന്നന്തരീക്ഷത്തിന്റെയാത്മാവില്‍ നിന്നും പ്രാണ-
സ്പന്ദങ്ങള്‍ക്കുയിരാര്‍ജ്ജിച്ചങ്ങനെ വളര്‍ന്നു ഞാന്‍”
ആ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ കവി ഒന്നൊന്നായി തൊട്ടുകാണിക്കുമ്പോള്‍ ഭാരതീയ പുരാണ സങ്കല്പമനുസരിച്ചുള്ള ദശാവതാര കഥകള്‍ അനുവാചകന്‍ ഓര്‍മ്മിച്ചുപോകും.
വയലാറിന്റെ അനേകം കവിതകള്‍ മനുഷ്യാഭിമാനത്തിന്റെ പ്രതിസ്പന്ദനങ്ങള്‍ ഭാവുകഹൃദയങ്ങളില്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമാണ്. ‘ഗലീലിയോ’ എന്ന കവിതയില്‍ ചരിത്രം സൃഷ്ടിച്ച ആ ശാസ്ത്രകാരനെ കവി അവതരിപ്പിക്കുന്നു.
വ്യക്തിജീവിതത്തില്‍ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളുമായി സഹകരിച്ചിരുന്ന ഒരു ഭൂതകാലം രാമവര്‍മയ്ക്കുണ്ടായിരുന്നു. പക്ഷെ, അതൊരു ചെറിയ കാലഘട്ടം മാത്രമായിരുന്നു. ക്രമേണ കവിതയിലും വ്യക്തിജീവിതത്തിലും അദ്ദേഹം മറ്റൊരാളായി മാറി. പാരമ്പര്യലബ്ധമായ ദെെവസങ്കല്പത്തില്‍ നിന്ന് കഴിയുന്നത്ര അകലം പാലിച്ചു. ദെെവത്തിന് പുതിയൊരു നിര്‍വചനം വയലാര്‍ നല്‍കുന്നു. ആ സങ്കല്പത്തിന്റെ കേന്ദ്രത്തില്‍ കവി സ്നേഹത്തെ പ്രതിഷ്ഠിക്കുന്നു. ചില ഗാനങ്ങളില്‍ സന്ദര്‍ഭോചിതമായി ആ സങ്കല്പം വിളംബരം ചെയ്തിട്ടുണ്ട്.
“മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുമ്പോള്‍ മനസില്‍ ദെെവം ജനിക്കുന്നു
മനുഷ്യന്‍ മനുഷ്യനെ വെറുക്കാന്‍
തുടങ്ങുമ്പോള്‍
മനസില്‍ ദെെവം മരിക്കുന്നു”
‘വാഴ്‌വേമായം’ എന്ന സിനിമയിലെ ഒരു ഗാനത്തിലെ വരികളാണിവ. മനുഷ്യമനസിനെ ദേവാലയമാക്കുക എന്ന സന്ദേശം ഈ വരികളില്‍ വ്യഞ്ജിക്കുന്നു.
കവിതകളിലും കഥകളിലുമായി വെെവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്ക് വയലാര്‍ രൂപം നല്കിയിട്ടുണ്ട്. വെട്ടും തിരുത്തും, രക്തം പുരണ്ട മണ്ണ് എന്നിവ കഥാസമാഹാരങ്ങളാണ്. വയലാറിന്റെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം ‘ആയിഷ’ യാണ്. ശുദ്ധഗതിക്കാരിയായ ഒരു പെണ്‍കുട്ടിയായിട്ടാണ് ആയിഷ കാവ്യാരംഭത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ആ ചിത്രം കവി ഇങ്ങനെ വരച്ചുകാട്ടുന്നു.
“മഞ്ഞപ്പുള്ളികളുള്ള
നീലജാക്കറ്റും നീളെ
കുഞ്ഞു തൊങ്ങലു തുന്നി-
ച്ചേര്‍ത്ത പാവാടച്ചുറ്റും
കെെകളില്‍ പൊട്ടിപ്പൊട്ടി-
ച്ചിരിക്കും വളകളും
കെെതപ്പൂ തിരുകിയ
ചുരുളന്‍ മുടിക്കെട്ടും
പുഞ്ചിരിയടരാത്ത
മുഖവും തേനൂറുന്ന
കൊഞ്ചലും മറക്കുമോ
നിങ്ങളെന്നയിഷയെ?”
വയലാര്‍ ജീവിച്ചിരുന്നപ്പോള്‍ അവസാനമായി പ്രസിദ്ധപ്പെടുത്തിയ കവിതാസമാഹാരം സര്‍ഗസംഗീതമാണ്. പാദമുദ്രകള്‍ക്കും സര്‍ഗസംഗീതത്തിനുമിടയ്ക്ക് ആറ് കാവ്യഗ്രന്ഥങ്ങള്‍. കവിയുടെ കാലശേഷം സമാഹരിക്കാത്ത രചനകള്‍ ഉള്‍പ്പെടുത്തി ‘കല്യാണസൗഗന്ധികം’ എന്നൊരു സമാഹാരം കൂടി പ്രസിദ്ധീകൃതമായി.
ഇരുപതാം വയസില്‍ ആദ്യ സമാഹാരം പുറത്തിറക്കിയ കവി പിന്നത്തെ പതിമൂന്ന് വര്‍ഷത്തിനുള്ളില്‍ ലബ്ധ പ്രതിഷ്ഠ നേടിയ ജനപ്രിയ കവിയായി ഉയര്‍ന്നു. വേദനിക്കുന്നവരുടെ തോഴനായും അമര്‍ത്തപ്പെട്ടവരുടെ വിമോചകനായും സ്വയം പ്രഖ്യാപിച്ച വയലാര്‍ സര്‍ഗസംഗീതത്തിലൂടെ തന്റെ രചനാസങ്കല്പം മാറ്റിക്കുറിച്ചു എന്നൊരാക്ഷേപം ഉയര്‍ന്നുവന്നു.
‘വാളല്ലെന്‍ സമരായുധം ഝണ ഝണ
ധ്വാനം മുഴക്കീടുവാ
നാളല്ലെന്‍ കരവാളു വിറ്റൊരു മണി
പ്പൊന്‍വീണ വാങ്ങിച്ചു ഞാന്‍!
താളം രാഗലയശ്രുതി സ്വരമിവ-
യ്ക്കല്ലാതെയൊന്നിന്നുമി-
ന്നോളക്കുത്തുകള്‍ തീര്‍ക്കുവാന്‍ കഴിയുകി
ല്ലെന്‍ പ്രേമതീര്‍ത്ഥങ്ങളില്‍’
എന്ന ശ്ലോകം ഏറെ ഉദ്ധരിക്കപ്പെട്ടതാണ്. വയലാര്‍ മാര്‍ക്സിസം ഉപേക്ഷിച്ചു എന്നുവരെ ആക്ഷേപിക്കപ്പെട്ടു. വയലാര്‍ ഒരു ദന്തഗോപുര കവിയാണെന്നും അല്ലെന്നും തര്‍ക്കങ്ങള്‍ നടന്നു. വിവാദം ശ്രദ്ധിക്കുകയും സ്വന്തം നിലപാട് വ്യക്തമാക്കുകയും ചെയ്യാന്‍ കവി നിര്‍ബന്ധിതനായി. ഇത്തിരി നേരം താന്‍ ധ്യാനമഗ്നനായപ്പോള്‍ കവി ദന്തഗോപുരത്തിലെന്ന് മുറവിളിയായെന്നും അത് ദന്തഗോപുരമല്ലെന്നും രക്തത്തിന്റെ ഗന്ധമുള്ള കൊച്ചു വല്മീകമാണെന്നും വയലാര്‍ വ്യക്തമാക്കി.

ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളോടുകൂടി വയലാര്‍ ഗാനരചന തുടങ്ങിയെങ്കിലും അറുപതുകളോടുകൂടിയാണ് ആ രംഗത്ത് തികച്ചും സജീവമായത്. ബലികുടീരങ്ങളേ എന്ന് തുടങ്ങുന്ന ആദ്യകാലഗാനം (കെപിഎസി) മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നാണ്. തലയ്ക്കുമീതെ ശൂന്യാകാശം താഴെ മരുഭൂമി (അശ്വമേധം) മാനവധര്‍മ്മം വിളംബരം ചെയ്യുന്ന (വിശറിക്കു കാറ്റുവേണ്ട) ചക്കരപ്പന്തലില്‍ തേന്മഴ (കതിരുകാണാക്കിളി) തുടങ്ങിയ നിരവധി നാടകഗാനങ്ങള്‍ വയലാറിന്റെ ഭാവനയില്‍ നിന്ന് ഒഴുകിയിറങ്ങി. ആയിരക്കണക്കിന് സിനിമാഗാനങ്ങളിലൂടെ കേരളജനതയുടെ ഹൃദയങ്ങളില്‍ സുപ്രതിഷ്ഠ നേടുവാന്‍ വയലാറിന് കഴിഞ്ഞു. പെരിയാറേ, പെരിയാറേ (ഭാര്യ), അഷ്ടമിരോഹിണി രാത്രിയില്‍ (ഓമനക്കുട്ടന്‍), മാനസമെെനേ വരൂ (ചെമ്മീന്‍), ഗംഗയാറൊഴുന്ന (കാട്ടുതുളസി), ഏഴ് സുന്ദരരാത്രികള്‍ (അശ്വമേധം), കണ്ണ് തുറക്കാത്ത ദെെവങ്ങളേ (അഗ്നിപുത്രി), ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ (ചെമ്പരത്തി), ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ (ശകുന്തള), സ്വര്‍ണചാമരം വീശിയെത്തുന്ന (യക്ഷി), ആയിരം പാദസരങ്ങള്‍ കിലുങ്ങി (നദി), താഴമ്പൂ മണമുള്ള (അടിമകള്‍), മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു (അച്ഛനും ബാപ്പയും), ശബരിമലയില്‍ തങ്ക സൂര്യോദയം (സ്വാമി അയ്യപ്പന്‍), എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങള്‍ വേറെയുമുണ്ട്.

ഗാനങ്ങളെ അനായാസം കാവ്യാത്മകമാക്കുവാന്‍ കഴിഞ്ഞ ഗാനരചയിതാക്കള്‍ നമുക്ക് അധികം പേരില്ല. വയലാര്‍ രാമവര്‍മ സര്‍ഗവൃത്തിക്കായി വിനിയോഗിച്ച സമയത്തിന്റെ പകുതിയിലേറെയും ഗാനങ്ങള്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു. ആ ഗാനങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ പക്ഷെ, വയലാറിന്റെ കവിതകള്‍ക്ക് ലഭിച്ച ജനപ്രീതിയും അംഗീകാരവും തുടരുമായിരുന്നോ എന്ന് സംശയമാണ്. കവിതയുടെ മണ്ഡലത്തില്‍ താനുണര്‍ത്തിയ പ്രതീക്ഷകളെ വയലാര്‍ പൂര്‍ണമായും നിറവേറ്റിയില്ല എന്ന് എന്‍ വി കൃഷ്ണവാര്യര്‍ നിരീക്ഷിക്കുകയുണ്ടായി. ഒറ്റനോട്ടത്തില്‍ ആ കവിതകളും ഗാനങ്ങളും അനുഗ്രഹീതമായൊരു കവി പ്രതിഭയുടെ പ്രകാശനങ്ങളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.