ജന്മങ്ങളിൽ ഏറ്റവും ഉത്കൃഷ്ടം മനുഷ്യജന്മമാണെന്ന് ധാരണയുണ്ട്. ജീവികുലത്തിൽ യുക്തിയും ചിന്തയും ചിരിയും മനുഷ്യനു മാത്രമായി നല്കപ്പെട്ടതിനാലാകാം ഇത്. എന്നാൽ ഭൂമിയിലെ ഏറ്റവും വലിയ മാലിന്യവും മനുഷ്യർ തന്നെ. കാരണം മറ്റൊരു ജീവിയും പ്രകൃതിയിലേക്ക് ഇത്രയധികം മാലിന്യം പുറന്തള്ളുന്നില്ല. മനുഷ്യൻ ഉല്പാദിപ്പിക്കുന്ന ജൈവ‑അജൈവ–രാസ‑ആണവ മാലിന്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അതുണ്ടാക്കുന്ന മനുഷ്യനുതന്നെ അറിയാത്ത അവസ്ഥയാണ്.
ലോകത്താകമാനം നിലവിൽ പ്രതിവർഷം 210 കോടി ടൺ ഖരമാലിന്യമുണ്ടാകുന്നുവെന്ന് കണക്കാക്കപ്പെടുന്നു. ഗാർഹികോല്പന്നങ്ങളുടെ നിർമ്മാണവും ഉപയോഗവും കാരണമാണ് ലോകത്തിലെ 60 ശതമാനം ഹരിതഗൃഹ വാതകങ്ങളും ഉണ്ടാകുന്നതെന്ന് പ്രകൃതി ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ എത്രത്തോളം തകർക്കാതിരിക്കുമോ അത്രത്തോളം മാത്രമേ മനുഷ്യവാസം ഭൂമിയിൽ സാധ്യമാകുകയുള്ളൂ. മനുഷ്യപുരോഗതിയും വികസനവും കൂടുതൽ അളവിൽ മാലിന്യം ഉണ്ടാക്കുന്നുവെങ്കിൽ ആ പുരോഗതി പുരോഗതിയല്ല, ആ വികസനം വികസനവുമല്ല. അതുകൊണ്ടാണ് ‘ഓൺലി വൺ എർത്ത്’ എന്ന ആശയം ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയമായി ഐക്യരാഷ്ട്ര സഭ മുന്നോട്ടുവയ്ക്കുന്നത്.
കേരളത്തിൽ പുകയുന്ന ബ്രഹ്മപുരം ലോകം നേരിടുന്ന മാലിന്യ ഭീഷണിയുടെ ചെറു പതിപ്പുകളിൽ ഒന്നു മാത്രമാണ്. മാലിന്യ സംസ്കരണത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ പൗരന്മാരും ഭരണകൂടവും കൈക്കൊണ്ടില്ലെങ്കിൽ മാലിന്യമലകൾക്കിടയിൽ മലയാളി ശ്വാസംമുട്ടി മരിക്കുകയേയുള്ളു എന്ന് ബ്രഹ്മപുരം ബോധ്യപ്പെടുത്തുന്നു.
കേരളത്തിൽ ഒരു വ്യക്തി ഒരു ദിവസം ഏറ്റവും കുറഞ്ഞത് 125 ഗ്രാം മാലിന്യം ഉണ്ടാക്കുന്നുണ്ട്. നാലു പേരുള്ള ഒരു കുടുംബം ഏതാണ്ട് 500 ഗ്രാം മാലിന്യം ഉണ്ടാക്കുമ്പോൾ മൂന്നരക്കോടി വരുന്ന കേരള ജനസംഖ്യ ഒരു ദിവസം പുറന്തള്ളുന്ന മാലിന്യം ഉറവിടത്തിൽ മാത്രം സംസ്കരിക്കപ്പെടാനാവാതെ വീടും മതിലും കടന്ന് വഴിയോരങ്ങളിലേക്കും തെരുവുകളിലേക്കും പുഴകളിലേക്കും നീങ്ങും. കേരളത്തിന് മുന്നിലെ ഗുരുതര പ്രശ്നമായി നിൽക്കുകയാണ് മാലിന്യ സംസ്കരണം. ഒരു ബ്രഹ്മപുരം കൊണ്ടോ വിളപ്പിൽശാലകൊണ്ടോ ഈ പ്രശ്നം പരിഹരിക്കാനാവില്ല. മാത്രമല്ല, ഒരു നഗരത്തിലെ ജൈവ, അജൈവ മാലിന്യമെല്ലാം ഒരിടത്തേക്കെത്തിക്കുന്ന കേന്ദ്രീകൃത സംസ്കരണ രീതി പരാജയമാണെന്ന് ആദ്യം വിളപ്പിൽശാലയും ഇപ്പോൾ ബ്രഹ്മപുരവും തെളിയിച്ചിരിക്കുകയാണ്.
ശുചിത്വനിലവാര പട്ടികയിൽ രാജ്യത്തെ ആദ്യ 150 നഗരങ്ങളിൽ കേരളത്തിൽ നിന്ന് ഒന്നുപോലുമില്ല! സാക്ഷരത, ആരോഗ്യം, കുറഞ്ഞ ശിശുമരണ നിരക്ക്, ആയുർദൈർഘ്യം എന്നിവയിൽ മുന്നിൽ നില്ക്കുന്ന കേരളത്തിന് വ്യക്തിശുചിത്വ ശീലങ്ങളുണ്ടെങ്കിലും പൊതുശുചിത്വ‑പരിസര ശുചിത്വ സംസ്കാരമില്ലായെന്ന് വ്യക്തമാക്കുന്നു വഴിയോരങ്ങളിലെ മാലിന്യക്കെട്ടുകൾ.
“മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണ്. എന്നാൽ ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരന്മാർക്ക് നഷ്ടമാകുന്നു. കേരളം മുഴുവൻ ഒരു നഗരമായാണ് കാണേണ്ടത്. നഗരം മുഴുവൻ മാലിന്യം കുമിഞ്ഞുകൂടുന്ന അവസ്ഥയുണ്ടാകരുത്”. ബ്രഹ്മപുരം മാലിന്യ പ്രശ്നത്തിൽ ഇടപെട്ട് ഹൈക്കോടതി നടത്തിയ ഈ നിരീക്ഷണം വളരെ പ്രസക്തമാണ്. 2016ലെ ഖരമാലിന്യ ചട്ടങ്ങളുടെയും സുപ്രീം കോടതി നിർദേശങ്ങളുടെയും നഗ്നമായ ലംഘനമാണ് നടക്കുന്നതെന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ കുറ്റപ്പെടുത്തിയിരിക്കുന്നത്.
ബ്രഹ്മപുരത്ത് മാലിന്യ പുനഃചംക്രമണത്തിന്റെ ചുമതലയേറ്റെടുത്ത കമ്പനി അവരുടെ ദൗത്യത്തിൽ പരാജയപ്പെട്ടതുകൊണ്ടാണ് കൊച്ചിനിവാസികൾ ആഴ്ചകളോളം ദുരിതത്തിലായത്. കടമ്പ്രയാർ‑ചിത്രപ്പുഴ നദികൾക്ക് നടുവിലെ 110 ഏക്കറിൽ സ്ഥിതിചെയ്യുന്ന ബ്രഹ്മപുരം പ്ലാന്റിൽ ജൈവ‑അജൈവ‑പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഒന്നും ആരംഭിച്ചിരുന്നില്ലായെന്നതും ദുരിതദിനങ്ങളിലാണ് വെളിവാകുന്നത്.
ബ്രഹ്മപുരം ഒരു താക്കീതാണ്. വരാൻപോകുന്ന ദുരന്തങ്ങളിലേക്ക് ഒരു ചൂണ്ടുപലകയും! ഇനി ശക്തമായ നടപടികളും ബോധവൽക്കരണവും കടുത്ത ശിക്ഷകളുമാണ് വേണ്ടത്. ശുചിത്വം ഒരു സംസ്കാരമാണെന്ന് കുട്ടികളെ നഴ്സറിതലത്തിലേ പഠിപ്പിക്കേണ്ടിയിരിക്കുന്നു. വ്യക്തിശുചിത്വം പോലെതന്നെ പരിസര ശുചിത്വം, പൊതുശുചിത്വം, സാമൂഹ്യ ശുചിത്വം എന്നിവ പൗരധർമ്മത്തിന്റെ ഭാഗമാണെന്നും കുഞ്ഞുങ്ങളെ നിർബന്ധമായും പഠിപ്പിക്കുകയും പരിശീലിപ്പിക്കേണ്ടിയുമിരിക്കുന്നു. പാശ്ചാത്യ രാഷ്ട്രങ്ങളിലെ പൗരന്മാർ കൂടുതൽ വൃത്തിയും പൗരബോധവുമുള്ളവരായിരിക്കുന്നത് അവർ ചെറിയ ക്ലാസുകൾ മുതൽ ‘സിവിക്സ്’ പഠിക്കുന്നതു മൂലമായിരിക്കുമല്ലോ!
ലോകത്തിന്റെ പല ഭാഗത്തും മാലിന്യ സംസ്കരണത്തിനായി കണ്ടെത്തിയിട്ടുള്ള ആധുനിക സാങ്കേതികതയും പരീക്ഷണങ്ങളും സ്വായത്തമാക്കാനും അറിയാനും പ്രാവർത്തികമാക്കാനും നമ്മളും അടിയന്തരമായി ശ്രമിക്കേണ്ടിയിരിക്കുന്നു. ഇതിനുവേണ്ടിവരുന്ന തുക ഭരണകൂടം വകയിരുത്തിയേ പറ്റൂ. അല്ലെങ്കിൽ മാലിന്യംമൂലം പടരുന്ന രോഗങ്ങൾ ആരോഗ്യരംഗത്ത് അതിലേറെ ചെലവാകും വരുത്തിവയ്ക്കുക.
വലിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കും വലിയ വീടുകൾ വയ്ക്കുന്നവർക്കും നികുതി ഏർപ്പെടുത്തുമ്പോൾ തന്നെ മലിനീകരണ സെസും ചുമത്തേണ്ടിയിരിക്കുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെയൊക്കെ വെബ്സൈറ്റുകളിൽ മാലിന്യ നിർമ്മാർജനത്തിനും സംസ്കരണത്തിനും നൂറു വഴികളാണ് നിർദേശിച്ചിരിക്കുന്നതെങ്കിലും പ്രായോഗികതലത്തിൽ അവയൊന്നും നടപ്പിലാകുന്നില്ല. സ്വന്തം കർത്തവ്യത്തിൽ അലംഭാവം കാട്ടുന്ന ഒരു ചുമതലക്കാരനെപ്പോലും ആ സ്ഥാനത്ത് തുടരാൻ അനുവദിക്കാത്തവിധം ശിക്ഷാ നടപടികൾ ത്വരിതപ്പെടുത്തേണ്ടിയിരിക്കുന്നു. അതിരറ്റ ആർഭാടത്തോടെ നടക്കുന്ന വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും സമ്മേളനങ്ങൾക്കുമെല്ലാം ഇനി മാലിന്യനികുതി ഏർപ്പെടുത്തിയേ കഴിയൂ. ഓരോ ഗൃഹസ്ഥരും മാലിന്യത്തെ ഉറവിടത്തിൽ സംസ്കരിക്കുമ്പോൾ തന്നെ അവരുടെ സന്താനങ്ങളുടെ ഭാവിയെച്ചൊല്ലി പരിസര സംരക്ഷണവും കർത്തവ്യമായി കരുതണം.
മാലിന്യ നിർമ്മാർജനം വൻതോതിൽ ധനം ആവശ്യമുള്ള പ്രക്രിയ ആയതിനാൽ കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതികളും വേണ്ടിവരും. മാലിന്യ സംസ്കരണത്തിനായുള്ള സ്വച്ഛ്ഭാരത്, അമൃത് പദ്ധതികളുടെ ഫണ്ട് സംസ്ഥാനങ്ങളും ക്രിയാത്മകമായി പങ്കുവയ്ക്കണം.
ശുചിത്വനഗരം ഒരു ആകാശ കുസുമമേ അല്ലായെന്നതിന് തെളിവാണ് ഇൻഡോർ. രാജ്യത്തെ ശുചിത്വ നഗരങ്ങളുടെ പട്ടികയിൽ 25-ാം സ്ഥാനത്തായിരുന്ന ഇൻഡോർ ഒരു വർഷം കൊണ്ട് ഒന്നാം സ്ഥാനത്തെത്തി.
ആവശ്യമില്ലാത്തതും അധികമുള്ളതുമായ വസ്തുക്കൾ മനുഷ്യൻ ഈ ജീവിതകാലയളവിൽ വെറുതെ സൂക്ഷിച്ചുവയ്ക്കേണ്ടതില്ല. അത് പാത്രം നോക്കി വിളമ്പി, ഭാരമൊഴിഞ്ഞ് സ്വസ്ഥമായും ശാന്തമായും ജീവിക്കുകയാണ് വേണ്ടത്. ഈ ഇടവേളയിൽ പരമാവധി മാലിന്യം സൃഷ്ടിക്കാതിരിക്കാം, ദുർഗന്ധം പടർത്താതിരിക്കാം. വീടുകളിലും ആശുപത്രികളിലും നഗര പ്രദേശങ്ങളിലുമെല്ലാം നമുക്കിനി പൂന്തോട്ടങ്ങൾ നട്ടുപിടിപ്പിക്കാം.
മാറ്റൊലി
ഓരോരുത്തരും പഞ്ചശുദ്ധി (ശരീരശുദ്ധി, വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി,
ഗൃഹശുദ്ധി) ആചരിക്കേണ്ടതാണ്.
- ശുദ്ധിപഞ്ചകം (ശ്രീ നാരായണ ഗുരു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.