15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 14, 2024
November 12, 2024
November 6, 2024
October 18, 2024
October 12, 2024
October 10, 2024
October 6, 2024
October 6, 2024
October 1, 2024

മുലപ്പാല്‍ കുഞ്ഞിന് അമൃതം

അര്‍ച്ചന
കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ
August 1, 2023 6:59 pm

രു അമ്മയ്ക്ക് തന്റെ പിഞ്ചോമനയ്ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും ഉത്തമമായ സമ്മാനമാണ് മുലപ്പാല്‍. പ്രസവശേഷം എത്രയും പെട്ടെന്നു തന്നെ മുലയൂട്ടല്‍ ആരംഭിക്കാം. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം ആദ്യത്തെ ആറുമാസം കുഞ്ഞിനു മുലപ്പാല്‍ അല്ലാതെ മറ്റൊരു ആഹാരവും നല്‍കാന്‍ പാടില്ല.

ആദ്യത്തെ ആറുമാസം വരെ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ എല്ലാ പോഷക ഘടകങ്ങളും മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹിപ്പിക്കാനും ആഗിരണം ചെയ്യാനും എളുപ്പമാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന നിരവധി ഘടകങ്ങളാല്‍ മുലപ്പാല്‍ സമൃദ്ധമാണ്. ആദ്യദിനങ്ങളില്‍ സ്രവിക്കുന്ന പാല്‍ അഥവാ കൊളസ്ട്രം നിരവധി പ്രോട്ടീനുകള്‍, ഇമ്മ്യൂണോഗ്ലോബിന്‍, വിറ്റാമിനുകള്‍, ആന്റിബോഡികള്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ്. കുഞ്ഞിന്റെ തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് മുലപ്പാല്‍ സഹായിക്കുന്നു.

അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ മുലയൂട്ടല്‍ കൊണ്ട് അമ്മയ്ക്കുള്ള ഗുണങ്ങള്‍ നിരവധിയാണ്. പ്രസവശേഷം ഉള്ള അമിത രക്തസ്രാവം കുറയ്ക്കാന്‍ മുലയൂട്ടല്‍ സഹായിക്കുന്നു. അണ്ഡാശയ, സ്താനാര്‍ബുദത്തിന്റെ സാദ്ധ്യത മുലയൂട്ടുന്ന അമ്മമാരില്‍ കുറയുന്നതായി കണ്ടുവരുന്നു.

മുലയൂട്ടലിന്റെ ഓരോ ഘട്ടത്തിലും മുലപ്പാലിന്റെ ഘടന വ്യത്യസ്തമാണ്. കുഞ്ഞു കുടിച്ചു തുടങ്ങുമ്പോള്‍ വരുന്ന പാല്‍ കുഞ്ഞിന്റെ ദാഹത്തെ ശമിപ്പിക്കാനും ശേഷം വരുന്ന കൊഴുപ്പു നിറഞ്ഞ പാല്‍ വിശപ്പു ശമിപ്പിക്കാനും സഹായിക്കുന്നു. മാസം തികയാതെ പ്രസവിക്കുന്ന അമ്മമാര്‍ ചുരത്തുന്ന പാല്‍ കുഞ്ഞിന്റെ ആവശ്യാനുസരണം കൂടുതല്‍ മാംസ്യവും ധാതുക്കളും കൊണ്ട് സമ്പന്നമാണ്.

പുതിയ അമ്മമാര്‍ക്ക് തുടക്കത്തില്‍ മുലയൂട്ടാന്‍ മറ്റൊരാളുടെ സഹായം വേണ്ടി വരാം. അമ്മയ്ക്കും കുഞ്ഞിനും ഒരേപോലെ സൗകര്യപ്രദമായ വിധത്തില്‍ ഇരുന്നു വേണം പാലൂട്ടേണ്ടത്. നല്ല രീതിയില്‍ പാല്‍ കുടിക്കുന്ന കുട്ടി വായ നന്നായി തുറക്കും. മുലക്കണ്ണും ചുറ്റുമുള്ള കറുത്ത തൊലിയുടെ ഭൂരിഭാഗവും കുഞ്ഞിന്റെ വായ്ക്കുള്ളില്‍ ആയിരിക്കും. പരന്ന / ഉള്‍വലിഞ്ഞ മുലക്കണ്ണ്, മുലക്കണ്ണില്‍ മുറിവ്, പാല്‍ കെട്ടി നിന്ന് മാറിടത്തില്‍ വേദന തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ആദ്യഘട്ടത്തില്‍ അമ്മമാര്‍ക്ക് ഉണ്ടാകാം. ചുരത്തുന്ന പാലിന്റെ അളവ് കുറവാണ് എന്ന് പല അമ്മമാര്‍ക്കും ആശങ്ക ഉണ്ടാകാറുണ്ട്. പാലു കുടിച്ച ശേഷം കുഞ്ഞ് 2 — 3 മണിക്കൂര്‍ നേരം ഉറങ്ങുന്നുണ്ട്, 6 — 8 തവണ മൂത്രം ഒഴിക്കുന്നുണ്ട്, ശരീരഭാരം കൂടുന്നുണ്ട് എങ്കില്‍ കുഞ്ഞിന് ആവശ്യത്തിനു പാല്‍ കിട്ടുന്നുണ്ടെന്ന് അനുമാനിക്കാം.

അമ്മയുടെയോ കുഞ്ഞിന്റെയോ ആരോഗ്യ പ്രശ്നങ്ങളാല്‍ മുലയൂട്ടാന്‍ കഴിയാതെ വന്നാല്‍ പാല്‍ പിഴിഞ്ഞെടുത്ത് കുഞ്ഞിനു നല്‍കാം. ഇങ്ങനെ എടുക്കുന്ന പാല്‍ 6 മണിക്കൂര്‍ പുറത്തും 24 മണിക്കൂര്‍ ഫ്രിഡ്ജിനുള്ളിലും സൂക്ഷിക്കാം.

ഇന്നത്തെ കാലഘട്ടത്തില്‍ മുലയൂട്ടാന്‍ വിമുഖത കാണിക്കുന്ന പല അമ്മമാരും ഉണ്ട്. സമൂഹത്തില്‍ മുലയൂട്ടലിനെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി ലോകവ്യാപകമായി എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസം 1 മുതല്‍ 7 വരെ മുലയൂട്ടല്‍ വാരമായി ആചരിക്കുന്നു. ആരോഗ്യമുള്ള കുഞ്ഞുങ്ങളിലൂടെയാണ് ആരോഗ്യമുള്ള ഒരു സമൂഹം ഉണ്ടാകുന്നത്. അതിനാല്‍ നമുക്ക് എല്ലാവര്‍ക്കും മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കാം.

ഡോ.അർച്ചന ദിനരാജ്
കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ
SUT ഹോസ്പിറ്റൽ, പട്ടം

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.