ഡിജിറ്റൽ റീ സർവേ പ്രകാരം അധികരിച്ച ഭൂമിക്ക് നികുതി അടയ്ക്കുന്നതിന് വില്ലേജ് ഓഫിസുകളിൽ തടസങ്ങളുണ്ടാവരുതെന്ന് റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. കോഴിക്കോട് നടന്ന റവന്യു മേഖലാ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റൽ റീസർവേ പൂർത്തിയാക്കി സെക്ഷൻ 13 നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച വില്ലേജുകളിൽ അധികരിച്ച ഭൂമിയുടെ കരം സ്വീകരിക്കാനും ഡിജിറ്റലായി തയ്യാറാക്കിയ തണ്ടപ്പേര് വിവരങ്ങളടങ്ങിയ പ്രീമ്യൂട്ടേഷൻ സ്കെച്ച് നൽകാനും സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ‘എന്റെ ഭൂമി’ പോർട്ടൽ വഴി വില്ലേജ് ഓഫിസര്‍ വൺടൈം വെരിഫിക്കേഷൻ നടത്തണമെന്നും മന്ത്രി പറഞ്ഞു. ഈ രസീത് തണ്ടപ്പേര് ഉടമയ്ക്കും ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും ഡിജിറ്റൽ റീ സർവേ ചെയ്ത ഭൂമിയെ അതിന്റെ മുൻ സർവേ നമ്പരുകളുമായും കോ റിലേറ്റ് ചെയ്യാനാവും. ഇതുവരെ വായ്പാ അപേക്ഷകൾക്കൊപ്പം ചേർക്കേണ്ടിയിരുന്ന കോ റിലേഷൻ സർട്ടിഫിക്കറ്റിന്റെ അധിക ആവശ്യം ഇതോടെ ഇല്ലാതാവുമെന്നും മന്ത്രി വിവരിച്ചു.
വനഭൂമി പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ മാർച്ച് മാസത്തിനകം പൂർത്തിയാക്കണം. റവന്യു, വനം മന്ത്രിമാർ കേന്ദ്ര വനം മന്ത്രിയും സഹമന്ത്രിയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് 30 വർഷത്തിനുശേഷം സംയുക്ത പരിശോധനയ്ക്ക് അനുമതി ലഭിച്ചത്. ഇനിയും നടപടികൾ വൈകിപ്പിക്കരുത്. വിവര ശേഖരണത്തിലൂടെ കണ്ടെത്തിയ കേന്ദ്രങ്ങളിൽ അടിയന്തരമായി സംയുക്ത പരിശോധന നടത്തി ടോപ്പോ ഷീറ്റിൽ ഉൾപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഭൂമി തരംമാറ്റം അപേക്ഷകളുടെ കാര്യത്തിലും കാലതാമസം വരുത്തരുത്. നെൽവയൽ തണ്ണീർത്തട നിയമം സംരക്ഷിക്കുന്നതിലാണ് ജീവനക്കാർ പോരാട്ടം നടത്തേണ്ടത്. എങ്ങനെ അർഹരായവർക്ക് ഭൂമി തരംമാറ്റി കൊടുക്കാതിരിക്കാം എന്നതിലാവരുത്-മന്ത്രി പറഞ്ഞു. 25 സെന്റുവരെ സൗജന്യമായി തരംമാറ്റി നൽകാം. എങ്കിലും വില്ലേജ് ഓഫിസര്‍മാർക്ക് നൽകിയിരിക്കുന്ന പെർഫോമയിൽ ഭൂമിയുടെ മൂല്യനിർണയം അടക്കം ചോദിക്കുന്നുണ്ട്. അപേക്ഷയ്ക്കൊപ്പമുള്ള സ്കെച്ചിന് പുറമെ വില്ലേജ് ഓഫിസര്‍ വരച്ച് തയ്യാറാക്കുന്ന സ്കെച്ചുകൂടി പെർഫോമയിൽ തേടുന്നുണ്ട്. കാലതാമസം പിന്നെയും വൈകിപ്പിക്കുന്ന പെർഫോമ പുനഃപരിശോധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
നിയമവിരുദ്ധമായി നെൽവയൽ നികത്തപ്പെട്ടാൽ അത് പരിശോധിച്ച് വേഗത്തിൽ പൂർവസ്ഥിതിയിലാക്കണം. ഇതിനാവശ്യമായ ഫണ്ട് ഉള്‍പ്പെടെ ജില്ലാ ഭരണകൂടത്തിന് അനുവദിച്ചിട്ടുണ്ട്. അടുത്ത ഘട്ടം ഫണ്ട് ഓരോ ജില്ലയുടെയും പ്രവൃത്തികൾ വിലയിരുത്തി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. വില്ലേജ് ഓഫിസുകളുടെ ശാക്തീകരണം പ്രധാന ഘടകമായി കാണണം. അഴിമതി വച്ചുപൊറുപ്പിക്കരുത്. താൻ കൈക്കൂലി വാങ്ങില്ലെന്നു കരുതി കണ്ണടയ്ക്കുകയല്ല വേണ്ടത്. തന്റെ തൊട്ടടുത്തിരിക്കുന്നവൻ കൈക്കൂലി വാങ്ങാതിരിക്കാനും ശ്രദ്ധിക്കണം. കൈക്കൂലി വാങ്ങുന്നവർക്കെതിരെ രണ്ട് മാസത്തിനകം വകുപ്പുതല അന്വേഷണം നടത്തി, ആരോപണം തെളിഞ്ഞാൽ സർവീസിൽ നിന്നും പുറത്താക്കുമെന്ന് മന്ത്രി പറഞ്ഞു.
റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ ഗീത, റവന്യു അഡീഷണൽ സെക്രട്ടറിമാരായ ജെ ബിജു, ഷീബാ ജോർജ് എന്നിവർ സംബന്ധിച്ചു. ലാൻഡ് റവന്യു കമ്മിഷണർ ഡോ. എ കൗശിഗൻ അവതരിപ്പിച്ച ജില്ലകളുടെ അവലോകനത്തിന്റെയും സർവേ, ഡയറക്ടർ സീറാം സാംബശിവ റാവു അവതരിപ്പിച്ച ഡിജിറ്റൽ റീ സർവേ സംബന്ധിച്ച അവലോകനത്തിന്റെയും അടിസ്ഥാനത്തിൽ ജില്ലാ കളക്ടർമാരും തഹസിൽദാർമാരും പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.