ബുൾഡോസർ നടപടിയിൽ ഉത്തർപ്രദേശ് സർക്കാരിനെയും പ്രയാഗ്‌രാജ് ഭരണകൂടത്തെയും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള നീക്കമാണ് പൊളിക്കൽ. ഇത് ഭരണഘടനാവിരുദ്ധവും, മനുഷ്യത്വരഹിതവുമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എ എസ് ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ബുൾഡോസര്‍ രാജിനെതിരെ വിമർശനം ഉന്നയിച്ചത്.
അഡ്വ. സുള്‍ഫിക്കര്‍ ഹൈദർ, പ്രൊഫ. അലി അഹമ്മദ് എന്നിവരാണ് കോടതിയെ സമീപിച്ചിരുന്നത്. ബുൾഡോസർ നടപടിക്ക് ഒരു രാത്രി മുമ്പ് മാത്രമാണ് തങ്ങൾക്ക് നോട്ടീസ് നൽകിയതെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെ പൊളിച്ചുമാറ്റിയതിന് ഉത്തർപ്രദേശ് സർക്കാരിനെ കോടതി വിമർശിച്ചു. ആറ് ആഴ്ചയ്ക്കുള്ളില്‍ പൊളിച്ചുമാറ്റപ്പെട്ട ഓരോ വീട്ടുടമയ്ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സുപ്രീം കോടതി ഉത്തരവിട്ടു.
2023ലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദിന്റെ സ്ഥലമാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രദേശത്തെ വീടുകൾ തകർത്തത്. നേരത്തെ ഇവര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. തിരക്കിട്ട് ഒഴിപ്പിക്കല്‍ നടപടിക്ക് നേതൃത്വം നല്‍കിയ പ്രയാഗ്‌രാജ് ഡെവലപ്മെന്റ് അതോറിട്ടിയെയും സുപ്രീം കോടതി കടുത്തഭാഷയില്‍ വിമര്‍ശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.