
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഐസിസിയുടെ 2024ലെ മികച്ച ടെസ്റ്റ് താരം. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്, ശ്രീലങ്കയുടെ കമിന്ദു മെൻഡിസ് എന്നിവരിൽനിന്നുള്ള ശക്തമായ മത്സരത്തെ അതിജീവിച്ചാണ് ബുംറ ഒന്നാം സ്ഥാനത്തെത്തിയത്.
ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ ഇന്ത്യന്‍ താരമായും ബുംറ മാറി. നേരത്തെ രാഹുല്‍ ദ്രാവിഡ് (2004), ഗൗതം ഗംഭീര്‍ (2009), വീരേന്ദര്‍ സെവാഗ് (2010), ആര്‍ അശ്വിന്‍ (2016), വിരാട് കോലി (2018) എന്നിവരാണ് മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ പേസര്‍ കൂടിയാണ് ബുംറ.
2024ല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരം ബുംറയാണ്. ഹോം എവേ പോരാട്ടങ്ങളില്‍ ബുംറ ഒരുപോലെ തിളങ്ങി. പരിക്കേറ്റ് മാസങ്ങളോളം കളത്തില്‍ നിന്നു വിട്ടുനിന്ന ബുംറ പിന്നീട് തിരിച്ചെത്തിയാണ് മികച്ച ബൗളിങുമായി കളം വാണത്. 13 മത്സരങ്ങളില്‍ നിന്നു 71 വിക്കറ്റുകളാണ് താരം 2024ല്‍ വീഴ്ത്തിയത്. 357 ഓവറുകളാണ് താരം 2024ല്‍ ടെസ്റ്റില്‍ എറിഞ്ഞത്. ഒരു കലണ്ടര്‍ വര്‍ഷം 70ല്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളര്‍മാരുടെ പട്ടികയില്‍ ബുംറ നാലാമനായി ഇടം പിടിച്ചു. ആര്‍ അശ്വിന്‍, അനില്‍ കുംബ്ലെ, കപില്‍ ദേവ് എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയവര്‍.
ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ രണ്ടിന്നിങ്‌സിലുമായി 8 വിക്കറ്റുകള്‍ വീഴ്ത്തിയത് ശ്രദ്ധേയ പ്രകടനമായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 19 വിക്കറ്റുകളും താരം വീഴ്ത്തി. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റുകളില്‍ നിന്നായി 32 വിക്കറ്റുകള്‍ വീഴ്ത്തി. പരമ്പരയിലെ താരവുമായി. ടെസ്റ്റില്‍ 200 വിക്കറ്റുകളെന്ന നാഴികക്കല്ലും ബുംറ 2024ല്‍ പിന്നിട്ടിരുന്നു. 2018 ൽ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം 45 മത്സരങ്ങളിൽ നിന്ന് 86 ഇന്നിങ്‌സുകളിലുമായി 205 ടെസ്റ്റ് വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2.76 ഇക്കോണമിയിൽ 19.4 എന്ന മികച്ച ആവറേജിലാണ് താരം പന്തെറിഞ്ഞുകൊണ്ടിരിക്കുന്നത്. നേരത്തേ അര്‍ഷ്ദീപ് സിങിനു മികച്ച പുരുഷ താരത്തിനുള്ള ടി20 പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.