സേവനങ്ങള്‍ ഏറ്റവും വേഗത്തില്‍ പൊതുജനങ്ങളിലെത്തിക്കാന്‍ റവന്യു വകുപ്പിന്റെ മീഡിയാ വിഭാഗം റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (ആര്‍ഐബി) പ്രവര്‍ത്തനം ആരംഭിച്ചു. ബ്യൂറോയ്ക്ക് കീഴില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഒരുക്കിയിട്ടുണ്ട്. റവന്യു സംബന്ധമായ എല്ലാ വിവരങ്ങളും റവന്യു സേവനങ്ങളുടെ പരിശീലന പരിപാടികളും റവന്യു വകുപ്പിന്റെ ഉത്തരവുകളും സംസ്ഥാനത്തെ റവന്യു, സര്‍വേ, ഭവന നിര്‍മ്മാണ വകുപ്പുകളുടെ വാര്‍ത്തകളും ജനങ്ങളിലെത്തിക്കുക എന്നതാണ് ആര്‍ഐബിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി ആര്‍ഐബിയുടെ യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന റവന്യു വകുപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഐഎൽഡിഎം) കേന്ദ്രീകരിച്ചാണ് ആര്‍ഐബിയുടെ പ്രവര്‍ത്തനം.
ജനങ്ങള്‍ക്ക് ലഭിക്കുന്ന റവന്യു സേവനങ്ങള്‍ ചാനലിലൂടെ അറിയാന്‍ വിശദമായ പദ്ധതിയാണ് വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. സേവനങ്ങളെല്ലാം ഓണ്‍ലൈന്‍ ആക്കിയതോടെ ജനങ്ങള്‍ക്ക് അതേക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ആരംഭിക്കുന്ന റവന്യു ഇ- സാക്ഷരതാ പദ്ധതിക്ക് മുന്നോടിയായാണ് മീഡിയ വിഭാഗമായ റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യൂറോ രൂപീകരിച്ച് യൂട്യൂബ് ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് എങ്ങനെ റവന്യു സേവനങ്ങള്‍ ലഭ്യമാകും എന്നുള്ള ട്യൂട്ടോറിയല്‍ ഉള്‍പ്പെടെ ചാനലിലൂടെ സംപ്രേഷണം ചെയ്യും. കൂടാതെ റവന്യു വകുപ്പിന്റെ ഓരോ ആഴ്ചയിലെയും പ്രവര്‍ത്തനങ്ങളും പദ്ധതികളും ഉള്‍പ്പെടുത്തി വാരാന്ത്യ വാര്‍ത്തകള്‍, റവന്യു മന്ത്രിയുടെ സന്ദേശം, ജനങ്ങളുമായുള്ള സംവാദം തുടങ്ങി വിപുലമായ പരിപാടികള്‍ യൂട്യൂബ് ചാനലിലൂടെ ജനങ്ങളിലെത്തും. പരീക്ഷണാടിസ്ഥാനത്തില്‍ ട്രയല്‍ വീഡിയോകള്‍ ഇതിനകം ചാനലിലൂടെ സംപ്രേഷണം ചെയ്തു തുടങ്ങി. ആര്‍ഐബിയുടെ സെന്‍ട്രല്‍ ബ്യൂറോ പ്രവര്‍ത്തിക്കുന്നത് ഐഎല്‍ഡിഎമ്മിലാണ്.
ഡെപ്യൂട്ടി കളക്ടര്‍ക്കാണ് ബ്യൂറോയുടെ ചുമതല. ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കൊപ്പം റവന്യു വകുപ്പിന്റെ ഐടി കോര്‍ഡിനേറ്റര്‍മാര്‍ക്കും ചാനലിന്റെ ചുമതല നല്‍കിയിട്ടുണ്ട്. താലൂക്കുകളില്‍ ഐടി കോര്‍ഡിനേറ്റര്‍മാര്‍ ചാനലിന്റെ മേല്‍നോട്ടം വഹിക്കും. ജില്ലകളില്‍ കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചാണ് ചാനലിന്റെ പ്രവര്‍ത്തനം. അതത് ജില്ലകളിലെ റവന്യു വകുപ്പിന്റെ പദ്ധതികളും സേവനങ്ങളും ചാനല്‍ വഴി ലഭ്യമാക്കും. വാര്‍ത്തകളും പരിപാടികളും ശേഖരിക്കുക എന്നതാണ് ജില്ലകളില്‍ നിയോഗിച്ചിട്ടുള്ള ചുമതലക്കാരുടെ ഉത്തരവാദിത്തം. രണ്ട് മാസം മുമ്പ് ട്രയല്‍ പ്രവര്‍ത്തനം ആരംഭിച്ച യൂട്യൂബ് ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 24ന് കൊല്ലത്ത് നടക്കുന്ന റവന്യു ദിനാചരണവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ചാനലിന്റെ സബ്സ്ക്രിബ്ഷന്‍ കാമ്പയിന്‍ നടന്നുവരികയാണ്. ജനങ്ങളിലേക്ക് ചാനലിന്റെ വിവരങ്ങള്‍ എത്തിക്കുന്നതിനോടൊപ്പം സര്‍ക്കാര്‍ ജീവനക്കാരേയും പൊതുജനങ്ങളേയും വരിക്കാരാക്കുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം. നിലവില്‍ 56,000ത്തിനുമേല്‍ സബ്സ്ക്രിബ്ഷന്‍ ചാനലിനുണ്ട്. https://www.youtube.com/@ribkeralam, https://www.facebook.com/ribkeralam എന്നിവയാണ് ആര്‍ഐബിയുടെ യൂട്യൂബ്, ഫേസ്ബുക്ക് ലിങ്കുകള്‍.
English Summary: Bureau of Revenue Information
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.