
ജനാധിപത്യവിരുദ്ധമായി മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പുറത്താക്കാന്‍ അധികാരം നല്‍കാനുള്ള നീക്കങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം കത്തിപ്പടര്‍ന്നു. അഞ്ചു വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിയേണ്ടിവരുന്ന മന്ത്രിമാർക്ക് പദവി നഷ്ടപ്പെടുന്ന ഭരണഘടനാ ഭേദഗതി ബില്ലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷാംഗങ്ങള്‍ എതിര്‍ത്ത് രംഗത്തെത്തിയതോടെ നാടകീയ രംഗങ്ങളാണ് ലോക്‌സഭയിൽ അരങ്ങേറിയത്.
ബില്‍ അവതരിപ്പിച്ച ഉടന്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിക്കുകയും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബില്ലുകളുടെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞു. ബിജെപി, തൃണമൂൽ കോൺഗ്രസ് എംപിമാർ തമ്മിൽ കയ്യാങ്കളിയുടെ വക്കിലെത്തി.
ഇതിനിടെ സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിൽ അമിത് ഷായുടെ അറസ്റ്റ് കോൺഗ്രസ് ഉന്നയിച്ചതോടെ ബഹളം രൂക്ഷമായി. തുടർന്ന് അമിത് ഷായ്ക്കു നേരെ ബില്ല് വലിച്ചുകീറി എറിഞ്ഞ് പ്രതിപക്ഷം പ്രതിഷേധിച്ചു. ബഹളത്തെ തുടര്‍ന്ന് സഭ മൂന്നുമണി വരെയും, വീണ്ടും ചേര്‍ന്നപ്പോള്‍ പ്രതിഷേധം ശമിക്കാത്തതിനാല്‍ അഞ്ചുമണി വരെയും നിർത്തി. പിന്നീട് മൂന്നു ബില്ലുകളും സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനുള്ള പ്രമേയം പാസാക്കി.നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തി 11 വര്‍ഷത്തിനിടെ നിരവധി വിവാദ ഭരണഘടനാ ഭേദഗതി നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. ഇവയില്‍ പലതും കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടതായും വന്നിരുന്നു. ഈ നിരയിലേക്കാണ് പുതിയ കരിനിയമം കൂടി എത്തിയിരിക്കുന്നത്.
പ്രതിപക്ഷത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണിതെന്നും അറസ്റ്റിന് പോലും ഒരു മാനദണ്ഡവും നിശ്ചയിക്കപ്പെട്ടിട്ടില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തെ പുതിയ നിയമം ദുർബലപ്പെടുത്തുന്നു. ദുർബലമായ ആരോപണങ്ങളുടെയും സംശയങ്ങളുടെയും അടിസ്ഥാനത്തിൽ ജഡ്ജിയായും ആരാച്ചാരായും പ്രവർത്തിക്കാൻ എക്സിക്യൂട്ടീവ് ഏജൻസികൾക്ക് സ്വാതന്ത്ര്യം നൽകുകയാണെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ അമിതമായി ഇടപെടുന്നതിനെതിരെ സുപ്രീം കോടതി അടുത്തിടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബിജെപി-തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഗൂഢാലോചനയുടെ ഭാഗമായ വോട്ട് മോഷണ ആരോപണം ശ്രദ്ധ നേടിയിരിക്കെ ഇതിനെ മറികടക്കാനാണ് ധൃതഗതിയില്‍ ബില്‍ കൊണ്ടുവന്നതെന്നും ആരോപണമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.