പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഹരിയാന പൊലീസിനും പങ്കെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ റിങ്കു സാഹ്നി എന്ന ബജ്റംഗ്ദള്‍ പ്രവര്‍ത്തകനാണ് അറസ്റ്റിലായിട്ടുള്ളത്. ആക്രമണത്തിന് ഇരയായ നസീര്‍ (25), ജുനൈദ് എന്ന ജുന (35) എന്നിവരെ ആദ്യം ഹരിയാനയിലെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നതായാണ് റിങ്കുവിന്റെ വെളിപ്പെടുത്തല്‍. ആ സമയത്ത് ഇരുവര്‍ക്കും ജീവനുണ്ടായിരുന്നതായി റിങ്കു അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്നും കാണാതായ യുവാക്കളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ഹരിയാനയിലെ ഭിവാനി ജില്ലയില്‍ നിന്നും പിന്നീട് കണ്ടെത്തുകയായിരുന്നു. ഹരിയാനയിലെ നൂഹില്‍ വച്ച് ബുധനാഴ്ച രാത്രിയാണ് യുവാക്കളെ ഗോരക്ഷക സംഘം ആക്രമിച്ചത്. തുടര്‍ന്ന് ഇവരെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു. അവശരായ നസീറിനെയും ജുനൈദിനെയും ഫിറോസ്‌പൂര്‍ ജിര്‍ക്ക പൊലീസ് സ്റ്റേഷനില്‍ എത്തിച്ചുവെന്ന് റിങ്കു പറയുന്നു. പശുക്കടത്ത് കേസില്‍ ജുനൈദിനെയും നസീറിനെയും അറസ്റ്റു ചെയ്യണമെന്നാണ് പ്രതികള്‍ പൊലീസിനോട് ആവശ്യപ്പെട്ടത്.
എന്നാല്‍ മര്‍ദനമേറ്റ് അവശരായ യുവാക്കളെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. യുവാക്കളുമായി സ്റ്റേഷനില്‍ നിന്നും പോകാനും ആവശ്യപ്പെട്ടു. അധികം വൈകാതെ യുവാക്കള്‍ മരിച്ചു. ഇതോടെ പ്രതികള്‍ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് യുവാക്കളുടെ മൃതദേഹം സംസ്കരിക്കാന്‍ പദ്ധതിയിടുകയായിരുന്നു. നസീറിന്റെയും ജുനൈദിന്റെയും എസ്‌യുവിയില്‍ 200 കിലോമീറ്റര്‍ അകലെയുള്ള ഭിവാനിയില്‍ എത്തിച്ച് കാറിനൊപ്പം മൃതദേഹങ്ങളും കത്തിക്കുകയായിരുന്നു.
കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിയില്ലെന്നായിരുന്നു പ്രതികളുടെ ധാരണ. എന്നാല്‍ കാര്‍ വിശദമായി പരിശോധിച്ചതില്‍ നിന്ന് മരിച്ചത് നസീറും ജുനൈദുമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. രാജസ്ഥാന്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
English Summary: Burnt Bodies Of 2 Muslim Men Found In Haryana
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.