25 February 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 24, 2025
February 24, 2025
February 23, 2025
February 22, 2025
February 22, 2025
February 22, 2025
February 21, 2025
February 21, 2025
February 21, 2025
February 21, 2025

കടൽ മണൽ ഖനന കച്ചവടത്തിന്‌ തിരക്കിട്ട്‌ കേന്ദ്രം

ബേബി ആലുവ
കൊച്ചി
January 29, 2025 10:23 pm

കടൽ മണൽ കച്ചവടത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്തി കേന്ദ്ര സർക്കാർ. കൊല്ലം ഭാഗത്തെ കടലിൽ മൂന്നിടങ്ങളിൽ നിന്നായി 300 ദശലക്ഷം ടൺ മണലിന്റെ വില്പനയ്ക്കാണ് ആദ്യം തയ്യാറെടുക്കുന്നത്. കൊല്ലം തീരത്തു നിന്ന് 27,30, 33 മീറ്ററുകൾ ദൂരത്തുള്ള കടൽ ഭാഗങ്ങളിൽ ഓരോ ഭാഗത്തു നിന്നും 100 ദശലക്ഷം ടൺ വീതം മണൽ വില്ക്കാൻ കഴിയുമെന്നാണ് കച്ചവടത്തിന് ചുക്കാൻ പിടിക്കുന്ന കേന്ദ്ര മൈനിങ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. 

നിർമ്മാണാവശ്യങ്ങൾക്കുള്ള വെള്ളമണൽ കോർപറേറ്റുകൾക്ക് യഥേഷ്ടം ഈ ഭാഗങ്ങളിൽ നിന്ന് വാരിയെടുക്കാനുള്ള കച്ചവടമുറപ്പിക്കാൻ മുംബൈ ആസ്ഥാനമായുള്ള എസ്ബിഐ ക്യാപിറ്റൽ എന്ന സ്ഥാപനത്തെയാണ് ഇടനിലക്കാരായി ചുമതലയേല്പിച്ചിട്ടുള്ളത്. കേരള തീരത്തിന്റെ ഭാഗമായ പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം വടക്ക്-തെക്ക് എന്നീ അഞ്ച് പ്രധാന മേഖലകൾ മണൽ സഞ്ചയങ്ങളായി കണ്ടെത്തി ഖനനത്തിനായി കോർപ്പറേറ്റുകൾക്ക് തുറന്നു കൊടുക്കാൻ ഉന്നമിട്ടാണ് കേന്ദ്ര നീക്കം. ഈ അഞ്ച് മേഖലകളും മത്സ്യസമ്പത്താൽ സമ്പന്നമാണെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ആയിരക്കണക്കിന് യാനങ്ങളാണ് ഇവിടങ്ങൾ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നത്. കൂട്ടത്തിൽ ആദ്യത്തേതാണ് കൊല്ലത്തെ വില്പന. 

അടുത്ത 27ന് താല്പര്യപത്ര നടപടികൾ പൂർത്തിയാക്കാനാണ് തിരക്കിട്ടുള്ള നീക്കം. കൊല്ലം കടലിൽ മണൽവാരാൻ ഉദ്ദേശിച്ചിട്ടുള്ള ഭാഗത്ത് മണൽ നിക്ഷേപത്തിന് മുകളിലായി ഒന്നര മീറ്ററോളം കനത്തിൽ ചെളിയും മറ്റുമാണ്. മത്സ്യകേന്ദ്രീകരണത്തിന്റെയും ജൈവസമ്പത്തിന്റെയും ഉറവിടം ഈ മേൽമണ്ണാണ്. മണൽ ഖനനത്തിനായി ഈ മണ്ണ് കോരി മാറ്റുന്നത് മത്സ്യസമ്പത്തിന്റെയും ആവാസവ്യവസ്ഥയുടെയും നിലനിൽപ്പിന് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നത്. രാജ്യത്തെതന്നെ മീൻ പിടിത്തമേഖലകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതായി പരിഗണിക്കപ്പെടുന്ന ഭാഗം കൂടിയാണിത്.
വില്പനയുടെ ഭാഗമായി കേന്ദ്ര മൈനിങ് മന്ത്രാലയം ഈ മാസം കൊച്ചിയിൽ ശില്പശാലയും റോഡ്ഷോയും സംഘടിപ്പിച്ചിരുന്നു. എതിർപ്പ് അറിയിച്ച് മത്സ്യത്തൊഴിലാളി സംഘടനകൾ സംയുക്ത പ്രകടനവും യോഗവും നടത്തി. മൂന്ന് ലക്ഷത്തോളം സജീവ മത്സ്യത്തൊഴിലാളികളുടെയും 15 ലക്ഷത്തോളം വരുന്ന അനുബന്ധ തൊഴിലാളികളുടെയും ഉപജീവനത്തെ ബാധിക്കുന്നതും കടലും കടൽത്തീരവും സംഘർഷഭരിതമാക്കുന്നതുമാണ് കേന്ദ്ര നീക്കമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ ഐടിയുസി ) സംസ്ഥാന ജനറല്‍ സെക്രട്ടറി ടി രഘുവരൻ കുറ്റപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.