17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

August 17, 2024
August 16, 2024
August 12, 2024
August 2, 2024
July 30, 2024
July 30, 2024
July 28, 2024
July 28, 2024
July 27, 2024
July 26, 2024

രാഷ്ട്രീയ നേതാക്കൾക്കിടയിലെ പണ്ഡിതൻ

കാനം രാജേന്ദ്രൻ
August 15, 2023 4:30 am

കേരള രാഷ്ട്രീയത്തിൽ എല്ലാവരാലും ആദരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവ് സി അച്യുതമേനോൻ ഓർമ്മയായിട്ട് നാളെ (ഓഗസ്റ്റ് 16) 32 വർഷം പൂർത്തിയാകുന്നു. കേരളത്തിന്റെ ഉത്കൃഷ്ട പുത്രനും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കേരളം കണ്ട ഏറ്റവും പ്രഗത്ഭനും ദീർഘദർശിയും ധിഷണാശാലിയും ജനാധിപത്യവാദിയുമായ രാഷ്ട്രീയ നേതാവായിരുന്നു സി അച്യുതമേനോൻ. ക്രിയാത്മക മാർക്സിസം നൽകിയ വിപ്ലവ വീക്ഷണത്തോടൊപ്പം മനുഷ്യസ്നേഹവും, വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ധാർമ്മിക മൂല്യങ്ങൾ അചഞ്ചലം പാലിക്കണമെന്ന നിഷ്ഠയും, സ്വതന്ത്രചിന്തയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ചൈതന്യധന്യമാക്കി. കേരളത്തിന്റെയും അധ്വാനിക്കുന്ന ജനങ്ങളുടെയും സർവതോമുഖമായ അഭ്യുന്നതിക്കുവേണ്ടി അച്യുതമേനോൻ അനുഷ്ഠിച്ച സേവനങ്ങൾ സ്ഥായീഭാവത്തോടു കൂടിയതാണ്. വരുംതലമുറകളുടെ മുന്നിൽ വളരെക്കാലത്തേക്ക് വഴിതെളിക്കുന്ന കെടാവിളക്കായി ആ സേവനങ്ങൾ ശോഭിക്കും. അതുകൊണ്ടുതന്നെ അദ്ദേഹം ദേശീയ തലത്തിലും കക്ഷിപരിഗണനകൾക്ക് അപ്പുറം ശ്രദ്ധേയനും ആകർഷണീയനുമായി. പൊതുവിൽ രാഷ്ട്രീയ പ്രവർത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും സ്വഭാവത്തിൽ അപൂർവമായി മാത്രം കാണുന്ന ഒരു ഗുണവിശേഷം അച്യുതമേനോൻ ആർജിച്ചു. സ്വന്തം നൈസർഗിക വാസനകൾ അതിന് സഹായകവുമായിരുന്നു. സാഹിത്യാദി കലകളിലുള്ള അഭിരുചിയും തുടർച്ചയായി വായിക്കാനും പഠിക്കാനും കാര്യങ്ങൾ മനസിലാക്കാനുമുള്ള ഉൽക്കടമായ ജ്ഞാനതൃഷ്ണയും വഴി അദ്ദേഹം രാഷ്ട്രീയ നേതാക്കൾക്കിടയിൽ ഒരു പണ്ഡിതനും, പണ്ഡിതന്മാർക്കിടയിൽ അവരുടെ അംഗീകാരം പിടിച്ചുപറ്റാൻ കഴിഞ്ഞ നേതാവുമായിത്തീർന്നു. നാട്ടുരാജ്യമായിരുന്ന കൊച്ചിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഒരു പ്രവർത്തകനായിട്ടാണ് അച്യുതമേനോൻ തന്റെ പൊതുജീവിതം ആരംഭിച്ചത്. 1940ൽ തൃശൂരിൽ നടത്തിയ ഒരു യുദ്ധവിരുദ്ധ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് കഠിന തടവിന് ശിക്ഷിക്കപ്പെട്ട അച്യുതമേനോൻ ശിക്ഷ കഴിഞ്ഞ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തുവന്നത് ഒരു കമ്മ്യൂണിസ്റ്റുകാരനായിട്ടാണ്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം 1952ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഒളിവിലിരിക്കുമ്പോഴാണ് തൃശൂരിൽ നിന്ന് അച്യുതമേനോൻ തിരു-കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1957ലും 1960ലും 1970ലും കേരള നിയമസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1968–69 കാലത്ത് രാജ്യസഭാംഗം ആയിരുന്നു. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന അച്യുതമേനോൻ തികച്ചും അവിചാരിതമായിട്ടാണ് കേരള രാഷ്ട്രീയത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ 1969 നവംബറിൽ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. 1977 വരെ ആ സ്ഥാനത്ത് തുടർന്നു. 1957–59 കാലത്ത് 28മാസക്കാലം അധികാരത്തിലിരുന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയും പിന്നീട് പല സന്ദർഭങ്ങളിലായി കേരളം ഭരിച്ച കമ്മ്യൂണിസ്റ്റുകാർക്ക് പങ്കാളിത്തമോ നേതൃത്വമോ ഉള്ള ഐക്യമുന്നണി മന്ത്രിസഭകളും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും സംസ്ഥാനത്തിന്റെ നാനാമുഖമായ വികസനത്തിനുവേണ്ടിയും ഒട്ടേറെ നടപടികൾ എടുത്തിട്ടുണ്ട്. ഏറ്റവുംകൂടുതലും സ്ഥായിയുമായ നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടുള്ളത് മുഖ്യമന്ത്രി എന്ന നിലയിൽ അച്യുതമേനോൻ ഭരണസാരഥ്യം വഹിച്ച കാലത്താണെന്ന് (1969 നവംബർ-1977 മാർച്ച്) ചരിത്രം രേഖപ്പെടുത്തും. ഭൂവുടമാ ബന്ധങ്ങളിൽ സമൂലമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന കാർഷിക പരിഷ്കാര ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം നേടി നിയമമാക്കുകയും 1970 ജനുവരി ഒന്നിന് അതിലെ എല്ലാ വ്യവസ്ഥകളും പൂർണമായി നടപ്പാക്കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: ആ ആത്മകഥയ്ക്ക് അരനൂറ്റാണ്ട്, ഓർമ്മകൾക്കും


ജന്മി സമ്പ്രദായവും പാട്ടം-വാര വ്യവസ്ഥയും അവസാനിപ്പിച്ച് കുടിയാന്മാരെ പാട്ടഭൂമിയുടെ ഉടമകളാക്കുന്നതും കുടികിടപ്പുകാർക്ക് അവരുടെ കിടപ്പാടം സ്വന്തമായി കൊടുക്കുന്നതുമായ കാർഷിക പരിഷ്കാര നിയമം പതിറ്റാണ്ടുകള്‍ക്കു ശേഷവും ഇന്ത്യയിൽ കേരളത്തിന്റെ നേട്ടം മാത്രമാണെന്ന് ഓർക്കുക. സംസ്ഥാനത്തിന്റെ വികസനത്തിന് അടിത്തറ പാകിയ എത്രയോ നേട്ടങ്ങൾ ആ സർക്കാർ കൈവരിച്ചു. കേരളത്തിലെ സാധാരണക്കാർക്ക് ആശ്വാസം പകരാൻ സ്വീകരിച്ച നടപടികൾ എത്രയെത്ര! ജീവിതാവസാനംവരെ അച്യുതമേനോൻ പറയുന്നതും എഴുതുന്നതും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽപ്പെട്ടവർ മാത്രമല്ല, മറ്റ് രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവരും രാഷ്ട്രീയേതര തുറകളിൽ പ്രവർത്തിക്കുന്നവരും അതീവ താല്പര്യത്തോടെ ശ്രദ്ധിച്ചിരുന്നു. അതിനു കാരണം അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ സത്യസന്ധവും ആത്മാർത്ഥവും വിഭാഗീയത തീണ്ടാത്തതും ആയിരുന്നു എന്നതാണ്. നമ്മുടെ രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധിയുടെ നടുവിലാണിന്ന്. എല്ലാറ്റിനെയും കാവിവൽക്കരിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നു. നാടിന്റെ രക്ഷയ്ക്കായുള്ള വരുംകാല പോരാട്ടങ്ങൾക്ക് അച്യുതമേനോന്റെ സ്മരണ നമുക്ക് കരുത്തു പകരട്ടെ.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.