22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 17, 2024
December 13, 2024
December 12, 2024
December 8, 2024
December 8, 2024
December 5, 2024
December 4, 2024
November 29, 2024

സി ആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു

web desk
കൊച്ചി
September 16, 2023 3:59 pm

പ്രശസ്ത സാഹിത്യകാരന്‍ പ്രഫ.സി ആർ ഓമനക്കുട്ടൻ (80) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്കു 2.50നായിരുന്നു അന്ത്യം. ഇരുപത്തഞ്ചിലേറെ പുസ്തകങ്ങൾ രചിച്ചു. 2010ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

1943 ഫെബ്രുവരി 13ന് കോട്ടയം തിരുനക്കരയിലായിരുന്നു ജനനം. കോട്ടയം സിഎംഎസ് കോളജ്, കൊല്ലം എസ്എൻ കോളജ്, ചങ്ങനാശ്ശേരി എസ്‌ബി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.1973 മുതൽ മലയാളം അധ്യാപകനായി. 23 വർഷം എറണാകുളം മഹാരാജാസ് കോളജിലെ അധ്യാപകനായിരുന്നു. 1998ൽ വിരമിച്ചു. നാലുവർഷം പബ്ലിക് റിലേഷൻസിൽ ഇൻഫർമേഷൻ ഓഫിസറായി സേവനമനുഷ്ഠിച്ചു. സിനിമ മാസിക, ഗ്രന്ഥലോകം, പ്രഭാതം എന്നീ പത്രമാസികകളില്‍ സബ് എഡിറ്ററായും പ്രവര്‍ത്തിച്ചു.

സാഹിത്യപ്രവർത്തക സഹകരണസംഘം ഭരണസമിതി, കേരള സര്‍ക്കാർ സാംസ്കാരിക വകുപ്പ് ഉപദേശക സമിതി, ചലച്ചിത്ര അവാർഡ് കമ്മറ്റി, ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ബോർഡ്, മഹാത്മാഗാന്ധി സർവകലാശാല പാഠ്യപദ്ധതി പരിഷ്കരണ സമിതി, വിശ്വ വിജ്ഞാനകോശം പത്രാധിപ സമിതി എന്നിവയിൽ അംഗമായിരുന്നു.

കാൽപ്പാട്, ഓമനക്കഥകൾ, പകർന്നാട്ടം, ഈഴശ്ശിവനും വാരിക്കുന്തവും, അഭിനവ ശാകുന്തളം, ശവംതീനികൾ, ഫാദർ സെർജിയസ്, ഭ്രാന്തന്റെ ഡയറി, കാർമില, തണ്ണീർതണ്ണീർ, ദേവദാസ്, നാണു, കുമാരു എന്നിവയാണ് പ്രധാന കൃതികൾ.

ചലച്ചിത്ര സംവിധായകൻ അമൽ നീരദ് മകനും നടി ജ്യോതിർമയി മരുമകളുമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

എഴുത്തുകാരന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനായിരുന്നു സി ആര്‍ ഓമനക്കുട്ടന്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നര്‍മ്മരസപ്രധാനമായവ മുതല്‍ ദാര്‍ശനികമായവ വരെ ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ രചനാ ലോകം. അടിയന്തരാവസ്ഥയെ തുടര്‍ന്ന് അദ്ദേഹം ദേശാഭിമാനിയിലെഴുതിയ ‘ശവം തീനികള്‍’ എന്ന പരമ്പര ആ കാലത്തിന്റെ നിഷ്ഠുരതകളെ തുറന്നു കാട്ടുന്നതായിരുന്നു. അന്നു കൊല്ലപ്പെട്ട രാജന്റെ അച്ഛന്‍ ഈച്ചര വാര്യരുമായി ഉണ്ടായിരുന്ന മാനസിക ബന്ധത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ആ പരമ്പര സി ആര്‍ ഓമനക്കുട്ടന്‍ രചിച്ചത്.

ദേശാഭിമാനിയില്‍ ‘അഘശംസി’ എന്ന പേരില്‍ അദ്ദേഹം നര്‍മ്മരസപ്രധാനമായ രാഷ്ട്രീയ വിമര്‍ശന പംക്തി കൈകാര്യം ചെയ്തിരുന്നു. ‘നീ സത്യം ജ്ഞാനം ആനന്ദം’ അടക്കമുള്ള നിരവധി പുസ്തകങ്ങളുടെ സ്രഷ്ടാവായ സി ആര്‍ ഓമനക്കുട്ടന്‍ അതിവിപുലമായ ശിഷ്യ സമ്പത്ത് കൊണ്ട് കൂടി അനുഗൃഹീതനായിരുന്നു. സാഹിത്യ ചരിത്രവും രാഷ്ട്രീയ ചരിത്രവും സൂക്ഷ്മമായി അവലോകനം ചെയ്യുന്നതില്‍ ശ്രദ്ധാലുവായിരുന്നു. ഇടതുപക്ഷ സാംസ്കാരിക നിലപാടുകള്‍ അദ്ദേഹം ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ചുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

Eng­lish Sam­mury: Pro­fes­sor C R Omanakut­tan Pass­es Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.