20 December 2024, Friday
KSFE Galaxy Chits Banner 2

Related news

November 27, 2024
September 18, 2024
June 5, 2024
May 24, 2024
February 28, 2024
February 21, 2024
January 24, 2024
January 18, 2024
November 28, 2023
November 22, 2023

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കും; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Janayugom Webdesk
തിരുവനന്തപുരം
March 23, 2023 7:06 pm

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് സമീപമാണ് സയന്‍സ് പാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് ബ്ലോക്കുകളായി നിര്‍മിക്കുന്ന ഓരോ സയന്‍സ് പാര്‍ക്കിനും 200 കോടി രൂപയുടെ നിക്ഷേപവും 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവും ഉണ്ടായിരിക്കും.

കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം സയന്‍സ് പാര്‍ക്കുകളുടെ പ്രിന്‍സിപ്പല്‍ അസോസിയേറ്റ് യൂണിവേഴ്‌സിറ്റികള്‍ യഥാക്രമം കണ്ണൂര്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, കേരള യൂണിവേഴ്‌സിറ്റികള്‍ ആയിരിക്കും. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചായിരിക്കും സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുക.

സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ പദ്ധതി നടപ്പാക്കുന്നതിനുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി തീരുമാനിച്ചു. സയന്‍സ് പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് കെഎസ്ഐടിഎല്‍ നെ ചുമതലപ്പെടുത്തി.
ശാസ്ത്രസാങ്കേതിക വകുപ്പിന്റെ എക്‌സ്-ഒഫീഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രൊഫ. കെ പി സുധീര്‍ ചെയര്‍മാനായ ഒമ്പത് അംഗ കണ്‍സള്‍ട്ടേറ്റീവ് ഗ്രൂപ്പ് രൂപീകരിച്ചു.

സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് ഒരു റിസോഴ്‌സ് ടീമിനെ നിയമിക്കും. അതിനുള്ള ചെലവുകള്‍ കിഫ്ബി ഫണ്ടില്‍ നിന്ന് നല്‍കും. 2022–23 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണ് സംസ്ഥാനത്ത്  സയന്‍സ് പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

ഐസൊലേഷന്‍ ബ്ലോക്കിന് ഭരണാനുമതി

പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള രോഗബാധിതരെ ഐസോലേഷന്‍ ചെയ്ത് ചികിത്സ ലഭ്യമാക്കുന്നതിന് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ ബ്ലോക്ക് സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്‍കി. കിഫ്ബി ധനസഹായത്തോടെ തയ്യാറാക്കിയ യഥാക്രമം 34.74 കോടി, 34.92 കോടി രൂപയുടെ എസ്റ്റിമേറ്റുകള്‍ക്കാണ് ഭരണാനുമതി നല്‍കിയത്. ഇതുവരെ നിര്‍മ്മിച്ച ഐസൊലേഷന്‍ വാര്‍ഡുകള്‍ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് വകുപ്പ് ഉറപ്പുവരുത്തേണ്ടതാണ്.

ഭൂപരിധി ഇളവ് അപേക്ഷകള്‍

ഭൂപരിധി ഇളവിന് 12.10.2022നു മുമ്പുള്ള മാനദണ്ഡത്തിന് അനുസൃതമായി അപേക്ഷ നല്‍കിയതും സര്‍ക്കാരിന്റെയോ ജില്ലാതല സമിതിയുടെയോ പരിഗണനയിലുള്ളതുമായ കേസുകളില്‍ വീണ്ടും ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതില്ല. അത്തരത്തിലുള്ള ഓഫ്‌ലൈന്‍ അപേക്ഷകളും ഓണ്‍ലൈന്‍ അപേക്ഷകള്‍പോലെ പരിഗണിച്ച് തീരുമാനമെടുക്കും.

തസ്തിക

കണ്ണൂര്‍ ഐ.ഐ.എച്ച്.റ്റിയില്‍ ഒരു വര്‍ഷത്തിലധികമായി ഒഴിഞ്ഞുകിടക്കുന്ന ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് — 2 (പ്രോസസ്സിംഗ്) (ശമ്പള സ്‌കെയില്‍ — 22200–48000), ഹെല്‍പ്പര്‍ (വീവിംഗ്) (ശമ്പള സ്‌കെയില്‍ — 17000 ‑35700) എന്നീ തസ്തികകള്‍ 22.10. 2001 ഉത്തരവിലെ നിബന്ധനയില്‍ ഇളവ് അനുവദിച്ച് പുനഃസ്ഥാപിച്ചു നല്‍കും.

മുൻ‍കാല പ്രാബല്യം

ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിലെ ഓഫീസര്‍ കാറ്റഗറിയില്‍പ്പെട്ട ജീവനക്കാര്‍ക്ക് 2021 ജനുവരി 23ലെ ഉത്തരവ് പ്രകാരം അനുവദിച്ച ശമ്പള പരിഷ്‌ക്കരണ പ്രകാരമുള്ള അലവന്‍സുകള്‍ക്ക് 2017 ഏപ്രില്‍ 1 മുതല്‍ പ്രാബല്യം നല്‍കും

ഉപയോഗാനുമതി

ബേക്കല്‍ റിസോര്‍ട്ട് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ കൈവശമുള്ള റീസര്‍വ്വേ നമ്പര്‍ 251/3 ല്‍പ്പെട്ട 1.03 ഏക്കര്‍ ഭൂമി റവന്യൂ ഭൂമിയാക്കി പി.എച്ച്.സി. നിര്‍മ്മാണത്തിന് ആരോഗ്യവകുപ്പിന് ഉപയോഗാനുമതി നല്‍കാന്‍ തീരുമാനിച്ചു.
ബി.ആര്‍.ഡി.സി. വിട്ടൊഴിഞ്ഞ ഭൂമിക്ക് പകരമായി പള്ളിക്കര വില്ലേജിലെ പി.എച്ച്.സി.യുടെ ഉടമസ്ഥതയിലുള്ള 1.03 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കാനും തീരുമാനിച്ചു.

Eng­lish Sum­ma­ry: cab­i­net meet­ing decid­ed to start sci­ence parks in kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.