23 December 2024, Monday
KSFE Galaxy Chits Banner 2

ജനാധിപത്യം നിഷ്ക്രിയമാക്കപ്പെട്ട കാമ്പസുകൾ

അബ്ദുൾ ഗഫൂർ
December 23, 2023 4:45 am

ലാലയങ്ങൾ ഭാവിയിലേക്കുള്ള സംഭരണികളാണെന്ന് പറഞ്ഞത് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവായിരുന്നു. നയതന്ത്ര വിദഗ്ധർ, ബുദ്ധിജീവികൾ, ശാസ്ത്രജ്ഞർ, തൊഴിലാളികൾ, എൻജിനീയർമാർ, കർഷകർ എന്നിങ്ങനെ ഭാവിജീവിതത്തിലെ എല്ലാ വിഭാഗങ്ങളെയും പരിശീലിപ്പിച്ചുവിടുന്ന കേന്ദ്രങ്ങൾ എന്ന നിലയിലാണ് അത്തരമൊരു പരാമർശം ഉണ്ടായതും നിലനിൽക്കുന്നതും. അതോടൊപ്പംതന്നെ ജീവിതത്തിന്റെ സർവമേഖലകളെക്കുറിച്ചും പഠിപ്പിക്കുന്ന കളരികൂടിയാണ് നമ്മുടെ കലാലയങ്ങളും വിദ്യാലയങ്ങളും. അവിടെ നിന്നായിരുന്നു പരിണതപ്രജ്ഞരായ ഭരണാധികാരികളും രാഷ്ട്രതന്ത്രജ്ഞരും രൂപപ്പെട്ടുവന്നത്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങൾക്കൊപ്പം, ജനാധിപത്യത്തിന്റെയും പാർലമെന്ററി വ്യവസ്ഥയുടെയും ബാലപാഠങ്ങൾ ഇവിടെ നിന്ന് നൽകുന്നുവെന്നതും അതിനുള്ള കാരണങ്ങളിൽ ഒന്നാണ്. സർഗാത്മകതയും സമരോത്സുകതയും നിറഞ്ഞ കലാലയങ്ങൾ ആവിർഭാവം മുതൽതന്നെ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെയാകെ പ്രത്യേകതയുമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലും സാമ്രാജ്യത്ത, ജന്മിത്തവിരുദ്ധ പോരാട്ടങ്ങളിലും പൊതുസമൂഹത്തിന്റെ ഭാഗമായി കലാലയങ്ങളും ഭാഗഭാക്കുകളായിരുന്നു. സ്വാതന്ത്ര്യാനന്തരം നടന്ന സാമൂഹ്യ മാറ്റത്തിനും പുരോഗതിക്കും വികസനത്തിനുമായുള്ള പ്രവർത്തനങ്ങളിലും പോരാട്ടങ്ങളിലും വിദ്യാർത്ഥികൾ അവിഭാജ്യഘടകങ്ങളായി.
2014ൽ ബിജെപി അധികാരത്തിലെത്തിയതിനുശേഷം കാമ്പസുകളുടെ സമരശേഷി കൂടുതൽ ശക്തമാകുന്നതും പ്രഹരശേഷി വർധിക്കുന്നതും നാം കണ്ടു. അതിൽ പ്രധാനപ്പെട്ടതായിരുന്നു ഡൽഹിയിലെ വിഖ്യാതമായ ജവഹർലാൽ നെഹ്രു സർവകലാശാല (ജെഎൻയു). ജാമിയ മിലിയ, ഡൽഹി സർവകലാശാല, ഉത്തർപ്രദേശിലെ അലിഗഡ് സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല എന്നിവയും ഹൈദരാബാദ് സർവകലാശാലയുമൊക്കെ സമരഭരിതമായി. വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾ മാത്രമല്ല പൊതുസമൂഹത്തിന്റെ പ്രശ്നങ്ങളും കലാലയങ്ങളുടെ സംവാദ വിഷയങ്ങളും സമരകാരണങ്ങളാകുകയും ചെയ്തു. ജെഎൻയു എക്കാലത്തും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പരിച്ഛേദമായിരുന്നു. സാമ്രാജ്യത്വത്തിന്റെ തട്ടകമായ യുഎസിൽ തൊഴിലാളികളുടെയും മറ്റ് സാധാരണക്കാരുടെയും ജീവൽപ്രശ്നങ്ങള്‍ ഉന്നയിച്ചുനടന്ന ‘ഒക്കുപ്പൈ വാൾസ്ട്രീറ്റി‘ന് സമാനമായി 2015ൽ ജെഎൻയുവിൽ നിന്നാരംഭിച്ച ‘ഒക്കുപ്പൈ യുജിസി’ ക്യാമ്പയിൻ മറ്റ് സർവകലാശാലകളിലേക്ക് പടർന്നു. വംശീയ വിവേചനത്തിനിരയായി രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോഴും കാമ്പസുകൾ ജാതി വിവേചനത്തിനെതിരായ പോർമുഖം തുറന്നു.


ഇതുകൂടി വായിക്കൂ: നെഹ്രുവില്‍ നിന്ന് മോഡിയിലെത്തുമ്പോള്‍


പൗരത്വ ഭേദഗതി നിയമവും ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞതുമുൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കും നിയമങ്ങൾക്കുമെതിരെ കാമ്പസുകളെല്ലാം സമരഭരിതമായി. അതിനെ അടിച്ചമർത്തുന്നതിന് കാമ്പസുകളിൽ കയറിയുള്ള ഭീകരമായ നരനായാട്ടിനുപോലും രാജ്യം സാക്ഷിയായി. ഇത്തരം സമരങ്ങളുടെ പേരിൽ ദേശവിരുദ്ധ നിയമമുപയോഗിച്ചും യുഎപിഎ ചുമത്തിയും ദീർഘകാലം ജയിലിൽ അടയ്ക്കപ്പെട്ടവരിലും ഇപ്പോഴും തടവിൽ കഴിയുന്നവരിലും നിരവധി വിദ്യാർത്ഥികളുണ്ട്. കനയ്യ കുമാർ, സഫൂറ സർഗർ, ഉമർ ഖാലിദ് തുടങ്ങിയ വിദ്യാർത്ഥി നേതാക്കളെ ഡൽഹിയിലും പൂജ ശുക്ല, നിതിൻ രാജ് തുടങ്ങിയവരെ ലഖ്നൗവിലും തടവിലാക്കി. ഉമർ ഖാലിദ് ഇപ്പോഴും ജയിലിൽ കഴിയുകയാണ്.
നമ്മുടെ കാമ്പസുകളിൽ ഇത്തരം സർഗാത്മകവും സമ്പന്നവും സമരോത്സുകവുമായൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നതുകൊണ്ടാണ് ജനാധിപത്യ പ്രക്രിയയുടെ ബാലപാഠങ്ങൾ പകർന്നു നൽകുന്നതിനുള്ള ഇടം കൂടിയായി പൂർവഗാമികൾ കലാലയങ്ങളെ കണ്ടതും പാഠ്യപദ്ധതികൾക്കൊപ്പം വിദ്യാർത്ഥികളുടെ ജനാധിപത്യ വേദികൾക്ക് രൂപം നൽകിയതും.
എല്ലാ ഫാസിസ്റ്റുകളും സ്വേച്ഛാധിപതികളും ജനാധിപത്യത്തെ ഭയപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തികളും നിഷ്ക്രിയവുമാക്കുന്നതിൽ അവർ ബദ്ധശ്രദ്ധരാണ്. 2014ൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരമേറ്റ ബിജെപി സർക്കാരുകൾ അതുകൊണ്ടുതന്നെ സർവകലാശാലകളിലും കോളജുകളിലും ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളും വിദ്യാർത്ഥി യൂണിയനുകളും ഇല്ലാതാക്കിയിരിക്കുകയാണ്. ഡൽഹിയിലെ വിഖ്യാതമായ ജവഹർലാൽ നെഹ്രു, യുപിയിലെ അലിഗഡ്, ബനാറസ് ഹിന്ദു സർവകലാശാലകളിൽ വിദ്യാർത്ഥി യൂണിയനുകൾ ഇല്ലാതായിട്ട് എത്രയോ വർഷങ്ങളായിരിക്കുന്നു.


ഇതുകൂടി വായിക്കൂ: കോണ്‍ഗ്രസ് നെഹ്രുവിന് ഒപ്പമുണ്ടോ


2019ലാണ് ജെഎൻയുവിൽ ഒടുവിൽ തെരഞ്ഞെടുപ്പ് നടന്നത്. ഇടതു വിദ്യാർത്ഥി സംഘടനകൾക്ക് എന്നും ആധിപത്യമുണ്ടായിരുന്ന ഇവിടെ 2020ൽ കോവിഡിന്റെ പേരിൽ മാറ്റിവച്ച തെരഞ്ഞെടുപ്പ് ഇതുവരെ നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ നിരന്തര സമരത്തിലാണ്. സെപ്റ്റംബറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് അടുത്ത ജനുവരിയിൽ തെരഞ്ഞെടുപ്പ് നടത്താമെന്ന് അധികൃതർ ഉറപ്പ് നൽകിയിരിക്കുകയാണ്. എന്നാൽ ഇതുവരെ അതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല. മാത്രമല്ല ഇടതു-പുരോഗമന വിദ്യാർത്ഥി സംഘടനകളെ തെരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കുന്നതിന് വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിശദീകരണ നോട്ടീസ് നൽകി, പ്രതികാര നടപടികൾ ആരംഭിക്കുകയും ചെയ്തു. പ്രതിഷേധം സംഘടിപ്പിച്ചതിന്റെയും മറ്റും പേരില്‍ വിദ്യാർത്ഥികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന എല്ലാ അന്വേഷണങ്ങളും നിർത്തിവയ്ക്കുമെന്ന് വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ് ഉറപ്പ് നൽകിയതാണെങ്കിലും നടപടികൾ തുടരുകയാണ്. വിവിധ വിദ്യാർത്ഥി സംഘടനാ നേതാക്കളും ഹോസ്റ്റൽ സമിതി പ്രസിഡന്റുമാരുമായ 11 പേർക്കെതിരെയാണ് അച്ചടക്ക നടപടിയെടുക്കുന്നതിന് മുന്നോടിയായുള്ള കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്.
എന്നാല്‍ ഡൽഹി സർവകലാശാലയിൽ മൂന്ന് മാസങ്ങൾക്ക് മുമ്പ് തെരഞ്ഞെടുപ്പ് നടത്തി. അതിനുള്ള കാരണം ഇവിടുത്തെ അന്തരീക്ഷം ബിജെപി വിദ്യാർത്ഥി സംഘടനയായ എബിവിപിക്ക് അനുകൂലമായി എന്ന് ബോധ്യപ്പെട്ടതായിരുന്നു. എബിവിപിക്ക് വലിയ സ്വാധീനമില്ലാതിരുന്ന ഇവിടെ തെരഞ്ഞെടുപ്പ് നീട്ടിവച്ച് മൂന്നുവർഷത്തോളമായി അധികൃതരുടെയും പുറത്തുനിന്നുള്ളവരുടെയും ഇടപെടലിലൂടെ ആ സംഘടനയെ ശക്തിപ്പെടുത്തുന്നതിന് അവസരമുണ്ടാക്കി നൽകുകയും തുടർന്ന് തെരഞ്ഞെടുപ്പ് നടത്തി ജയിപ്പിക്കുകയുമായിരുന്നു.
ബിജെപി അധികാരത്തിലെത്തിയതിനുശേഷം യുപിയിലെ മിക്കവാറും എല്ലാ സർവകലാശാലകളിലും അധികൃതർ സ്വേച്ഛാധിപത്യ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ ആരോപണം. ഇവിടെയും വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്തണമെന്നുൾപ്പെടെ വിവിധ ആവശ്യങ്ങളുമായി പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികളെ അച്ചടക്കനടപടിയുടെ പേരിൽ ഭീഷണിപ്പെടുത്തുകയാണ്.


ഇതുകൂടി വായിക്കൂ: വെടിമരുന്നുശാലയിലെ സ്വപ്നാടനക്കാർ


ലഖ്നൗ സർവകലാശാലയിലും അനുബന്ധ കോളജുകളിലും തെരഞ്ഞെടുപ്പ് നടന്നിട്ട് 15 വർഷം പിന്നിട്ടു. 2005ലാണ് ഇവിടെ അവസാനം തെരഞ്ഞെടുപ്പ് നടന്നത്. യൂണിയൻ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മാസങ്ങളായി സമരം നടത്തുന്ന വിദ്യാർത്ഥികളെ വിവിധ കാരണങ്ങൾ പറഞ്ഞ് ശിക്ഷിക്കുകയാണ് ചെയ്യുന്നത്. സെപ്റ്റംബറിൽ നിരവധി വിദ്യാർത്ഥികളെ പരീക്ഷയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി. 24 മണിക്കൂറും ലൈബ്രറി ഇപയോഗിക്കുന്നതിനുള്ള അവസരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട വിദ്യാർത്ഥി നേതാവിനെ സസ്പെൻഡ് ചെയ്തു. ബി ആർ അംബേദ്കർ സർവകലാശാലയിൽ ഇസ്രയേലിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
അലഹബാദ് സർവകലാശാലയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ ഹോസ്റ്റൽ ഫീസ് 6000ത്തിൽ നിന്ന് 26,000 രൂപയായി ഉയർത്തിയതിനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു. അധികൃതർക്കെതിരെ പ്രതികരിച്ച മനീഷ് കുമാറെന്ന മറ്റൊരു വിദ്യാർത്ഥിയെ ഒക്ടോബർ മുതൽ കോളജിനകത്തുപോലും പ്രവേശിപ്പിക്കുന്നില്ല.
അലിഗഡ് സർവകലാശാലയിലും വിദ്യാർത്ഥി യൂണിയൻ ഇല്ലാതായി വർഷങ്ങൾ കഴിഞ്ഞു. ഇവിടെയിപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നതും നടത്തുന്നതും പറത്തുനിന്നെത്തുന്ന സംഘ്പരിവാറുകാരാണ്. ആർക്കും കടന്നുവരാവുന്ന വിധത്തിലാണ് കാര്യങ്ങൾ. അതേസമയം വിദ്യാർത്ഥികൾ പ്രവേശിക്കണമെങ്കിൽ കർശന പരിശോധന നേരിടുകയും വേണം. പുറത്തുനിന്നെത്തിയ ചിലർ കൂട്ട ബലാത്സംഗം നടത്തിയ സംഭവം വിവാദമായപ്പോൾ കുറ്റവാളികളെയല്ല, പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെയാണ് നടപടിയുണ്ടായത്.
മധ്യപ്രദേശിലെ സർവകലാശാലകളിൽ 2017ന് ശേഷം വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകൾ നടന്നിട്ടില്ല. 2003ൽ ബിജെപി സർക്കാർ ഭരിക്കുന്ന ഘട്ടത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയ മരവിപ്പിച്ചുവെങ്കിലും വിദ്യാർത്ഥി സമരങ്ങളെയും നിയമ പോരാട്ടങ്ങളെയും തുടർന്ന് 2006ൽ ഭാഗികമായി നടത്തി. പിന്നീട് 2017ലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.