Monday
18 Feb 2019

തൊഴിലില്ലായ്മ വളര്‍ത്തുന്ന ഭരണനയങ്ങള്‍ തുറന്നുകാട്ടണം

By: Web Desk | Monday 27 August 2018 1:08 AM IST

ഇന്ത്യന്‍ റയില്‍വെ ടെക്‌നീഷ്യന്‍മാരെയും ലോക്കോപൈലറ്റുകളെയും തിരഞ്ഞെടുക്കുന്ന അതിബ്രഹത്തായ ഒരു വ്യായാമത്തിലാണ് ഈ ദിനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഒരു ദേശീയ ദിനപത്രത്തില്‍ ഇന്നലെ പ്രത്യക്ഷപ്പെട്ട പംക്തിയിലെ കണക്കനുസരിച്ച് ഓഗസ്റ്റ് ഒമ്പത് മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ 47.5 ലക്ഷം ഉദേ്യാഗാര്‍ഥികളാണ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കുക. ആകെ ഒഴിവുകളാവട്ടെ 60,000 മാത്രവും. ആഗോളതലത്തില്‍ തന്നെ റിക്രൂട്ട്‌മെന്റ് വ്യായാമത്തില്‍ റെക്കോഡായിരിക്കുമത്രെ ഇത്. എന്നാല്‍ ഈ ലോക റെക്കോഡിന് ഒരാഴ്ചത്തെ ആയുസ് മാത്രമേ ഉണ്ടാവുവെന്ന് പംക്തികാരന്‍ തുടര്‍ന്ന് വിവരിക്കുന്നു. ഇന്ത്യന്‍ റയില്‍വെയുടെ ഈ റെക്കോഡ് സെപ്റ്റംബര്‍ ആരംഭത്തില്‍ അവര്‍ തന്നെ തിരുത്തിക്കുറിക്കും. ഇത്തവണ റയില്‍വേയിലെ ഏറ്റവും താഴ്ന്ന ഗാങ്മാന്‍ തസ്തികയിലേക്കുള്ള 63,000 ഒഴിവുകളിലേക്ക് 1.9 കോടി അപേക്ഷകരാണ് ഉള്ളത്. രാജ്യത്ത് വളര്‍ന്നുവന്നിരിക്കുന്ന അതീവഗുരുതരമായ തൊഴിലില്ലായ്മയിലേക്കാണ് ഈ വിവരങ്ങള്‍ ശ്രദ്ധ ക്ഷണിക്കുന്നത്. പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോഡി സര്‍ക്കാരിന്റെ തൊഴില്‍ അവസര സൃഷ്ടിയിലെ വന്‍ പരാജയമാണ് ഈ കണക്കുകള്‍ തുറന്നുകാട്ടുന്നത്. ഔപചാരിക തൊഴില്‍ രംഗത്തെ ഈ ചിത്രത്തെക്കാള്‍ ഭയാനകമാണ് അനൗപചാരിക രംഗത്തെ അവസ്ഥ. കറന്‍സിനോട്ട് പിന്‍വലിക്കല്‍, ചരക്ക് സേവന നികുതി ആവശ്യമായ തയാറെടുപ്പുകള്‍ കൂടാതെ അടിച്ചേല്‍പ്പിക്കല്‍, പൊതുമേഖലാ ബാങ്കുകളടക്കം ബാങ്കിങ് രംഗത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്‌കാര വൈകൃതങ്ങള്‍ തുടങ്ങി മോഡി സര്‍ക്കാരിന്റെ തുഗ്‌ളക്ക് നടപടികള്‍ സമ്പദ്ഘടനയ്ക്കും ധനചംക്രമണ പ്രക്രിയക്കും കനത്ത തിരിച്ചടിയായി. ഈ പ്രതിസന്ധി സമീപകാലത്തൊന്നും മറികടക്കാനാവുമെന്ന് മോഡിപക്ഷ സാമ്പത്തിക വിദഗ്ധര്‍ പോലും കരുതുന്നില്ല. അതുകൊണ്ടുതന്നെയാവണം മോഡിപക്ഷ സാമ്പത്തിക ഉപദേശകരും വിദഗ്ധരും മൃതശരീരത്തില്‍നിന്ന് പേന്‍ കൊഴിഞ്ഞുപോകുന്നതുപോലെ സുരക്ഷിത ലാവണങ്ങളിലേക്ക് മടങ്ങിപോകുന്നത്.
മോഡി ഭരണം ആഘോഷപൂര്‍വം ആനയിച്ച ‘ഇന്ത്യയില്‍ നിര്‍മിക്കുക’, ‘പ്രധാനമന്ത്രി കൗശല്‍ വികാസ്‌യോജന’ തുടങ്ങി തൊഴില്‍ അവസര സൃഷ്ടിക്കായുള്ള പദ്ധതികളെല്ലാം കേവലം മുദ്രാവാക്യങ്ങളായി അവശേഷിക്കുകയാണ്. വന്‍തോതില്‍ വ്യാവസായിക നിക്ഷേപം ആകര്‍ഷിക്കാനെന്ന പേരില്‍ ആരംഭിച്ച ‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് ശ്രദ്ധേയമായ യാതൊരു വിദേശനിക്ഷേപവും ആകര്‍ഷിക്കാനായില്ല. റഫാല്‍ യുദ്ധവിമാനങ്ങളുടെ പേരില്‍ അനില്‍ അംബാനി ആരംഭിക്കുന്ന സംരംഭം പോലുള്ളവയാകട്ടെ മോഡി സര്‍ക്കാരിന്റെ അഴിമതി രാഷ്ട്രീയത്തിന്റെ ബാക്കിപത്രങ്ങളായി അവശേഷിക്കുന്നു. രാജ്യത്തേക്ക് വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനുപകരം അഭൂതപൂര്‍വമായ വിദേശമൂലധന ചോര്‍ച്ചയാണ് ദിനംപ്രതി നടക്കുന്നതെന്ന് വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. നൈപുണ്യ വികസനം ലക്ഷ്യംവച്ചുള്ള പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന അധികാരക്കസേര മാത്രം ലക്ഷ്യംവച്ചുള്ള മറ്റൊരു തെരഞ്ഞെടുപ്പ് ‘ജുംല’യാണെന്നും തെളിയുകയാണ്. തൊഴിലനേ്വഷകരായ സാധാരണക്കാരായ നാല്‍പത് കോടി ചെറുപ്പക്കാര്‍ക്ക് 2022 ആവുമ്പോഴേക്കും തൊഴില്‍നൈപുണ്യം പകര്‍ന്നു നല്‍കുകയെന്നതാണ് പദ്ധതിലക്ഷ്യം. തൊഴില്‍പരിശീലനം നല്‍കാനുള്ള സ്ഥാപനങ്ങുടെ ശേഷിയുമായി യാതൊരുതരത്തിലും പൊരുത്തപ്പെടാത്തതാണ് ആ ലക്ഷ്യം. പ്രതിവര്‍ഷം 1.5 കോടി ആളുകള്‍ക്കാണ് നൈപുണ്യ പരിശീലനം നല്‍കുകയെന്ന് സര്‍ക്കാര്‍ പറയുന്നു. രാജ്യത്ത് ഇന്ന് നിലവിലുള്ള 14,000 വ്യാവസായിക പരിശീലന സ്ഥാപനങ്ങളില്‍ എല്ലാം കൂടി വാര്‍ഷിക ലക്ഷ്യത്തിന്റെ പത്ത് ശതമാനത്തില്‍ താഴെ ആളുകളെ മാത്രമെ പരിശീലിപ്പിക്കാനാവൂ. അതിന്റെ പകുതിയില്‍ അല്‍പം ഉയര്‍ന്ന സംഖ്യ വരുന്നവര്‍ക്കേ ഈ സ്ഥാപനങ്ങള്‍ വഴി പരിശീലനം നല്‍കാനാവൂ. കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി 3.6 കോടി ആളുകള്‍ക്ക് പരിശീലനം നല്‍കിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ അതില്‍ എത്രപേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനായി എന്നതിന്റെ കണക്കുകള്‍ വെളിപ്പെടുത്താന്‍ ഗവണ്‍മെന്റിന് കഴിഞ്ഞിട്ടില്ല.
പ്രായോഗികവും കാര്യക്ഷമവുമല്ലാത്ത വിദ്യാഭ്യാസ സംവിധാനത്തെ തൊഴിലധിഷ്ഠിതവും തൊഴില്‍ സംസ്‌കാരത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നതുമാക്കി മാറ്റാന്‍ യാതൊരു ശ്രമവും സര്‍ക്കാരിന് കൈക്കൊള്ളാനായിട്ടില്ല. ജാതീയതയും വര്‍ഗീയവാദവും അസഹിഷ്ണുതയും പരത്തുന്ന രോഗാതുര സ്ഥാപനങ്ങളാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുന്ന നയസമീപനങ്ങളാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. എന്‍ജിനീയറിങും എംബിഎയും ബിരുദാനന്തരബിരുദവുമുള്ളവര്‍ പ്യൂണ്‍, ഗാങ്മാന്‍ തസ്തികകളിലേക്ക് പോലും തള്ളിക്കയറാന്‍ ശ്രമിക്കുന്നത് തൊഴിലില്ലായ്മയുടെ മാത്രം സൂചകമല്ല. അത് വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയേയും തൊഴില്‍ നൈപുണ്യരാഹിത്യത്തേയും കൂടിയാണ് സൂചിപ്പിക്കുന്നത്. രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാവേണ്ട ലോകത്തെ ഏറ്റവും വലിയ തൊഴില്‍ശക്തി ഈ വിധം പാഴാകുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മോഡി സര്‍ക്കാരിന് കൈകഴുകി ഒഴിയാനാവില്ല. ഈ വിപത്ത് തുറന്നുകാട്ടുകയെന്നത് സുപ്രധാന രാഷ്ട്രീയ ഉത്തരവാദിത്വമായി മാറിയിരിക്കുന്നു.