22 September 2024, Sunday
KSFE Galaxy Chits Banner 2

വിഷാദ രോഗത്തിന് മരുന്നാകുമോ മാജിക് മഷ്റൂം

Janayugom Webdesk
വാഷിങ്ടണ്‍
November 4, 2022 10:52 pm

വിഷാദരോഗ ചികിത്സയില്‍ മാജിക് മഷ്റൂമില്‍ അടങ്ങിയിട്ടുള്ള സൈലോസിബിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തല്‍. സൈലോസിബിന്‍ ഉള്‍പ്പെടെ സെെക്കഡെലിക്ക് വിഭാഗത്തില്‍പ്പെടുന്ന മരുന്നുകള്‍ പല പരമ്പരാഗത ചികിത്സകളും പരാജയപ്പെട്ട ആളുകളിൽ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതായി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 

മനുഷ്യന്റെ ധാരണയിലും മാനസികാവസ്ഥയിലും വൈജ്ഞാനിക പ്രക്രിയകളിലും മാറ്റങ്ങൾ വരുത്തുന്ന സൈക്കോ ആക്റ്റീവ് പദാർത്ഥങ്ങളുടെ ഒരു വിഭാഗമാണ് സെെക്കഡെലിക്ക്. ഇന്ദ്രിയങ്ങളെ ബാധിക്കുന്ന സൈക്കഡെലിക്സ്, ഒരു വ്യക്തിയുടെ ചിന്തയെയും സമയബോധത്തെയും വികാരങ്ങളെയും പരിവര്‍ത്തനം ചെയ്യിക്കുന്നു. ഒരു വ്യക്തിക്ക് ഇല്ലാത്തതോ വികലമായതോ ആയ കാര്യങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുന്ന അവസ്ഥയ്ക്കും ഇവ കാരണമായേക്കാം. മാജിക് മഷ്റൂമുകളില്‍ കാണപ്പെടുന്ന സൈലോസിബിന്‍ സെെക്കഡെലിന്റെ ഉപവിഭാഗമാണ്.
സെെക്കഡെലിക്സിന്റെ ചികിത്സാ സാധ്യതകളെക്കുറിച്ച് വിദ‍ഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും വലിയതോതിലുള്ള പഠനങ്ങള്‍ ഇതുസംബന്ധിച്ച് നടന്നിട്ടില്ല. സ്റ്റാർട്ട്-അപ്പ് കോമ്പസ് പാത്ത്‌വേ വികസിപ്പിച്ചെടുത്ത സൈലോസിബിന്റെ സിന്തറ്റിക് പതിപ്പാണ് നിലവില്‍ ഗവേഷകർ പരീക്ഷിച്ചത്. 10 രാജ്യങ്ങളിലായി മൊത്തം 233 പേർ ഈ പഠനത്തിൽ പങ്കെടുത്തു. ഇവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് 1 മില്ലിഗ്രാം, 10 മില്ലിഗ്രാം, 25 മില്ലിഗ്രാം അളവില്‍ മരുന്ന് നല്‍കിയാണ് പഠനം നടത്തിയത്. 25 മില്ലിഗ്രാം ലഭിച്ച രോഗികളില്‍ കാര്യമായ പുരോഗതിയുണ്ടായതായി ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ 30 ശതമാനത്തിൽ താഴെ മാത്രമാണ് രോഗവിമുക്തി നേടിയത്. 

സൈലോസിബിൻ പതിതിറ്റാണ്ടുകളായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ആന്റീ ഡിപ്രസന്റുകൾക്ക് സാധ്യതയുള്ള ബദൽ നൽകുമെന്നും പരീക്ഷണത്തില്‍ തെളിയിക്കപ്പെട്ടതായി എഡിൻബർഗ് സർവകലാശാലയിലെ മനശാസ്ത്ര വിഭാഗം മേധാവി പ്രൊഫസർ ആൻഡ്രൂ മക്കിന്റോഷ് പറഞ്ഞു. കൂടുതൽ രോഗികളെ ഉൾപ്പെടുത്തിയുള്ള രണ്ടും മൂന്നും ഘട്ട പരീക്ഷണം ഈ വർഷം ആരംഭിച്ച് 2025 വരെ നീണ്ടുനില്‍ക്കും. എന്നാല്‍ സെെക്കഡെലിക്കിന്റെ പാര്‍ശ്വഫലങ്ങളില്‍ വേണ്ടത്ര പഠനം നടത്തിയിട്ടില്ല. വ്യക്തികളെ അനുസരിച്ച് സെെക്കഡെലിക്ക് ചികിത്സാ രീതിയില്‍ മാറ്റങ്ങള്‍ വന്നേക്കാമെന്നും ഗവേഷകര്‍ പറയുന്നു.
യുഎസില്‍ ഹെറോയിന്റെ സമാനവിഭാഗത്തിലാണ് സെെലോസിബിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടരമായ മരുന്നായി പരിഗണിച്ച് സെെലോസിബിന് യുഎസ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ല.

Eng­lish Summary:Can mag­ic mush­room cure depression?

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.