
പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥ സമുദ്രപാതയായ ഹോര്‍മൂസ് കടലിടുക്കിലുടെയുള്ള ഇന്ധനനീക്കത്തിന് ഭീഷണിയുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കാന്‍ സഹായവാഗ്ദാനവുമായി കാനഡ. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ത്യയുടെ എണ്ണവിതരണ ശൃംഖലയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും ദീർഘകാലാടിസ്ഥാനത്തിൽ വിതരണം ചെയ്യാൻ തയ്യാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു.
ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ വരുംപതിറ്റാണ്ടുകളിൽ ഗണ്യമായി വർധിക്കുമെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവുംവേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുടെ വിശ്വസ്ത ഊർജപങ്കാളിയാകാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് കാനഡ മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക വളർച്ചയും വ്യവസായമേഖലയുടെ വിപുലീകരണവും കണക്കിലെടുക്കുമ്പോൾ, 2040-ഓടെ ഇന്ത്യയുടെ ഊർജ ഉപഭോഗം ഇരട്ടിയായേക്കാം. ഈ സാഹചര്യത്തിൽ എണ്ണ, വാതകം, ആണവോർജത്തിന് ആവശ്യമായ ധാതുക്കൾ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമ തീരത്തുനിന്നുള്ള എൽഎൻജി വിതരണത്തിലൂടെയും ക്ലീൻ ടെക്നോളജിക്ക് ആവശ്യമായ ധാതുക്കളിലൂടെയും ഇന്ത്യയുടെ ഹരിത ഊർജ പരിവർത്തനത്തിന് പിന്തുണ നൽകാൻ കാനഡ സജ്ജമാണെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ഏകദേശം 2.5 ബില്യൺ ഡോളർ മൂല്യമുള്ള യുറേനിയം വിതരണ കരാറിനെക്കുറിച്ചുള്ള ചർച്ചകളും ഇരുരാജ്യങ്ങൾക്കുമിടയിൽ നടന്നിട്ടുണ്ട്. ഇത് ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആണവോർജ പദ്ധതികൾക്ക് വലിയ കരുത്തേകുമെന്നാണ് പ്രതീക്ഷ. ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി ഹോർമുസ് കടലിടുക്കിലൂടെയുള്ള പാതയെമാത്രം ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യ ഇതിനകംതന്നെ വിവിധ രാജ്യങ്ങളുമായി ചർച്ചകൾ നടത്തിവരികയാണ്. റഷ്യ, യൂറോപ്പ് തുടങ്ങിയ പുതിയ പങ്കാളികൾക്കൊപ്പം കാനഡയെയും ഉൾപ്പെടുത്തി ഇന്ധന ഇറക്കുമതി വൈവിധ്യവൽകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.