23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

September 8, 2024
August 27, 2024
August 9, 2024
July 22, 2024
July 14, 2024
July 6, 2024
July 5, 2024
July 2, 2024
May 10, 2024
May 7, 2024

അസ്ഥിയിലെ കാന്‍സര്‍: നൂതന ചികിത്സാ മാര്‍ഗ്ഗങ്ങള്‍

ഡോ. സുബിൻ സുഗത്ത് 
ഓർത്തോപീഡിക് ഓങ്കോസർജൻ
July 14, 2024 10:14 am

നുഷ്യശരീരത്തില്‍ ഹൃദയം ഒഴികെയുള്ള ഏത് ശരീരഭാഗത്തെയും കാന്‍സര്‍ ബാധിക്കാം. സാധാരണയായി എല്ലാം മനുഷ്യകോശങ്ങളും അവയുടെ ജീവിതചക്രം പൂര്‍ത്തിയാക്കിയ ശേഷം നശിക്കുന്നു. എന്നാല്‍ കോശനാശത്തെ മറികടക്കാനുള്ള ഒരു കോശത്തിന്റെ കഴിവ് അതിനെ കാന്‍സര്‍ ആക്കുന്നു. ഇങ്ങനെ അസ്ഥിയിലെ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകുന്നത് അസ്ഥിയിലെ കാന്‍സറിന് കാരണമാകുന്നു. അസ്ഥിയിലെ കാന്‍സര്‍ അപൂര്‍വ്വമാണ്. ശരീരത്തിലെ കാന്‍സറുകളില്‍ അസ്ഥിയെ ബാധിക്കുന്നത് 2% മാത്രമാണ്. ശരീരത്തിലെ അസ്ഥിയുടെ ഏത് ഭാഗത്തെയും കാന്‍സര്‍ ബാധിക്കാം അസ്ഥിയിലെ മുഴകള്‍ എല്ലിലെ ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കുന്നതിലൂടെ എല്ലിന് ബലക്ഷയം ഉണ്ടാകുന്നു.

അസ്ഥിയിലെ കാന്‍സര്‍ രണ്ടു തരം
1. പ്രൈമറി ബോണ്‍ കാന്‍സര്‍
അസ്ഥിയിലെ കോശങ്ങളില്‍ നിന്നും ആരംഭിക്കുന്നു. കൂടുതലായും കുട്ടികളെയും കൗമാരപ്രായക്കാരെയും ബാധിക്കുന്നു.

· ഓസ്റ്റിയോ സര്‍ക്കാര്‍മ
അസ്ഥിയെ ബാധിക്കുന്ന കാന്‍സറുകളില്‍ സാധാരണയായി കണ്ടുവരുന്നതാണ് ഓസ്റ്റിയോസാര്‍ക്കോമ. തുടയെല്ലിലും മുട്ടിന് താഴെയുള്ള സന്ധിയെയും ബാധിക്കുന്ന ഓസ്റ്റിയോസാര്‍ക്കോമ പെട്ടെന്ന് വലിപ്പം വയ്ക്കുന്ന എല്ലിലെ മുഴകളായാണ് കാണപ്പെടുന്നത്.

· കോര്‍ഡോസാര്‍ക്കോമ
തരുണാസ്ഥിയിലെ കോശങ്ങളെയും ഇടുപ്പ്, തോള്‍ഭാഗം എന്നിവിടങ്ങളിലും ബാധിക്കുന്നു. എന്‍കോണ്‍ഡ്രോമാസ്, ഓസ്റ്റിയോകോണ്‍ഡ്രോമാസ് തുടങ്ങിയ കാന്‍സര്‍ അല്ലാത്ത മുഴകളും അപൂര്‍വ്വമായി കാന്‍സര്‍ മുഴകളായി കാണാറുണ്ട്.

· ഇവിംഗ് സാര്‍ക്കോമ
കാല്‍, ഇടുപ്പ്, വാരിയെല്ല്, കൈ എന്നീ ഭാഗങ്ങളിലെ എല്ലുകളെ ബാധിക്കുന്ന ഇവിംഗ് സാര്‍ക്കോമ കുട്ടികളിലും കൗമാരക്കാരിലുമാണ് കൂടുതലായി കണ്ടുവരുന്നത്.

· ജയന്റ് സെല്‍ ട്യൂമര്‍
20 — 40 വയസ്സ് പ്രായക്കാരില്‍ കണ്ടുവരുന്നു. കുമിളകള്‍ പോലെ എല്ല് ദ്രവിച്ചു പോകുന്ന ഈ രോഗം പൊതുവേ കൈകാലുകളിലെ മുട്ടിനോട് ചേര്‍ന്നുള്ള അസ്ഥികളെയാണ് ബാധിക്കുന്നത്. ഇവ കാന്‍സര്‍ മുഴകളായും അല്ലാതെയും കാണപ്പെടാം.

2. സെക്കന്‍ഡറി ബോണ്‍ കാന്‍സര്‍
ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ ബാധിച്ച കാന്‍സര്‍ പിന്നീട് അസ്ഥിയിലേക്ക് വ്യാപിക്കുന്നു. പ്രായമായവരിലാണ് കൂടുതലായി കണ്ടുവരുന്നത്. അസ്ഥികോശങ്ങളില്‍ നിന്നും ആരംഭിക്കുന്ന ചില കാന്‍സറുകളെ പ്രൈമറി ബോണ്‍ കാന്‍സറായി പരിഗണിക്കാറില്ല. മള്‍ട്ടിപ്പിള്‍ മയലോമ, ലൂക്കീമിയ, നോണ്‍-ഹോഡ്കിന്‍സ് ലിംഫോമ എന്നിവ അസ്ഥി മജ്ജയിലും പ്രതിരോധ കോശങ്ങളിലും ആരംഭിച്ച് അസ്ഥിയെ ബാധിക്കുന്നവയാണ്. എന്നിരുന്നാലും അവ പ്രൈമറി ബോണ്‍ കാന്‍സര്‍ അല്ല.

രോഗനിര്‍ണ്ണയം
രോഗബാധ സംശയിക്കുന്ന ഭാഗത്ത് നിന്നും അല്പം കോശങ്ങള്‍ സൂചി ഉപയോഗിച്ച് കുത്തിയെടുത്ത് പരിശോധിക്കുന്ന ‘നീഡില്‍ ബയോപ്‌സി‘യാണ് രോഗനിര്‍ണ്ണയ മാര്‍ഗ്ഗം. രോഗം ബാധിച്ച ഭാഗം കണ്ടെത്തുന്നതിനായി എക്‌സ്‌റേ, എംആര്‍ഐ, സി ടി സ്‌കാന്‍, ബോണ്‍ സ്‌കാന്‍ എന്നീ പരിശോധനകള്‍ സഹായകമാണ്. രോഗം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ശരിയായ രോഗനിര്‍ണ്ണയം നടത്തുന്നതാണ്.

ചികിത്സ
സാദ്ധ്യമായ രീതിയില്‍ അസ്ഥിയെ സംരക്ഷിക്കുന്നതിനോടൊപ്പം രോഗം ബാധിച്ച കോശത്തെ നീക്കം ചെയ്യുന്ന വിധത്തിലാണ് ശസ്ത്രക്രിയ നടപടിക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ വ്യാപിക്കുന്നതിന് മുമ്പ് തന്നെ അസ്ഥിയിലെ കാന്‍സര്‍ രോഗനിര്‍ണ്ണയം നടത്തുകയാണെങ്കില്‍ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കുവാന്‍ സാധിക്കും.

ഓസ്റ്റിയോസാര്‍ക്കോമ, ഇവിംഗ് സാര്‍ക്കോമ തുടങ്ങിയ ബോണ്‍ കാന്‍സറുകള്‍ക്ക് ശാസ്ത്രക്രിയയ്‌ക്കൊപ്പം കീമോതെറാപ്പിയും പ്രധാന ചികിത്സയാണ്. കീമോതെറാപ്പിക്ക് ശേഷമാണ് മിക്കവാറും ശസ്ത്രക്രിയയ്ക്കായി പരിഗണിക്കുന്നത്. ശക്തമായ കീമോതെറാപ്യൂട്ടിക് മരുന്നുകളുടെ ഉപയോഗം, ഉയര്‍ന്ന റെസല്യൂഷന്‍ എം ആര്‍ ഐ, മെച്ചപ്പെട്ട ശസ്ത്രക്രിയാ രീതികള്‍ എന്നിവ ഉപയോഗിച്ച് മുറിച്ചു മാറ്റലിന്റെ കാലഘട്ടത്തില്‍ നിന്ന് കൈകാലുകള്‍ സംരക്ഷിക്കുന്ന കാലഘട്ടത്തിലേക്ക് മാറിയിരിക്കുന്നു. ഇന്ന് രോഗം ബാധിച്ച അവയവത്തിന് പകരം ബാധിച്ച അസ്ഥി മാത്രമാണ് നീക്കം ചെയ്യുന്നത്. മുഴ നീക്കം ചെയ്തതിനു ശേഷം അസ്ഥി വൈകല്യം പുനര്‍നിര്‍മ്മിക്കാന്‍ ഒരു കൃത്രിമ ഇംപ്ലാന്റ് ഉപയോഗിക്കുന്നു. നിലത്ത് കുത്തിയിരിക്കുന്നതൊഴികെ ദൈനംദിന ജീവിതത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ രോഗിക്ക് കഴിയും. ഈ ഇംപ്ലാന്റിന്റെ അളവിന് അനുസരിച്ച് ഇതിന്റെ ചിലവിനു വ്യത്യാസം ഉണ്ടാകും. മുമ്പ് ഇത്തരം ശസ്ത്രക്രിയകള്‍ കേരളത്തില്‍ ലഭ്യമല്ലായിരുന്നു. എന്നാല്‍ 2002 മുതല്‍, ഈ ശസ്ത്രക്രിയകള്‍ കേരളത്തിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലും നാമ മാത്രമായ നിരക്കിലും നല്‍കി വരുന്നു. ഇംപ്ലാന്റ് ജീവിതകാലം മുഴുവന്‍ നിലനില്‍ക്കണമെന്നില്ല.

നൂതന ചികിത്സാ മാര്‍ഗ്ഗങ്ങള്‍
മനുഷ്യ ശരീരത്തിലെ എല്ലിന് തുല്യമായ ഒരു ഇംപ്ലാന്റ് വസ്തു കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. അതിനുവേണ്ടിയുള്ള അന്വേഷത്തിനിടയ്ക്കാണ് പുതിയ രീതിയിലുള്ള ചികിത്സാരീതികള്‍ക്ക് തുടക്കം കുറിച്ചത്. ചില അവസരങ്ങളില്‍ മനുഷ്യ ശരീരത്തിലെ സന്ധികള്‍ പൂര്‍ണ്ണമായും സംരക്ഷിച്ചു കൊണ്ടുള്ള ശസ്ത്രക്രിയകള്‍ നമുക്ക് ചെയ്യാന്‍ സാധിക്കാറുണ്ട്. മുഴകളില്‍ ഉള്ള കാന്‍സര്‍ കോശങ്ങളെ പൂര്‍ണ്ണമായും നീക്കം ചെയ്തതിനു ശേഷം അതേ എല്ലുകള്‍ പുനരുപയോഗിക്കുന്ന ചികിത്സാ രീതി ഇന്ന് നിലവില്‍ വന്നിട്ടുണ്ട്. ഈ കോശങ്ങളെ നശിപ്പിക്കാന്‍ രണ്ട് രീതികളാണ് ഉപയോഗിക്കുന്നത്. റേഡിയേഷന്‍ വഴിയോ ദ്രാവക നൈട്രജന്‍ ഉപയോഗിച്ചോ ആണ് ഈ പ്രക്രിയ സാധാരണ ചെയ്യുന്നത്. ഈ രീതി ഉപയോഗിച്ച് ശുദ്ധീകരിച്ചതിനു ശേഷം അതേ എല്ലുകള്‍ തന്നെ തിരിച്ചു വയ്ക്കുന്ന രീതി വന്നതോടെ സന്ധികള്‍ സംരക്ഷിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ട്. ഇംപ്ലാന്‍ഡ് ചെയ്തതിന്റെ ഒരു പ്രയാസവും രോഗിക്ക് ഈ അവസരത്തില്‍ അനുഭവപ്പെടാറില്ല. മറ്റൊരു മികച്ച ചികിത്സാ രീതിയാണ് com­put­erised nav­i­ga­tion guid­ed tumour resec­tion. ശസ്ത്രക്രിയ ചെയ്യുന്ന അവസരത്തില്‍ ആ പ്രദേശത്തിന്റെ ഒരു ത്രിമാന ദൃശ്യം ലഭിക്കുന്നതിനാല്‍ വളരെ കൃത്യമായി തന്നെ മുഴ നീക്കം ചെയ്യാന്‍ സാധിക്കുന്നു. ശാസ്ത്ര പുരോഗതി മൂലം ഇപ്പോള്‍ ഇംപ്ലാന്റുകളുടെയും ഉപയോഗിക്കേണ്ടി വരുന്ന ജിഗ്ഗുകളുടെയും 3D പ്രിന്ററുകള്‍ ലഭ്യമാകുന്നുണ്ട്. ഈ പുരോഗതികള്‍ മൂലം ശസ്ത്രക്രിയ രംഗത്ത് ഒരു വലിയ മാറ്റത്തിലേക്കാണ് വഴി തെളിഞ്ഞിരിക്കുന്നത്. 90കളില്‍ നടന്നിരുന്ന കൈകാലുകള്‍ മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയ രീതിയില്‍ നിന്നും ആ ഭാഗങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്ന രീതിയിലേക്ക് വൈദ്യശാസ്ത്രം ഇന്ന് വളര്‍ന്നിരിക്കുന്നു. മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പായി ബോണ്‍ കാന്‍സര്‍ നിര്‍ണ്ണയിക്കപ്പെടുകയാണെങ്കില്‍, വളരെ മികച്ച രീതിയില്‍ ഈ കേന്ദ്രങ്ങളില്‍ വച്ച് അവ ഭേദമാക്കാന്‍ സാധിക്കുന്നതാണ്.

Dr. Subin Sugath
Orthopaedic Oncosurgeon
SUT Hos­pi­tal, Pattom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.