24 December 2024, Tuesday
KSFE Galaxy Chits Banner 2

നരഭോജികളെ തളയ്ക്കാം നിയമനിർമ്മാണത്തിലൂടെ

അഡ്വ.ദീപ്തി പ്രസേനന്‍
November 5, 2022 9:44 am

ലന്തൂരിന്റെ പൊള്ളല്‍ പൊറുക്കുംമുമ്പേയാണ് പാറശാലയിലെ കൊല്ലാക്കൊല കേരളജനതയെ നോവിച്ചിരിക്കുന്നത്. തന്നെ അത്രയും സ്നേഹിച്ചയാളെ ഗ്രീഷ്മയെന്ന ചെറുപ്പക്കാരി കഷായത്തില്‍ വിഷം കല്‍‍ത്തിക്കൊടുത്ത് ഇല്ലാതാക്കുമ്പോള്‍ അവളുടെ മനസും അന്തവിശ്വാസത്താല്‍ മുറുകിയിരിക്കുകയായിരുന്നുവെന്നാണ് ചില വാര്‍ത്തകളുടെ ഉള്ളടക്കം പറയുന്നത്. തനിക്ക് ചൊവ്വാദോഷമുണ്ടെന്നും ആദ്യം താലിചാര്‍ത്തുന്ന ആള്‍ മരിക്കുമെന്നും രണ്ടാമതൊരാളെ വരിച്ചാല്‍ സുഖജീവിതമാണെന്നും അവള്‍ വിശ്വസിച്ചു. ഷാരോണ്‍ രാജ് അകന്നുപോകണമെങ്കില്‍ ആവട്ടെയെന്ന് കരുതി തനിക്ക് വീട്ടുകാര്‍ മറ്റൊരു വിവാഹം തരപ്പെടുത്തിയെന്ന് പറഞ്ഞുനോക്കിയത്രെ. അവന്‍ അടുപ്പം തുടര്‍ന്നതോടെ സ്വന്തം അമ്മയ്ക്കും അമ്മാവനുമൊപ്പം നടത്തിയ ഗൂഢാലോചനയ്ക്കൊടുവില്‍ ഷാരോണിനെക്കൊണ്ട് തന്റെ കഴുത്തില്‍ താലികെട്ടിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തത്. കൃത്യം ആരും അറിയില്ലെന്ന മൂഢചിന്തയും സ്വന്തം ഭാവിയെക്കുറിച്ചുള്ള സ്വാര്‍ത്ഥതയും അവളുടെ മനസിലേക്ക് കയറ്റിവിട്ടത് ഈ അന്തവിശ്വാസമാണ്. 

പത്തനംതിട്ടയിലെ ആരും അറിയാത്ത ഒരു ഗ്രാമം ആയിരുന്നു ഇലന്തൂർ. അവിടെയുണ്ടായതിനും കാരണം അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പുറകെയുള്ള ഒരു കുടുംബത്തിന്റെ ദുർനടപ്പ് തന്നെയായിരുന്നു. ഭാഗ്യക്കുറി വിറ്റു നടന്ന സ്ത്രീകളെ കൂടുതൽ ഭാഗ്യം കാത്തിരിക്കുന്നു എന്ന് പറഞ്ഞ് വശീകരിച്ച ലൈംഗിക വൈകൃതത്തിന് ഇരയാക്കി നരബലി ചെയ്ത ആറ് ക്ലാസു വരെ മാത്രം വിദ്യാഭ്യാസമുള്ള ഷാഫി എന്ന അതിക്രൂരനായ സൈക്കോ പാത്ത്. അറവുശാലയിലേതുപോലെ മൃതദേഹം വെട്ടി നുറുക്കി പൊരിച്ചു തിന്നു എന്ന് കേൾക്കുന്നു. ലോട്ടറി വില്പനക്കാരിയായ എറണാകുളം കടവന്ത്രയിൽ താമസിക്കുന്ന പത്മ, റോസ്‌ലി വർഗീസ് എന്നിവരുടെ തിരോധാനം കൂടുതൽ ശാസ്ത്രീയ അന്വേഷണങ്ങളിലേക്ക്, ടവർ കേന്ദ്രീകരിച്ചും, ഫോൺ രേഖകളിലൂടെയും, സിസിടിവി വിശദാംശങ്ങളിലൂടെയും എല്ലാം പരിശോധിച്ചപ്പോഴാണ് പൊലീസ് സംഘം ഇലന്തൂരിൽ എത്തിയത്. സിസിടിവി ദൃശ്യങ്ങൾ രണ്ടാം പ്രതി ഭഗവൽ സിങ്ങിലേക്കും മൂന്നാം പ്രതി ലൈലയിലേക്കും എത്തി ചേർന്നു. ഒന്നാം പ്രതി ഷാഫി അറവുകാരനായി ജോലി ചെയ്തിരുന്നു. രക്തം കണ്ടാൽ ഉന്മാദം ഉണ്ടാകുന്ന സ്വഭാവ വൈകൃതമുള്ള ആളാണത്രെ. 

കേരളം ഇത്തരത്തിൽ ദുർമന്ത്രവാദവും അതേ തുടർന്നുള്ള നരബലിയും കേൾക്കുന്നത് വർഷങ്ങൾക്കു മുമ്പ് ഇടുക്കി രാമക്കൽമേട്ടിൽ റഹ്മത്ത് കുട്ടി എന്ന ആറു വയസുകാരന്റെ കൊലപാതകത്തെ തുടർന്നായിരുന്നു. പുതുതായി കേൾക്കുന്ന വാർത്തകൾ മലയാലപ്പുഴയിലെ വാസന്തി മഠത്തെപ്പറ്റി. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനക്കൂട്ടം പ്രതിഷേധിച്ചപ്പോൾ സിപിഎമ്മും സിപിഐയും കോൺഗ്രസും ബിജെപിയും എല്ലാവിധ രാഷ്ട്രീയ സംഘടനകളും ഒറ്റക്കെട്ടായി നിന്നതിനെ തുടർന്ന് വാസന്തി മഠം പുട്ടി അമ്മയെ കസ്റ്റഡിയിലെടുത്തിരിക്കുന്നു.
മനുഷ്യനെ നരഭോജികളാക്കുന്ന അന്ധവിശ്വാസമാണ് ഇലന്തൂരിലും പാറശാലയിലും വില്ലനായിരിക്കുന്നത്. സാക്ഷരതയിൽ ഏറ്റവും മുന്നിലുള്ള കേരളത്തിൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കേരളത്തിൽ വർധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾ തടയുവാൻ ശക്തമായ നിയമങ്ങൾ ഇല്ലെന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുവാൻ കാരണമാകുന്നത്. അന്ധവിശ്വാസത്തിന്റെ പേരിലുള്ള അതിക്രമങ്ങൾ തടയുവാൻ നിയമനിർമ്മാണം നടക്കണം. നിയമപരിഷ്കാര കമ്മിഷൻ കരട് ബില്ല് സർക്കാരിന് കൈമാറിയിട്ടുണ്ട്. കർണാടകയിലും മഹാരാഷ്ട്രയിലും നിയമനിർമ്മാണം നടത്തിയതിന്റെ ചുവട് പിടിച്ച് കേരളവും നിയമനിർമ്മാണത്തിനുള്ള ശ്രമത്തിലാണ്. ഇന്ത്യൻ ഭരണഘടന 51 എ പ്രകാരം ദ കേരള പ്രിവൻഷൻ ആന്റ് ഇറാഡിക്കേഷൻ ഓഫ് ഇൻ ഹ്യൂമൻ ഈവിൾ പ്രാക്ടീസ് സോർസറി ആന്റ് ബ്ലാക്ക് മാജിക് ബില്ല് 2021 എന്ന പേരിൽ ഈ ബില്ല് നിയമ വകുപ്പ്, സാങ്കേതിക നടപടികൾ പൂർത്തിയാക്കി ആഭ്യന്തര വകുപ്പിന്റെ പരിഗണനയ്ക്ക് കൈമാറിയിട്ടുണ്ട്. സമൂഹത്തിലെ അനാചാരങ്ങൾ തടയാൻ പൊലീസിന് വിപുലമായ അധികാരങ്ങളാണ് ഈ ബില്ല് നൽകുന്നത്. തട്ടിപ്പ് കേന്ദ്രങ്ങളിൽ തിരച്ചിൽ നടത്തുവാനും ആവശ്യമെങ്കിൽ രേഖകൾ പിടിച്ചെടുക്കുവാനും പൊലീസിനെ അധികാരം നൽകുന്നു. അന്ധവിശ്വാസങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ നൽകുകയോ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്ന വ്യക്തിക്ക് ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവും 5,000 മുതൽ 50,000 രൂപ വരെ പിഴയും ശിക്ഷ വിധിക്കാവുന്നതാണ്. അന്ധവിശ്വാസം എന്നാൽ യുക്തിസഹജമല്ലാത്ത ചിന്തകളും അവയുടെ ആചാരങ്ങളും തന്നെയാണ്. സംസ്ഥാനത്ത് വർധിച്ചുവരുന്ന ദുർമന്ത്രവാദങ്ങളും അന്ധവിശ്വാസ പ്രവർത്തികളും നിരോധിക്കുന്നതിനും യുവതലമുറയെ ദുരാചാരങ്ങളിലേക്ക് തിരിച്ചു വിടുവാൻ ശ്രമിക്കുന്ന ഇത്തരം പ്രവർത്തികൾ വഴി ഉണ്ടാക്കുവാൻ സാധ്യതയുള്ള സാമൂഹ്യ വിപത്തുകൾ ഒഴിവാക്കുവാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബില്ല്. കമ്പനിയാണ് തട്ടിപ്പിന് ഉത്തരവാദിയെങ്കിൽ തട്ടിപ്പ് നടന്ന സമയത്ത് കമ്പനിയുടെ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നവർക്കെതിരെ നടപടിയെടുക്കാവുന്നതാണ്. 

ആയതുകൊണ്ട് തന്നെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവയുടെ നടത്തിപ്പുകളും ക്രിമിനൽ നിയമനടപടികൾ കൊണ്ട് തടയണം. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കണം എന്നുള്ളതാണ് കേരളം ആഗ്രഹിക്കുന്നത്. നിയമം ആകുന്നതിൽ കാലതാമസം മറികടക്കണം കേരളം എത്രത്തോളം അന്ധവിശ്വാസങ്ങളിൽപ്പെട്ട് ശ്വാസം മുട്ടുന്നെങ്കിലും ഈ അന്ധവിശ്വാസ അനാചാര നിർമ്മാർജന ബില്ല് വലിയ പ്രത്യാശയാണ് നൽകുന്നത്. ബില്ല് പൊലീസിന് കൂടുതൽ ശക്തമായ അധികാരങ്ങൾ നൽകുന്നു എന്ന നിലയിൽ ഇത് ശ്രദ്ധേയവുമാണ്. മൃഗ ബലിയും ഈ ബില്ല് നിരോധിക്കുന്നുണ്ട്. ഈ ബില്ലിന്റെ ഷെഡ്യൂളിൽ വളരെ വ്യക്തമായി നിരോധിക്കുന്ന കുറ്റകൃത്യങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്. മന്ത്രവാദവും ക്രൂരമായ രീതിയിലുള്ള പ്രേതബാധ ഒഴിപ്പിക്കലും ഇതിൽപ്പെടും. അതീന്ദ്രിയ ശക്തിയുണ്ട് എന്ന അവകാശപ്പെട്ട് ചതിയും വേട്ടയാടലും ചെയ്യുന്നതും സ്ത്രീകളെ സന്താന ഭാഗ്യത്തിനും മറ്റുമായി നഗ്നരാക്കി പൂജ ചെയ്യുന്നതും അതുവഴി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്യുന്നതും, ഭാഗ്യം കൊണ്ടുവരും എന്ന ഉറപ്പിൽ അന്ധവിശ്വാസം ഊട്ടി ഉറപ്പിച്ചുകൊണ്ട് പല സാമഗ്രികളും വില്പന നടത്തുന്നതും, ആർത്തവ സമയത്ത് നിർബന്ധിതമായി ഒറ്റപ്പെടുത്തി താമസിപ്പിക്കുകയും അത്തരം സമയങ്ങളിൽ താമസിക്കുന്ന ഗ്രാമങ്ങളിൽ പോലും കയറ്റുവാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് കുറ്റകരം തന്നെ. കവിളുകളിൽ ഇരുമ്പ് കമ്പിയും ശരവും കുത്തി കയറ്റുന്നതും കുട്ടിച്ചാത്തൻ എന്ന വിശ്വാസത്തിന്റെ മറവിൽ വീടുകളിലേക്ക് കല്ലെറിയുന്നതും ഭക്ഷണവും വെള്ളവും മറ്റും മലിനമാക്കുന്നതും ഈ ബില്ലിൽ ശിക്ഷാനടപടികളെ ആകർഷിക്കും. മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ ആർക്കെങ്കിലും വൈദ്യ സഹായം നിഷേധിക്കുന്നതും കുറ്റകരം തന്നെ. 

അമ്പലങ്ങളിലും ക്രിസ്തീയ ആരാധനാലയങ്ങളിലും മുസ്‌ലിം പള്ളികളിലും നടക്കുന്ന മതപരമായ ചടങ്ങുകളും ഈ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. സ്വന്തം വസതികളിൽ വച്ച് നടക്കുന്ന മതപരമായ ചടങ്ങുകൾ ശാരീരിക പീഡനങ്ങൾ ഏല്പിക്കലാണെങ്കിൽ അവയ്ക്ക് നിയമ പരിരക്ഷ ലഭിക്കും. കരട് ബില്ലിന്റെ അവസാന പണിപ്പുരയിലാണ് കേരള സർക്കാർ. ഇതിൽ കുറെയേറെ നിരോധിക്കപ്പെടേണ്ടുന്ന കുറ്റകൃത്യങ്ങൾ കൂട്ടി ചേർക്കുവാനും അതനുസരിച്ച് അത്തരം അനാചാരങ്ങൾ ഇല്ലാതാക്കാനും കഴിഞ്ഞേക്കും. ഇന്ത്യൻ ഭരണഘടനയുടെ 51 എ എച്ചിന്റെ എല്ലാ അന്തസും ഈ ബില്ല് ഉയർത്തിപ്പിടിക്കുന്നുണ്ട്. ശാസ്ത്രീയമായ മാനവികത, അന്വേഷണത്തിന്റെയും, പരിഷ്കരണത്തിന്റെയും മനോഭാവം എന്നിവ വികസിപ്പിക്കുന്നതിന് ഓരോ പൗരനും കടമയുണ്ട്. ആൾ ദൈവങ്ങൾ മുതൽ സാധാരണ പൗരന്മാർ വരെ ഭരണസിരാകേന്ദ്രങ്ങൾ മുതൽ പിച്ചക്കാരൻ വരെ സ്വന്തം ശ്വാസത്തോടൊപ്പം മുറുകി പിടിക്കേണ്ടുന്ന ഭരണഘടനാ തത്വമാണിത്. ഇതിൽ സാമൂഹ്യ ബോധവല്ക്കരണത്തിന്റെ പ്രാധാന്യം വളരെയേറെ മുൻതൂക്കത്തോടെ പറയുന്നുമുണ്ട്. കാരണം നിയമം കൊണ്ട് മാത്രം ഇത്തരം അനാചാരങ്ങൾ തടയാൻ ആകുമോ? കേരള സംസ്കാരത്തിൽ എല്ലാ മതവിഭാഗങ്ങളിലും നൂറ്റാണ്ടുകളുടെ ആചാരാനുഷ്ഠാനങ്ങളുള്ള മന്ത്രവാദവും പ്രേതബാധ നിവാരണവും നരബലിയും എല്ലാം കെട്ടു പിണഞ്ഞു കിടക്കുന്നു. ഈ ബില്ലിലെ പഴുതുകൾ ഇനിയും ഒരു പക്ഷെ ദുർമന്ത്രവാദികളുടെ വിളനിലമായേക്കാം. സാധാരണയായി ജ്യോതിഷങ്ങളാണ് സാമാന്യ ജനങ്ങളെ മന്ത്രവാദത്തിലേക്ക് എത്തിക്കുക അവരെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുവാൻ സാധിക്കുമോ എന്നുള്ളതും ചിന്തനീയം തന്നെ. വരാനിരിക്കുന്ന ബില്ലിന് മതപരമായ അത്ഭുതങ്ങളെയും അതിന്റെ പ്രചാരണത്തെയും എങ്ങനെ നിയന്ത്രിക്കാനാകും, എത്രത്തോളം നിയന്ത്രിക്കാനാകും എന്നതും ആലോചനാർഹം തന്നെ. ബോധവല്ക്കരണവും നിയമനിർമ്മാണവും ശിക്ഷാനടപടികളും ഒന്നിച്ച് തന്നെ മുന്നോട്ട് കൊണ്ടുപോകണം. ഇതുവരെ വെളിച്ചം കാണാത്ത അന്ധവിശ്വാസ അനാചാര നിർമ്മാർജന ബിൽ ഇനിയും വെളിച്ചം കാണണം. 

ഒറ്റയ്ക്ക് താമസിച്ചിരുന്ന 38 വയോധികരാണ് കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 2019ല്‍ എട്ടു പേരും 2020ല്‍ 11 പേരും 2021ല്‍ നാലു പേരും 2022 മാർച്ച് വരെ അഞ്ചുപേരും കൊലപ്പെട്ടു. മലപ്പുറം ജില്ലയിൽ 12 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. സമഗ്ര അന്വേഷണം കൊണ്ട് മാത്രമെ ഇതെല്ലം തെളിയിക്കാനാകൂ. ഇത്തരത്തിലുള്ള സൈക്കോ പാത്തുകളെ സമൂഹത്തിൽ നിന്ന് തുടച്ചു നീക്കുവാൻ അന്ധവിശ്വാസ അനാചാര നിർമ്മാർജന ബിൽ കൂടിയെ തീരൂ- അതിനായി കേരളം കാത്തിരിക്കുന്നു.

(വനിതകലാ സാഹിതി എറണാകുളം ജില്ലാ സെക്രട്ടറിയാണ് ലേഖിക)

TOP NEWS

December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.