സംസ്ഥാന ഗതാഗത വികസനത്തിന്റെ സ്വപ്നപദ്ധതിയായ തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേയ്ക്ക്. 15 വര്‍ഷം മുമ്പ് സമര്‍പ്പിച്ച വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഉപേക്ഷിച്ച ശേഷം കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ തയ്യാറാക്കിയ ഡിപിആര്‍ പദ്ധതി വന്‍ ലാഭകരമാവുമെന്നാണ് വിലയിരുത്തല്‍.
പുതിയ പ്രോജക്ട് റിപ്പോര്‍ട്ടനുസരിച്ച് പള്ളിപ്പുറം ടെക്നോസിറ്റി മുതല്‍ കഴക്കൂട്ടം ബെെപാസ് വഴി ചാക്ക വരെയും അവിടെ നിന്നും കിഴക്കോട്ട് പുത്തരിക്കണ്ടം വഴി കരമന വരെയും ആയിരിക്കും ഒന്നാം ഘട്ടം. പള്ളിപ്പുറത്തുനിന്നും തുടങ്ങി കഴക്കൂട്ടം, കാര്യവട്ടം വഴി ദേശീയപാതയിലൂടെ പട്ടം വഴി കരമനയെത്തുകയെന്നതായിരുന്നു ആദ്യ പദ്ധതി.
മെട്രോ സ്റ്റേഷനില്‍ നിന്നും പ്രതിദിനം 7,000 യാത്രക്കാരുണ്ടായാല്‍ പദ്ധതി ലാഭകരമാവുമെന്നായിരുന്നു ആദ്യ പദ്ധതി തയാറാക്കിയ മെട്രോമാന്‍ ഇ ശ്രീധരന്റെ കണക്കുകൂട്ടല്‍. വാഹനബാഹുല്യവും ആവശ്യമായ ഗതാഗത സൗകര്യവുമുള്ള ദേശീയപാത വഴിയുള്ള മെട്രോയിലെ ഒരു സ്റ്റേഷനില്‍ പ്രതിദിനം 7,000 പോയിട്ട് 500 പേരെ പ്രതിദിനം കിട്ടിയാല്‍ ഭാഗ്യം. മാത്രമല്ല, കെഎസ്ആര്‍ടിസിയുടെ ഈ മേഖലയിലെ സര്‍വീസുകള്‍ തന്നെ അടച്ചുപൂട്ടേണ്ടിയും വരും. ഈ സാഹചര്യം കണക്കിലെടുത്ത് ടെക്നോസിറ്റി മുതല്‍ കഴക്കൂട്ടം വരെയുള്ള ദേശീയപാത വഴിയുള്ള സഞ്ചാരപഥം ഉപേക്ഷിക്കാനും കൊച്ചി മെട്രോ കോര്‍പറേഷന്‍ ഉദ്ദേശിക്കുന്നു. ടെക്നോസിറ്റിയും തൊട്ടടുത്ത ബയോപാര്‍ക്കും ഡിജിറ്റല്‍ സര്‍വകലാശാലയും പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ആകാശപാത വഴി ആ മേഖലയിലേക്ക് കഴക്കൂട്ടത്തുനിന്നും സഞ്ചാരപഥം നീട്ടാനാണ് ഉദ്ദേശം.
പുതുക്കിയ ഡിപിആര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതനുസരിച്ച് കഴക്കൂട്ടം-കരമന മെട്രോ പദ്ധതിയുടെ ഷണ്ടിങ് യാര്‍ഡ് കഴക്കൂട്ടം ടെക്നോപാര്‍ക്കിന് സമീപത്താകും സ്ഥാപിക്കുക. കഴക്കൂട്ടം മുതല്‍ ചാക്ക വരെ അങ്ങോളമിങ്ങോളം ധാരാളം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുള്ളതിനാല്‍ സ്ഥലമേറ്റെടുക്കുന്നതിനുള്ള ഭീമമായ ചെലവും ഒഴിവാകും. ആയിരക്കണക്കിന് ജീവനക്കാര്‍ പണിയെടുക്കുന്ന കേരള സര്‍വകലാശാല കാമ്പസ്, 74,000 ജീവനക്കാരുള്ള ടെക്നോപാര്‍ക്ക്, പ്രതിദിനം പതിനായിരങ്ങള്‍ വന്നുപോകുന്ന ലുലുമാള്‍, ട്രാവന്‍കൂര്‍ മാള്‍, വ്യാപാര സമുച്ചയങ്ങള്‍, മുന്നൂറോളം ഫ്ലാറ്റ് സമുച്ചയങ്ങള്‍ എന്നിവ തലസ്ഥാന മെട്രോയെ ലാഭത്തിലാക്കാന്‍ സഹായിക്കുമെന്നും ഡിപിആറില്‍ വിലയിരുത്തലുണ്ട്.
ഡിപിആറിന് ഈ മാസം തന്നെ അനുമതി ലഭിക്കുമെന്നാണ് സൂചന. കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ നേരത്തെതന്നെ അനുമതി നല്കിയതിനാല്‍ പൂര്‍ണാനുമതിക്ക് ഇനി ഒരു ഔപചാരികതയേ വേണ്ടൂ. പദ്ധതിച്ചെലവിനുള്ള പണം ഫ്രഞ്ച് വായ്പാ ഏജന്‍സിയും സംസ്ഥാനത്തെ ദേശസാല്‍കൃത ബാങ്കുകളും ഇതിനകം വാഗ്ദാനം ചെയ്തുകഴിഞ്ഞതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകില്ല. ഏപ്രിലോടുകൂടി കേന്ദ്രാനുമതി കൂടി ലഭിച്ചാല്‍ ഈ വര്‍ഷം സെപ്റ്റംബറോടുകൂടി മെട്രോ പദ്ധതിയുടെ പണി തുടങ്ങാനാവുമെന്ന് കൊച്ചി മെട്രോ വൃത്തങ്ങള്‍ ‘ജനയുഗ’ത്തോട് വെളിപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.