ജില്ലാഭരണകൂടവും സാമൂഹ്യനീതി വകുപ്പും ട്രോമാകെയറും ചേർന്ന് നടപ്പിലാക്കുന്ന കെയർ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ക്ലേശകരമായ സാഹചര്യങ്ങളിൽ ഒറ്റപ്പെട്ടുകഴിയുന്നവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവരെ അടിയന്തര സാഹചര്യങ്ങളിൽ മോചിപ്പിക്കുകയും പുനരധിവസിക്കുകയും ചെയ്യുക എന്നതാണ് കെയർ പദ്ധതിയുടെ ലക്ഷ്യം. പ്രകൃതി ദുരന്തങ്ങൾ, മഹാരോഗങ്ങൾ തുടങ്ങിയ അടിയന്തരസാഹചര്യങ്ങളിൽ പരിശീലനം ലഭിച്ച കെയർ പ്രവർത്തകർ നേരിട്ടെത്തി സംരക്ഷണം നൽകുകയും ആവശ്യമെങ്കിൽ ചികിത്സ ലഭ്യമാക്കുകയും ചെയ്യും.
അതിക്രമങ്ങൾ നേരിട്ടിട്ടുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കുന്നതിന് സഹായം നൽകാനും കെയർ പദ്ധതിയിലെ വളന്റിയർമാർ പ്രാപ്തരാണ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കലക്ടർ വി ആർ വിനോദ് പദ്ധതി ഉദ്ഘാടനം ചെയ്തു. എഡിഎം എൻ എം മഹറലി അധ്യക്ഷത വഹിച്ചു. ബ്രോഷർ പ്രകാശനം ജില്ലാ സബ് ജഡ്ജ് ഷാബിർ ഇബ്രാഹിം അസി. കലക്ടർ വി എം ആര്യയ്ക്ക് നൽകി നിർവഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ്, വനിതാശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ ആശാമോൾ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ മുഹമ്മദ്, മലപ്പുറം ഡിവൈഎസ്പി പ്രേംജിത്, കുടുംബശ്രീ മിഷൻ ജില്ലാ കോ- ഓഡിനേറ്റർ മുഹമ്മദ്, സാമൂഹ്യസുരക്ഷാമിഷൻ കോ- ഓഡിനേറ്റർ സി ജാഫർ, വയോജന കൗൺസിൽ അംഗം വിജയലക്ഷ്മി,
ഭിന്നശേഷി കൗൺസിൽ അംഗം സിനിൽദാസ്, കെയർ പദ്ധതി കോ- ഓഡിനേറ്റർ കെ സി അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.