16 January 2026, Friday

Related news

January 14, 2026
January 13, 2026
January 8, 2026
January 5, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 24, 2025
December 23, 2025

ചരക്കുകപ്പല്‍ അപകടം; എണ്ണ നീക്കംചെയ്യല്‍ മുടങ്ങി

Janayugom Webdesk
കൊച്ചി
June 24, 2025 9:28 pm

ആലപ്പുഴ തീരത്തുനിന്നു 14.6 നോട്ടിക്കൽ മൈൽ ദൂരത്ത് പുറംകടലിൽ മുങ്ങിയ എൽസ 3 എന്ന ചരക്ക് കപ്പലിൽ നിന്ന് എണ്ണയടക്കം നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. എണ്ണ നീക്കം ചെയ്യാനും കപ്പലിന്റെ അവശിഷ്ടങ്ങളും മാരക രാസ പദാർഥങ്ങൾ അടങ്ങിയ കണ്ടെയ്നറുകളും നീക്കം ചെയ്യാന്‍ കൊണ്ടുവന്ന ടി ആൻഡ് ടി സാൽവേജ് എന്ന കമ്പനി പണി നിർത്തി വെച്ചതായി മെർക്കൻന്റൈല്‍ മറൈൻ ഡിപ്പാർട്മെന്റ് അധികൃതർ പറയുന്നു.
കടലിന്റെ അടിത്തട്ടിൽ ഏകദേശം 54 മീറ്റർ ആഴത്തിൽ കിടക്കുന്ന എൽസ 3 യിൽ നിന്ന് എണ്ണ നീക്കം ചെയ്യാനും ചരക്കുകളും കപ്പലിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാനുമുള്ള സാങ്കേതിക പരിജ്ഞാനം ഇല്ല എന്ന് പറഞ്ഞാണ് പിന്മാറിയതെന്നു കപ്പൽ ഉടമകൾ ഡി ജി ഷിപ്പിംഗ് അധികൃതരെ അറിയിച്ചു. ജൂൺ 12 നു ഇവരുടെ മുങ്ങൽ വിദഗ്ധർ കടലിന്റെ അടിത്തട്ടിൽ എത്തി ചോർച്ചയുണ്ടായിരുന്ന എണ്ണ ടാങ്കിലെ പൈപ്പുകൾ സീൽ ചെയ്യുകയും ഇതിന്റെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

ഹോട് ടാപ്പിങ് സാങ്കേതിക വിദ്യയിലൂടെ എണ്ണ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ മൂന്നു ദിവസത്തിനകം ആരംഭിക്കുമെന്നാണ് ആ ഘട്ടത്തിൽ എംഎസ്‌സി അധികൃതർ പറഞ്ഞിരുന്നത്. കാലവർഷം തുടങ്ങിയതിനാൽ കടൽ പ്രക്ഷുബ്ധമാണെന്നും ദീർഘ നേരം കടലിനടിയിൽ നിന്ന് പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും കപ്പൽ ഉടമകൾ പറയുന്നു. കടൽ ശാന്തമാവുന്ന മുറയ്ക്ക് പുതിയ സാൽവേജ് ടീമിനെ എത്തിക്കാം എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള തെക്കു കിഴക്കൻ കാലവർഷ സമയത്തു കേരളത്തിന്റെ തീരക്കടൽ പൊതുവെ പ്രക്ഷുബ്ധമായിരിക്കും. അതിനാൽ അടുത്തെങ്ങും കപ്പലിൽ നിന്ന് എണ്ണ നീക്കം ചെയ്യുന്ന പ്രവൃത്തികൾ ആരംഭിക്കാൻ ഇടയില്ലെന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു.

കപ്പലിലെ എണ്ണ സംഭരണ ടാങ്കുകൾ സീൽ ചെയ്തതിനാൽ നിലവിൽ എണ്ണ ചോർച്ചയുടെ ഭീഷണിയില്ല എന്ന് വാദിക്കാം, പക്ഷെ മുങ്ങിയ കപ്പലിലെ 12 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ് എന്ന രാസ വസ്തുവാണുള്ളത്. മറ്റൊരു കണ്ടെയ്നറിൽ ആന്റി ഓക്സിഡന്റ് റബ്ബർ കെമിക്കലുമുണ്ട്. ഇവ തീരക്കടലിൽ വെള്ളവുമായി രാസപ്രവർത്തനം നടന്നാൽ അത് കടലിലെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിച്ചേക്കാം. അപകടം കഴിഞ്ഞ ശേഷം മൽസ്യ കച്ചവടത്തിൽ കനത്ത മാന്ദ്യം സംഭവിച്ചിട്ടുണ്ടെന്നും രാസവസ്തുക്കൾ ഉടനടി നീക്കം ചെയ്തില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാവുമെന്ന് മത്സ്യത്തൊഴിലായി സംഘടനകൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.